1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലെസ്റ്ററിന് പിന്നാലെ കൊവിഡിൽ കുടുങ്ങി ബെഡ്ഫോർഡ്ഷയറിലെ ലൂട്ടൺ, ലങ്കാഷെയറിലെ ഡാർവെൻ ആൻഡ് ബ്ലാക്ക്ബേൺ എന്നീ മേഖലകൾ. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) രണ്ട് പ്രദേശങ്ങളേയും “ഇടപെടൽ മേഖല“ ആയി നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആദ്യ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളുടെ കൂട്ടത്തിലേക്ക് ഇവയും നീങ്ങുമോയെന്ന ആശങ്ക വ്യാപകമാണ്.

എന്നാൽ ലൂട്ടനിലോ ബ്ലാക്ക്ബേണിലോ ലെസ്റ്റർ മാതൃകയിലുള്ള ലോക്ക്ഡൗണിന് സാധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പകരം ജിമ്മുകളും ഒഴിവുസമയ കേന്ദ്രങ്ങളും വീണ്ടും തുറക്കുന്നത് ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങളുടെ ദേശീയ ഇളവുകൾ ഈ വാരാന്ത്യത്തിൽ നിലവിൽ വരുമ്പോൾ ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും.

ഇംഗ്ലണ്ടിൽ ഇന്നു മുതൽ ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാതെ ഷോപ്പിങ്ങിനെത്തുന്നവർക്ക് കടകളിൽ പ്രവേശനം ഉണ്ടാകില്ല. ബലമായി കടകളിൽ പ്രവേശിച്ച് നിയമം അനുസരിക്കാൻ തയാറാകാത്തവർക്ക് 100 പൗണ്ട് പിഴ ശിക്ഷ ലഭിക്കും. 14 ദിവസത്തിനുള്ളിൽ ഈ പിഴത്തുക ഒടുക്കിയാൽ പകുതി തുക തിരികെ ലഭിക്കും.

നിയമലംഘകരെ കണ്ടെത്താൻ തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും പൊലീസും ലോ എൻഫോഴ്സ്മെന്റ് ഓഫിസർമാരും മിന്നൽ പരിശോധന നടത്തും. പബ്ലിക് ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, പൊലീസ് ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി സപ്പോർട്ട് വർക്കർമാർ, എമർജൻസി –മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫ്, സായുധസേനാംഗങ്ങൾ തുടങ്ങിയവർക്ക് അവരുടെ ജോലിയുടെ ഭാഗമായി മാസ്ക് ഒഴിവാക്കാൻ അവകാശമുണ്ടാകും. ഫെറികളിൽ യാത്രചെയ്യുമ്പോൾ സ്വന്തം വാഹനത്തിനുള്ളിലാണെങ്കിൽ മാസ്ക് ധരിക്കേണ്ടതില്ല.

സ്കോട്ട്ലൻഡിൽ ഇപ്പോൾതന്നെ പൊതു നിരത്തുകളിലും വ്യാപാരസ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാണ്. വെയിൽസിലും മാസ്ക് ധരിച്ചു മാത്രമേ ബസിസും ട്രെയിനിലും മറ്റും സഞ്ചരിക്കാനാകൂ. ഇംഗ്ലണ്ടിൽ നേരത്തെ പൊതുഗതാഗത സംവിധാനങ്ങളിലും യൂബർ ടാക്സിയിലും എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയിരുന്നെങ്കിലും വ്യാപാര സ്ഥാപനങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.