1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നതായി സൂചന. ഫ്രാന്‍സില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ചൈനീസ് സര്‍ക്കാറിന്റെ കണക്ക്. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കൊറോണ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രി ചൈനീസ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, തായ്‌വാന്‍, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചൈനയില്‍ പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്. കോറോണ വൈറസിൻറെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാൻ നഗരത്തിൽ നിന്നാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരമാണ് വുഹാൻ. വുഹാനും മറ്റു നഗരങ്ങളും അടച്ചിരിക്കുകയാണ്. നാല് കോടിയോളം പേരാണ് ഈ നഗരങ്ങളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.

അതേ സമയം വുഹാനിൽ കുടുങ്ങിയ അൻപതോളം മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് ബെയ്ജിങിലെ ഇന്ത്യൻ എംബസി അറിയിച്ചു. അതിനിടെ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേപ്പാളിൽ ഒരു വിദ്യാർത്ഥിക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാൻ നഗരത്തിൽ നിന്നും മടങ്ങിയെത്തിയ നേപ്പാൾ സ്വദേശിയായ വിദ്യാർത്ഥിക്കാണ് വൈറസ് ബാധയേററത്.

ഇന്ത്യയിലാകട്ടെ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 11 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏഴ് പേർ കേരളത്തിലും രണ്ട് പേർ മുംബൈയിലും, ഓരോരുത്തർ വീതം ബെംഗളൂരുവിലും മുംബൈയിലും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. എന്നാൽ 11 പേരിൽ മുംബൈയിൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടേയും ഹൈദരാബാദിലും ബെഗംളൂരുവിലും ആശുപത്രിയിൽ കഴിയുന്നവർക്കും രോഗബാധയില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.