1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2020

സ്വന്തം ലേഖകൻ: കോവിഡ്-19 പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഒട്ടുമിക്ക രാജ്യങ്ങളിലും. ഇന്ത്യയിൽ ലോക്ക് ഡൌൺ തുടരുകയാണ്. വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നു. എന്നിട്ടും കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് എത്തി!

സംസ്ഥാന ആരോഗ്യ വകുപ്പിന്നേയും ജില്ലാ ഭരണകൂടത്തിൻ്റേയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്. വിമാനത്താവളത്തിൽ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകൾ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നോട്ടിങ്ങ്ഹാമില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗത്തില്‍ നിന്ന് ചികിത്സ പൂര്‍ത്തീകരിച്ച് യുകെ യിലേക്ക് മടങ്ങി.

ബ്രിട്ടനിൽ കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ആശുപത്രികൾ കൊറോണ പ്രതിരോധത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതുകൊണ്ടൊക്കെയാണ് കേരളത്തിലെത്തി ചികിത്സ തുടരുവാൻ ആലോചിച്ചത്. തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റൽ സീനിയര്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജന്‍ ഡോ അഭിഷേക് രാജനെ ബന്ധപ്പെട്ടു.

നിലവില്‍ കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദേശങ്ങളില്‍ നിന്ന് രോഗിയെ കേരളത്തിലെത്തിക്കുക എളുപ്പമായിരുന്നില്ല. ഇതിനായി കളക്ടറേറ്റുമായും, ആരോഗ്യവകുപ്പുമായും ബന്ധപ്പെടുകയും ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നോട്ടിങ്ങ്ഹാമില്‍ നിന്നും ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് രോഗിയെ കോഴിക്കോട് എത്തിച്ചത് .

ഡോ അഭിഷേക് രാജന് പുറമെ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സയന്‍സസ് വിഭാഗം മേധാവി ഡോ അനീഷ് കുമാര്‍, ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ സര്‍ജറി വിഭാഗം മേധാവി ഡോ സജീഷ് സഹദേവന്‍, ഡോ സീതാലക്ഷ്മി, ഡോ നൗഷിഫ് മുതലായവരും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നു.

അതിനിടെ യുകെയിൽ കൊവിഡ് ബാധിതരുടെ എണ്ണം 138,078 ആയി. 18,738 പേരാണ് ഇതുവരെ മരിച്ചത്. എല്ലാ അവശ്യ സർവീസ് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഈ വെള്ളിയാഴ്ച മുതൽ കൊറോണ വൈറസ് പരിശോധന നടത്താം. ഓണലൈൻ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പരിശോധനകൾ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വിശാലമായ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.