1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2020

സ്വന്തം ലേഖകൻ: കൂടുതൽ മേഖലകൾ തുറന്ന് കോവിഡ് മാന്ദ്യം മറികടക്കാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. കാണികളെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ വീണ്ടും സജീവമാക്കാൻ കഴിഞ്ഞ ദിവസം ദുബായ് സ്പോർട്സ് കൗൺസിലും ദുബായ് പൊലീസും ചർച്ച നടത്തി. അടുത്ത മാസം വേൾഡ് ട്രേഡ് സെന്ററും തുറക്കും. പ്രധാന ആകർഷണമായ ദുബായ് മാളിലെ ഫൗണ്ടനും കഴിഞ്ഞദിവസം തുറന്നു.

സുരക്ഷാ മുൻകരുതലുകളോടെ ദുബായ് കോടതികളും തുറന്നു. അടഞ്ഞുകിടന്ന കാലയളവിൽ 11500 കേസുകൾ വിഡിയോ കോൺഫറൻസിലൂടെ വാദം കേട്ടെന്നും 95,000 ഹർജികൾ സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു.

ട്രേഡ് സെന്ററിൽ എക്സിബിഷനുകളും മറ്റ് പരിപാടികളും ജൂലൈയിൽത്തന്നെ തുടങ്ങാനാണ് തീരുമാനം. 2021ൽ നടത്തുന്ന അറബ് ഹെൽത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങിയതായും ദുബായ് ടൂറിസം വാണിജ്യ വിപണ അതോറിറ്റി ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമാറി അറിയിച്ചു.

ഖത്തറിൽ 1965 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 53,296 ആയി ഉയര്‍ന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 76,588 ആണ്. നിലവില്‍ 23,222 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 2,80,665 എത്തി.

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2985 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 520 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 911 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 34952 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 25048 ഉം ആയി ഉയർന്നു. പുതിയ രോഗികളി 86 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9722 ആയി.

24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 285 ആയി. നിലവിൽ 9619 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 172 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 330129 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

ആഫ്രിക്കയില്‍ രോഗ വ്യാപനം അതിവേഗം

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കോവിഡ് 19 പടരുന്നതിന്റെ വേഗത വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ ആഴ്ച്ചയില്‍ ആദ്യം ആഫ്രിക്കയില്‍ രണ്ട് ലക്ഷം കോവിഡ് രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ജനീവയില്‍ വെച്ചു ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കന്‍ മേഖലാ ഡയറക്ടര്‍ ഡോ. മറ്റ്ഷിഡിസോ മൊയേട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമാണ് ഇപ്പോള്‍ പ്രധാനമായും കോവിഡ് വ്യാപിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിലൂടെ എത്തിയ യാത്രികരിലൂടെയാണ് പ്രധാനമായും കോവിഡ് പകര്‍ന്നത്.

ആഫ്രിക്കയിലെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ ആധിക്യവും പകര്‍ച്ചവ്യാധികളെ നേരിട്ടുള്ള പരിചയവും ആഫ്രിക്കക്ക് തുണയായേക്കുമെന്ന സൂചനകളും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. തുടക്കം മുതലേ കോവിഡിനെതിരെ സ്വീകരിച്ച മുന്‍കരുതലുകളും ആഫ്രിക്കന്‍ രാജ്യങ്ങളെ തുടക്കത്തിലെങ്കിലും രോഗവ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചതായാണ് വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.