1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 നെ നേരിടാന്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്യേണ്ടതെന്ന് വുഹാനില്‍ താമസിക്കുന്ന മലയാളിയായ ഹൈഡ്രോബയോളജിസ്റ്റ് അരുണ്‍ജിത് ടി സത്രജിത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ വുഹാനില്‍ തന്നെ താമസിച്ചുപോരുകയായിരുന്നു അരുണ്‍ജിത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടായിരുന്നു അരുണ്‍ജിതിന്റെ പ്രതികരണം.

76 ദിവസത്തെ ലോക്ക് ഡൗണ്‍ ബുധനാഴ്ചയാണ് ചൈന പിന്‍വലിച്ചത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്ന് അരുണ്‍ജിത് പറഞ്ഞു.

“കഴിഞ്ഞ 76 ദിവസവും ഞാന്‍ എന്റെ മുറിയിലും ലാബിലും മാത്രമായിരുന്നു. എനിക്കിപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാരണം ഞാന്‍ ഈ ദിവസങ്ങളില്‍ ആരോടും സംസാരിച്ചിരുന്നില്ല. എല്ലാവരും മുറിക്കുള്ളില്‍ തന്നെയായിരുന്നു,” അദ്ദേഹം പറഞ്ഞു.

വുഹാനില്‍ രോഗം പടരുന്ന സമയത്ത് 700 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ അരുണ്‍ജിത് വുഹാനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഭാര്യയെയും കുട്ടിയെയും 50 വയസ് കഴിഞ്ഞ മാതാപിതാക്കളെയും അപകടത്തിലാക്കുമെന്നും അദ്ദേഹം കരുതി.

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് നന്നായെന്നും എന്നാല്‍ മണ്‍സൂണ്‍ വരാനിരിക്കെ ആളുകളുടെ രോഗപ്രതിരോധശേഷി കുറയുമെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രോഗത്തെ പ്രതിരോധിക്കാന്‍ വുഹാനില്‍ നിന്ന് എന്തെങ്കിലും മാതൃക സ്വീകരിക്കാനുണ്ടെങ്കില്‍ അത് ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയെന്നതും സ്വയം നിരീക്ഷണം പുലര്‍ത്തുക എന്നതാണെന്നും അരുണ്‍ജിത് പറഞ്ഞു. അരുണ്‍ജിതിന്റെ അഭിപ്രായത്തെ വുഹാനിലെ മറ്റൊരു ഇന്ത്യക്കാരനും പിന്തുണച്ചു.

“72 ദിവസം ഞാന്‍ എന്റെ മുറിയിലായിരുന്നു. എന്റെ അയല്‍വാസിയ്ക്ക് മൂന്ന് ചെറിയ കുട്ടികളാണ്. ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഞാന്‍ അവരെ കാണാന്‍ ശ്രമിച്ചില്ല,” പേര് വെളിപ്പെടുത്താത്ത ഇന്ത്യക്കാരന്‍ പി.ടി.ഐയോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.