1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപകമായി പടർന്നുപിടിച്ചതിനെ തുടർന്ന് ഡെൻമാർക്കിനെ ബ്രിട്ടന്റെ ട്രാവൽ കോറിഡോർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ ഇന്ന് പുലർച്ചെ 4 മുതൽ ഡെന്മാർക്കിൽ നിന്ന് യുകെയിൽ എത്തുന്ന ആളുകൾ 14 ദിവസത്തേക്ക് സെൽഫ് ഐസോലേഷനിൽ പോകേണ്ടിവരും.

“ഇത് നിലവിൽ ഡെൻമാർക്കിലുള്ള ആളുകൾക്കും യുകെയിലെ ജനങ്ങൾക്കും ഏറെ നിർണായകമാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അതിനാലാണ് ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും യുകെയിലേക്ക് വൈറസ് പടരാതിരിക്കുന്നതിനും വേഗത്തിൽ ഇങ്ങനെയൊരു നീക്കം,” ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

“പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ അർത്ഥമാക്കുന്നത് അവധി ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിനായി വീട്ടിൽ നിന്ന് പുറത്തു പോകരുത് എന്നാണ്. വിദേശത്ത് നിന്ന് വരുന്നവരിൽ നിന്നുള്ള അണുബാധയെന്ന അപകട സാധ്യത ലഘൂകരിക്കുന്നതിന്റെ ഭാഗമാണിത്. ബ്രിട്ടീഷ് സർക്കാരിന്റെ കൊവിഡ് -19 പ്രതിരോധത്തിന്റെ നിർണായക ഭാഗമാണ് ട്രാവൽ കോറിഡോർ നയം,” ഷാപ്സ് കൂട്ടിച്ചേർത്തു.

ഒക്ടോബർ 25 നാണ് ഡെൻമാർക്കിനെ ട്രാവൽ കോറിഡോർ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങളേയും ഈ പട്ടികയിൽ നിന്ന് നേരത്തെ നീക്കം ചെയ്തിരുന്നു. ജർമനിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ കൊവിഡ് ചികിത്സ നേടുന്ന രോഗികളുടെ എണ്ണം സർകാല റെക്കോറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ലിവർപൂളിൽ സർക്കാരിന്റെ കൂട്ട കൊവിഡ് പരിശോധനാ കാമ്പയിനായ ഓപ്പറേഷൻ മൂൺഷോട്ടിന് തുടക്കമാകുന്നു. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൊവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നയത്തിന്റെ ഭാഗമായാണിത്, ഈ പൈലറ്റ് സ്കീമിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽപ്പോലും അരലക്ഷം ആളുകളെ ടെസ്റ്റിന് വിധേയരാക്കും.

ലാബിന്റെ ആവശ്യമില്ലാതെ തന്നെ ഒരു മണിക്കൂറിനുള്ളിൽ ഫലങ്ങൾ നൽകുന്ന സ്വാബ് ടെസ്റ്റുകളും പുതിയ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും സംയോജിപ്പിക്കുന്ന നൂതന റാപ്പിഡ് ടെസ്റ്റാണ് ലിവർപൂളിൽ പരീക്ഷിക്കുന്നത്. മിലിട്ടറിയിലെ രണ്ടായിരത്തോളം അംഗങ്ങൾ ഈ ദൌത്യത്തിൽ എൻ‌എച്ച്എസ് ജീവനക്കാരെ സഹായിക്കാൻ രംഗത്തുണ്ട്.

അതിനിടെ ലോക്ക്ഡൗൺ വിരുദ്ധ പ്രകടനത്തിനിടെ 104 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് ലണ്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം അരങ്ങേറിയത്. ട്രാഫൽഗർ സ്‌ക്വയറിനടുത്ത് ഒരു വലിയ സംഘം പോലീസ് നിലയുറപ്പിച്ചൊരുന്നു. ഇവിടെയെത്തിയ പ്രതിഷേധക്കാരെ പോലീസ് വൈകുന്നേരം ഏഴു മണിയോടെ വിരട്ടിയോടിച്ചു. പ്രതിഷേധക്കാരുടെ ചെറിയ സംഘങ്ങൾ ഓക്സ്ഫോർഡ് സ്ട്രീറ്റിലും സ്ട്രാൻഡിലും തുടർന്നു.

ഈ ഒത്തുചേരൽ നിയമവിരുദ്ധമാണെന്നും മറ്റുള്ളവരെക്കൂടി അപകടത്തിലാക്കുന്നു എന്നുമുള്ള മെട്രോപൊളിറ്റൻ പോലീസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ലോക്ക്ഡൗൺ കാലത്തെ ഫർലോഗ് സ്‌കീം അടുത്ത വർഷം മാർച്ച് വരെ നീട്ടിയ സർക്കാർ നടപടിയ്ക്ക് സമ്മിശ്ര പ്രതികരണം. രാജ്യത്ത് രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ നിലവിൽ വന്നതിന്റെ തൊട്ടുപിന്നാലെയാണ് ചാൻസലർ റിഷി സുനക് പാര്ലമെന്റിൽ പുതിയ പ്രഖ്യാപനം നടത്തിയത്. നിലവിലെ ഫർലോഗ് പദ്ധതി ഒക്ടോബർ 31 ന് അവസാനിച്ചിരുന്നു.

കൊവിഡിന്റെ പിടിയിൽ നിന്ന് രാജ്യം മുക്തി നേടുന്നത് മന്ദഗതിയിലായതും ബിസിനസുകൾ വരും വർഷവും കടുത്ത സാമ്പത്തിക അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അതേസമയം ഡിസംബർ രണ്ടിന് ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ കാലം രാജ്യം ലോക്ക്ഡൗണിലാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.