1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2020

സ്വന്തം ലേഖകൻ: തമിഴ്‌നാടില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് 19 കേസ് ഡൊമസ്റ്റിക് കേസാണെന്ന് ആരോഗ്യമന്ത്രി സി വിജയകുമാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ കൊവിഡ് സമൂഹവ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തിയെന്ന നിലക്കുള്ള ചര്‍ച്ചകള്‍ ശക്തമായി മുന്നോട്ടു വരുന്നത്. ഇന്ത്യയില്‍ കൊവിഡ് മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യതയെന്നും ഇനി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കല്‍ കടുപ്പമായിരിക്കുമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ചൈന, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം കൊവിഡിന്റെ അടുത്ത ഹോട്ട്‌സ്‌പോട്ടാകാന്‍ സാധ്യത ഇന്ത്യക്കാണെന്നും ഇവിടെയുള്ള മൊത്തം ജനങ്ങളില്‍ 60 ശതമാനം വരെ ആളുകള്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടൈന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങിനെ 60 ശതമാനത്തിലെത്തിയാല്‍ 80 കോടി ജനങ്ങളെയായിരിക്കും രോഗം ബാധിക്കുകയെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്‌സ്, ആന്റ് പോളസി ഡയറക്ടറായ രമണന്‍ ലക്ഷമിനാരാണന്‍ ദി വൈറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാം ഗൗരവമായ കേസുകളോ മരണത്തിലേക്കോ നയിച്ചില്ലെങ്കില്‍ പോലും കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങള്‍ ഭയപ്പെടുത്തുന്നത് തന്നെയായിരിക്കും.

സമൂഹവ്യാപനം ഇന്ത്യയില്‍ ആരംഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ വിദഗ്ദ്ധര്‍ പറയുന്നതിന് ചില കാരണങ്ങള്‍ ഉണ്ട. ഇനി അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് അറിയാന്‍ സാധിക്കാത്തതെന്നും അടുത്ത നടപടി എന്തായിരിക്കണമെന്നും ഇവര്‍ പറയുന്നു.

കൊവിഡ് ബാധിച്ച രാജ്യങ്ങളില്‍ പോകാത്ത, കൊവിഡ് പോസറ്റീവ് ആയ ആളുമായി നേരിട്ട് ബന്ധപ്പെടാത്ത ഒരാള്‍ക്ക് കൊവിഡ് വന്നാലാണ് കൊവിഡിന്റെ സമൂഹവ്യാപനം നടന്നു എന്ന് കണക്കുന്നത്. ആരില്‍ നിന്നുമാണ് രോഗം വന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ച തമിഴ്‌നാടിലെ കേസ് ഇതിന്റെ ഉദാഹരണമാണ്.

ഇന്ത്യയില്‍ കൊവിഡിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടാകാന്‍ തന്നെയാണ് എല്ലാ സാധ്യതയെന്നും ഇത് കൃത്യമായി അറിയുന്നതിന് ആവശ്യമായ അത്രയും ടെസ്റ്റുകള്‍ നടത്താത്തതുകൊണ്ടാണ് വിവരങ്ങള്‍ പുറത്തുവരാത്തതെന്നും ആരോഗ്യ വിദഗ്ദ്ധനായ രമണന്‍ ലക്ഷമിനാരാണന്‍ പറയുന്നു.

കൊവിഡ് പടര്‍ന്ന മറ്റു രാജ്യങ്ങളെപ്പോലെ ഏകദേശം മൂന്നാഴ്ചക്ക് മുന്‍പ് തന്നെ ഇന്ത്യയിലും സമൂഹ വ്യാപനം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് എല്ലാ രാജ്യങ്ങളിലും ഒരുപോലെ തന്നെയാണ് പ്രവര്‍ത്തിക്കുക, ഇന്ത്യയില്‍ മാത്രം ഇത് വ്യാപിക്കുന്നതിന് വ്യത്യാസമൊന്നുമുണ്ടാകില്ല. പക്ഷെ 134 കോടി ജനങ്ങളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് സമൂഹവ്യാപനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് ആവശ്യമായ തരത്തില്‍ ടെസ്റ്റിംഗ് നടക്കുന്നില്ല. ‘ അദ്ദേഹം അറിയിച്ചു

പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത, ഇതുവരെ ടെസ്റ്റ് ചെയ്യപ്പെടാത്ത ആളുകളില്‍ നിന്നും അവരറിയാതെ തന്നെ മറ്റു ആളുകളിലേക്ക് രോഗം പടരും എന്നത് തന്നെയാണ് സമൂഹവ്യാപനത്തിന്റെ ഏറ്റവും അപകടകരമായ വശം. കൂടാതെ ഇത് കൊവിഡ് പടരുന്നത് ട്രേസ് ചെയ്യുക എന്നത് ഏറെ ശ്രമകരവും പലപ്പോഴും അസാധ്യവുമാക്കി തീര്‍ക്കും.

