1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2020

സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും യാത്ര ചെയ്യേണ്ട തീയതിയും ലോക്ക് ഡൗൺ കാലയളവിലാണെങ്കിൽ ബുക്ക് ചെയ്ത ടിക്കറ്റ് നിരക്ക് മുഴുവനായും തിരികെ ലഭിക്കുമെന്നാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഉത്തരവ്.

എന്നാൽ മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവർ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്. ഇവർക്ക് ഇളവുകൾ ലഭിക്കില്ല എന്നുള്ളതാണ് നിലവിലെ വിവരം. ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സൽ ചെയ്യുമ്പോൾ ക്യാൻസലേഷന്‍ ചാര്‍ജും നല്‍കേണ്ടി വരും.

പ്രവാസികൾ അടക്കമുള്ള പല വിമാനയാത്രക്കാരും മുൻ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ്. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത ഇവർ വലിയൊരു തുക ഇനി ക്യാന്‍സലേഷന്‍ ചാര്‍ജായും നല്‍കേണ്ടി വരും. വിമാനക്കമ്പനി വിമാന സർവ്വീസ് നടത്താത്തിന് യാത്രക്കാരന്‍ കാശ് നൽകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

മുഴുവന്‍ റീഫണ്ട് അനുവദിക്കണമെങ്കില്‍ യാത്രക്കായി തെരഞ്ഞെടുത്ത തീയതി മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും ലോക്ഡൗണ്‍ കാലത്തായിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിചിത്ര ഉത്തരവ്. അതായത് ഈ വര്‍ഷം മാര്‍ച്ച് 25 നും ഏപ്രില്‍ 14 നും ഇടയിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രാ തീയതി മാര്‍ച്ച് 25 നും മെയ് മൂന്നിനും ഇടയിലും ആയിരിക്കണം. അതായത് ഈ കാലയളവിലെ യാത്രയ്ക്കായി മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ഇളവ് ലഭിക്കില്ല.

ക്കറ്റ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്ന് വച്ചാലും വിമാനക്കമ്പനികള്‍ക്ക് നിബന്ധനയുണ്ട്. 2021 മാര്‍ച്ച് 31 നകം യാത്ര ചെയ്തിരിക്കണം. പ്രവാസികള്‍ കൂടുതലും നാട്ടിലെത്തുന്ന ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലേക്കോ നാട്ടിലെ സ്കൂള്‍ അവധിക്കാലമായ ഏപ്രിൽ – മെയ് മാസങ്ങളിലേക്കോ ടിക്കറ്റ് മാറ്റാനാവില്ലെന്ന് സാരം.

കൊറോണ വൈറസിന്റെ പുതിയ കേസുകൾ രാജ്യത്തിനകത്തും പുറത്തും ഉയർന്നുവരുന്നതിനാൽ ജൂലൈക്ക് മുമ്പ് രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യയിൽ നിന്ന് പുറപ്പെടാൻ സാധ്യതയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയിൽ, വിദേശത്തു നിന്നുള്ള ആളുകളുടെ അനിയന്ത്രിതമായ വരവാണ് വൈറസ് പടരുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര യാത്രകൾ ഉടൻ ആരംഭിക്കാൻ സാധ്യതയില്ല.

നിലവില്‍ മെയ് 3 വരെ രാജ്യത്തിനകത്ത് വിമാന സര്‍വീസുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം എങ്ങനെ കൊടുക്കുമെന്ന ആലോചനയിലാണ് വിമാനക്കമ്പനികള്‍. താത്കാലിക പൈലറ്റുമാരെ പിരിച്ചുവിട്ടും ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചും ഏതാനും ആഭ്യന്തര കമ്പനികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര സർവ്വീസുകളും മറ്റും നീട്ടുന്നതോടെ കമ്പനികളുടെ പ്രതിസന്ധി രൂക്ഷമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.