1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2020

സ്വന്തം ലേഖകൻ: മദ്യം വാങ്ങാൻ വെർച്വൽ ക്യൂ തയാറാക്കുന്ന ബെവ്ക്യൂ ആപ്പ് ആണ് ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ആപ് തയാറായാലേ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിക്കൂ. അതിനാൽ മദ്യപർ ആപ് ഒരുങ്ങുന്നതും കാത്തിരിപ്പാണ്. എന്നാൽ തുടർച്ചയായി സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടത് ആപ് പുറത്തിറക്കുന്നതിനു തടസമായി. ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ അധികൃതര്‍ക്കും ധാരണയില്ല.

ആപ്പ് കാത്തിരിക്കുന്ന മദ്യപരുടെ അവസ്ഥ എന്തായിരിക്കും ? ഇതിനെ രസകരമായി ആവിഷ്കരിക്കുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതുവരെ ആപ്പിന് അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം തിരയുന്ന ആപ്പുകളിൽ ഒന്നാണ് ബെവ്ക്യൂ ആപ്പ്. മദ്യപന്മാരുടെ തിരച്ചിൽ കാരണം പ്ലേ സ്റ്റോർ പൊറുതിമുട്ടി എന്നാണ് ട്രോളന്മാർ പറയുന്നത്.

മൊബൈലിൽ കളിച്ചിരിക്കുന്നതിന് മക്കളെ ചീത്ത പറഞ്ഞിരുന്ന അച്ഛൻ ആപ്പ് വന്നോ എന്നു നോക്കാൻ പറയുന്നതു വരെയെത്തി കാര്യങ്ങൾ. ആപ്പ് വന്നോ എന്ന് ഇടയ്ക്കിടയ്ക്കു ചോദിക്കുന്ന മുത്തച്ഛന്മാരും ട്രോളുകളിൽ ഇടം നേടി.

സാധാരണ ഫോൺ മാറ്റി ഒരു സ്മാർട് ഫോൺ എടുത്താലോ എന്ന ചിന്തയിലാണ് പലരും. മാത്രമല്ല, ആപ്പിന്റെ കാര്യം പറഞ്ഞ് മക്കൾ മുതലെടുപ്പും തുടങ്ങി. ഇങ്ങനെ നിരവധി ട്രോളുകൾ ബെവ്ക്യൂവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കാണാം.

ബവ്റിജസ് കോർപ്പറേഷൻ വെർച്വൽ ക്യൂ ആപ്പ പ്ലേ സ്റ്റോറിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയാണ് അനുമതിക്കു വേണ്ട കാലാവധി. എന്നാൽ സർക്കാർ സ്ഥാപനമായതിനാൽ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.

മദ്യത്തിനായി കാത്തിരുന്ന് മടുത്ത ആവശ്യക്കാരുടെ വക ആപ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകളുടെ പ്രവാഹമാണ്.

ബെവ് ക്യൂ ആപ് എന്നിറങ്ങുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ട കാര്യം. ചിലര്‍ക്ക് ആപ് ഉടനെ വരുമോ എന്ന കാര്യം മാത്രം അറിഞ്ഞാല്‍ മതി. എന്നാല്‍ ഭൂരിഭാഗം കമന്റുകളും ആപ് വൈകുന്നതില്‍ കമ്പനിയെ ട്രോളിക്കൊണ്ടുള്ളതാണ്. എല്ലാവരുടേയും പ്രതീക്ഷ വാനോളം ഉയര്‍ത്തി ആപ് വൈകാതെ വരുമെന്ന മറുപടിയാണ് കമ്പനി നല്‍കുന്നത്.

നിങ്ങള്‍ക്കും രണ്ട് പെഗ് അടിച്ചാല്‍ കൊള്ളാമെന്നില്ലെ മച്ചാനെ എന്ന് വരെ ഫെയ്‌സ്ബുക്ക് കമന്റായി ചിലര്‍ ചോദിച്ചു. ശരിക്കും ഉണ്ട്, അതിന് വേണ്ടി മാത്രമാണ് ഈ ടെന്‍ഡറില്‍ പോലും പങ്കെടുത്തത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന കിടിലന്‍ മറുപടിയാണ് ഈ ചോദ്യത്തിന് കമ്പനി നല്‍കിയത്. ആപ് ഉടനെ ഇറക്കുമെന്ന ഉറപ്പും നല്‍കി.

ഭീഷണിയുടെ സ്വരം ഉയര്‍ത്തിയ സ്റ്റീഫന്‍ നെടുമ്പള്ളി ഉള്‍പ്പെടെയുള്ള കമന്റന്‍മാരേയും കമ്പനി സമാധാനിപ്പിക്കുന്നു. ആപ് വൈകുന്നതിനെതിരേയുള്ള ട്രോള്‍ വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്. കമന്റ് ബോക്‌സില്‍ ചോദ്യ ശരങ്ങള്‍ നിറയ്ക്കുന്നവരോടെല്ലാം വൈകാതെ ആപ് വരുമെന്നാണ് ഉറപ്പ് മാത്രമാണ് ഫെയര്‍കോഡ് ടെക്‌നോളജീസിന് നല്‍കാനുള്ളത്.

അതിനിടെ മദ്യവിതരണത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ബാറുകളിലെ സ്പെഷൽ കൗണ്ടറുകളിലൂടെ മാത്രമേ മദ്യം വിതരണം ചെയ്യാവൂ. വെർച്വൽ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ക്യൂആർ കോഡ് അധിഷ്ഠിതമായ ടോക്കൺ ലഭിക്കും. ലൈസൻസി മറ്റൊരു ആപ്പ് ഉപയോഗിച്ച് ഇ ടോക്കൺ പരിശോധിച്ച് മദ്യം വിതരണം ചെയ്യണം.

എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നവർക്ക് ഫോണിൽ എസ്എംഎസ് വഴി ടോക്കൺ കോഡ് ലഭിക്കും. ലൈസൻസി ആപ്പ് ഉപയോഗിച്ച് ഇത് പരിശോധിച്ച് മദ്യം നൽകണം. ഒരു തവണ മദ്യം വാങ്ങിയാല്‍ 4 ദിവസത്തിനുശേഷമേ മദ്യം വാങ്ങാനാകൂ. ആപ് ഉപയോഗിക്കേണ്ട രീതികളെ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പിന്നീട് പുറത്തിറക്കും.

മദ്യം വാങ്ങാൻ ക്യൂവിൽ നിൽക്കുന്നവർ തമ്മിൽ 6 അടി ശാരീരിക അകലം പാലിക്കണം. ഉപഭോക്താക്കളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ മദ്യം വാങ്ങാൻ അനുവദിക്കില്ല. 5 ഉപഭോക്താക്കളെ മാത്രമേ ഒരു സമയം ക്യൂവിൽ അനുവദിക്കൂ. ഇ ടോക്കൺ ഇല്ലാത്തവരെ അനുവദിക്കില്ല. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയായിരിക്കും പ്രവർത്തനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.