ഇന്ത്യയില്‍ 160ലേറെ കൊവിഡ് പൊസിറ്റീവ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊവിഡിനെ നേരിടുന്ന രീതിയില്‍ ഇന്ത്യ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

സാഹചര്യം വളരെ വേഗത്തില്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. രോഗബാധിതരെ കണ്ടെത്തി, ഐസോലേറ്റ് ചെയ്യുന്നതോടൊപ്പം കൂടുതല്‍ പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കുകയും വേണം. എന്നാല്‍ മാത്രമേ എല്ലാ കേസുകളും ട്രേസ് ചെയ്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കൂ എന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടറായ ഡോ. പൂനം ഖേത്രാപാല്‍ സിംഗ് നിര്‍ദേശിച്ചിരുന്നു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ കൊവിഡിന്റെ പുതിയ കേസുകള്‍ കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനുമായി 2000 പേരുടെ റാന്‍ഡം സാംപിള്‍ ടെസ്റ്റിംഗ് നടത്തുന്നുണ്ട്. ശ്വാസകോശ അണുബാധ, ന്യുമോണിയ തുടങ്ങിയവ ഉള്ളവരിലാണ് പ്രധമായും ഇത് നടത്തുന്നത്. പക്ഷെ 2000 എന്നത് വളരെ ചെറിയ നമ്പറാണെന്നും കൊവിഡിനെ തടയാന്‍ ഇത് മതിയാകില്ലെന്നുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഇതുവരെയുമുള്ള റിപ്പോര്‍ട്ട്.

ഈ പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില്‍ വളരെ കുറച്ച് കേസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. പക്ഷെ തുടങ്ങിയാല്‍ ഇത് കാട്ടുതീ പോലെ പടരും. അതുകൊണ്ടു തന്നെ കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്യുക മാത്രമാണ് ഇതിനുള്ള വഴി. ഇറ്റലിയും ദക്ഷിണ കൊറിയയും തന്നെയാണ് ഇതിനുള്ള പ്രധാന ഉദാഹരണങ്ങളെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കാരണം ദക്ഷിണ കൊറിയ ആവശ്യമായ എണ്ണത്തിലും രീതിയിലും ടെസ്റ്റ് നടത്തിയിരുന്നു. അതുകൊണ്ടാണ് ചൈനക്ക് ശേഷം കൊവിഡ് പടര്‍ന്ന് പിടിച്ചിട്ടും വളരെ വേഗത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനായത്.

ജനുവരി 20ന് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ രോഗബാധ ഉണ്ടായത് 8,300 പേരിലും തുടര്‍ന്ന് 81 പേരുമാണ് മരിച്ചത്. അതേ സമയം ജനുവരി 30ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഇതുവരെ 2500 പേര്‍ മരിച്ചുകഴിഞ്ഞു. 31,000 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളത്. രോഗം പടരാന്‍ തുടങ്ങിയ സമയത്ത് തന്നെ മാസ് ടെസ്റ്റിംഗ് നടത്തിയതാണ് ദക്ഷിണ കൊറിയയെ മഹാമാരിയില്‍ നിന്നും രക്ഷിച്ചത്.

80 ശതമാനം ആളുകള്‍ക്ക് ഗൗരവമല്ലാത്ത രീതിയില്‍ അസുഖം ബാധിച്ചിട്ടുണ്ടെന്ന് കരുതുക, അഞ്ച് ശതമാനം ആളുകളെ മാത്രം ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ടെന്ന വെച്ച്് പ്രയോജനമുണ്ടാകില്ല. മറ്റുള്ളവരില്‍ നിന്ന് നിരവധി പേര്‍ക്ക അതിനകം കൊവിഡ് പടര്‍ന്നുപിടിക്കും. ക്വാറന്റൈനും ഐസോലേഷനും കൃത്യമായി പാലിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്‌നമാണിത്. ഇറ്റലി, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചതെന്നും ഇവര്‍ പറയുന്നു.

ആശുപത്രികളില്‍ ടെസ്റ്റിംഗിനായി കൂടുതല്‍ സൗകര്യമൊരുക്കണമെന്നും ചെറിയ രോഗലക്ഷണങ്ങള്‍ പോലുമുള്ളവര്‍ സ്വയം തന്നെ റിപ്പോര്‍ട്ട് ചെയ്യാനും സെല്‍ഫ് ക്വാറന്റൈനും ഐസോലേഷനും വിധേയമാകാനും തയ്യാറാകണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ദിവസവും 10,000 പേരെ എന്ന നിലയിലെങ്കിലും ടെസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ ഇതുവരെ 11,500 പേരെ മാത്രമേ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് ആരോഗ്യ വിദഗ്ദ്ധന്‍ രമണന്‍ ലക്ഷമിനാരായണന്‍ പറയുന്നു. ഇപ്പോഴെങ്കിലും കൂടുതല്‍ പേരില്‍ ടെസ്റ്റിംഗ് നടത്തിയില്ലെങ്കില്‍ വല്ലാതെ വൈകിപ്പോകുമെന്നും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ 10,000ത്തിലേറെ തിരിച്ചറിയാത്ത കൊവിഡ് കേസുകള്‍ ഉണ്ടാകാനാണ് സാധ്യതയെന്നും മറ്റു രാജ്യങ്ങളിലെ സാഹചര്യത്തോട് താരതമ്യം ചെയ്തുകൊണ്ട് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവരെ കൃത്യമായ ടെസ്റ്റിംഗിനും നിരീക്ഷണത്തിനും വിധേയമാക്കാനും സ്‌കൂളുകളും കോളേജുകളും അടച്ചും പൊതുപരിപാടികള്‍ ഒഴിവാക്കാനും സ്വീകരിച്ച സര്‍ക്കാര്‍ നടപടികള്‍ ഏറെ ഗുണകരമാണ്. പക്ഷെ മാസ് ടെസ്റ്റിംഗ് നടപ്പാക്കിയില്ലെങ്കില്‍ ഇതെല്ലാം ഉപകാരപ്രദമാകാതെ പോകുമെന്നും അതിനാല്‍ എത്രയും വേഗം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.