1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2020

സ്വന്തം ലേഖകൻ: കൊവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബ്രിട്ടൻ മരണസംഖ്യ ഒറ്റയടിക്ക് അയ്യായിരം കുറച്ചു. സർക്കാർ നൽകുന്ന കണക്കിനേക്കാൾ പതിനായിരം പേരെങ്കിലും കൂടുതലായി കൊവിഡ് മൂലം മരിച്ചിട്ടുണ്ടാകുമെന്ന് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സും നഴ്സിങ് മേഖലയിലെ വിവിധ ചാരിറ്റികളും ആവർത്തിക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ വീണ്ടും ഔദ്യോഗിക മരണസംഖ്യ കുറച്ചു കാണിക്കുന്നത്.

കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടാനായി എന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമാണ് ബ്രിട്ടന്റെ ഈ നടപടി. ലിസ്റ്റിൽനിന്നും പുറത്തായവരുടെ കുടുംബങ്ങൾക്ക് കൊവിഡ് മൂലം മരിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളും സഹായങ്ങളും നഷ്ടമാകാൻ ഇത് ഇടയാക്കും.

കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയശേഷം 28 ദിവസത്തിനുള്ളിൽ മരിച്ചവരെ മാത്രം കൊവിഡ് മരണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിർദേശം. കൊവിഡ് മരണങ്ങൾ കണക്കാക്കുന്നതിനെക്കുറിച്ച് പുനഃപരിശോധന നടത്തിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ആണ് മാനദണ്ഡങ്ങൾ മാറ്റിക്കുറിക്കാൻ സർക്കാരിനോട് നിർദേശിച്ചത്.

46.706 ആയിരുന്നു ഇന്നലെ വരെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക സംഖ്യ. ഇതിൽ രോഗം സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളിൽ മരിച്ചവർ 41,329 ആണ്. ഇതായിരിക്കും ഇനി മുതൽ ബ്രിട്ടന്റെ ഔദ്യോഗിക കൊവിഡ് മരണ സംഖ്യ.

പ്രമുഖ റീട്ടെയ്ൽ സ്ഥാപനമായ മാർക്സ് ആൻഡ് സ്പെൻസറിൽ അടക്കം സാൻഡ്വിച്ചുകൾ വിതരണം ചെയ്യുന്ന ഫാക്ടറിയിലെ മുന്നൂറോളം തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ മാൾട്ടൺ പാർക്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഗ്രീൻകോർ ഫുഡ് കമ്പനിയിലെ 292 ജീവനക്കാർക്ക് കൊവിഡ് -19 പിടികൂടിയതായും സ്വയം ഒറ്റപ്പെടുത്തുന്നതായും വെളിപ്പെടുത്തി.

എൻ‌എച്ച്‌എസിൽ 79 പേർ പോസിറ്റീവ് ആണെന്ന് പ്രാദേശിക ആരോഗ്യ മേധാവികൾ പറഞ്ഞു. 213 പേരെ ഗ്രീൻ‌കോറിന്റെ സ്വകാര്യ പരിശോധന സംവിധാനത്തിലൂടെയാണ് കണ്ടെത്തിയത്. ഇതോടെ നോർത്താംപ്ടൺ ലോക്കൽ ലോക്ക്ഡൗണിലേക്ക് പോകുമെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്.

എ-ലെവൽ പരീക്ഷ ഫലങ്ങൾ പുറത്ത് വന്നപ്പോൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരക്കെ അതൃപ്തി. ലഭിച്ച എ-ലെവൽ ഗ്രേഡുകളിൽ 40% അധ്യാപകരുടെ പ്രവചനത്തേക്കാൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ, 36% ത്തോളം പേർക്ക് അധ്യാപകർ പ്രവചിച്ചതിനേക്കാൾ കുറഞ്ഞ ഗ്രേഡാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം ഫലം മികച്ചതാണെന്നും കൂടുതൽ ഗ്രേഡുകളാണ് വിദ്യാർഥികൾ നേടിയതെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങൾ മൊത്തത്തിലുള്ള ഫലം എ*, എ ഗ്രേഡുകളിൽ റെക്കോർഡ് വർധന കാണിക്കുന്നു.

എന്നാൽ നിരവധി കോളേജുകളിൽ സ്കൂൾ-അസസ്മെന്റ് ഗ്രേഡുകളിൽ പകുതിയിലധികം മോഡറേഷനെ തുടർന്ന് താഴേക്ക് പോയതായി അസോസിയേഷൻ ഓഫ് കോളേജ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഹ്യൂസ് പറഞ്ഞു. ഒരു സ്കൂളിനോ കോളേജിനോ അപ്പീൽ നൽകുന്നതിന് ഫീസ് ഈടാക്കുന്നത് ഒഴിവാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഹെഡ്സ് യൂണിയൻ എൻ‌എ‌എച്ച്‌ടി നേതാവ് പോൾ വൈറ്റ്മാൻ ആവശ്യപ്പെട്ടു.

ഉയർന്ന ഗ്രേഡുകളിൽ മൊത്തത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, സ്കൂൾ, വിദ്യാർത്ഥി തലങ്ങളിലെ ആകെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയാണ് എന്നാണ് വിലയിരുത്തൽ. അതേസമയം പതിവു പോലെ മലയാളി വിദ്യാർത്ഥികൾ മികച്ച വിജയമാണ് സ്വന്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.