1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന ചില പ്രദേശങ്ങളിൽ ലെസ്റ്റർ മാതൃകയിൽ “ലോക്കൽ ലോക്ക്ഡൌൺ” ഏർപ്പെടുത്താൻ പദ്ധതിയുള്ളതായി യുകെ സർക്കാർ. ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങൾക്കിടയിൽ കൊവിഡ് ബാധയും മരണനിരക്കും കൂടുതൽ ഇന്ത്യൻ വംശജക്കിടയിലാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

കിഴക്കൻ ഇംഗ്ലണ്ടിലെ ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന ലീസസ്റ്ററിൽ ആദ്യത്തെ ലോക്കൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഇപ്രകാരം ഒരു സൂചന നൽകിയിരുന്നു. ഇന്ത്യൻ വംശജർക്കിടയിൽ കൊവിഡ് വ്യാപനം കൂടുതലാണെന്ന് മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടനിൽ 176 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 43,906 ആയി. ലോക്കൽ ലോക്ക്ഡൌൺ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഏതെല്ലാം പ്രദേശങ്ങളാണ് സാധ്യതാ പട്ടികയിലുള്ളതെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കണക്കുകൾ പരിശോധിച്ചാൽ ബെഡ്ഫോർഡ്, ഓൾഡ്‌ഹാം, റോതർഹാം, ടേംസൈഡ്, ബ്ലാക്ക്ബേൺ വിത്ത് ഡാർവെൻ, കിർക്ക്‌ലീസ് എന്നിവയാണ് ലോക്കൽ ലോക്ക്ഡൗണിലേക്ക് വീഴാൻ സാധ്യതയുള്ള മേഖലകൾ.

ബ്രിട്ടനിൽ പ്രതിദിന തൊഴിൽ നഷ്ടം 1000 ത്തിലേറെ

അതിനിടെ ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടി വരികയാണെന്ന് റിപ്പോർട്ട്.കൊവിഡ് വിതച്ച മരണത്തിന്റെ ദുരന്തേക്കാൾ വലുതായിരിക്കും തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ എന്നാണ് കണക്കുകൾ നൽകുന്ന സൂചന.

ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കമ്പനിയായ എയർബസ് 15,000 ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. ജർമനിയിൽ 5100 പേർക്കും ഫ്രാൻസിൽ 5000 പേർക്കും, ബ്രിട്ടണിൽ 1,700 പേർക്കും, സ്പെയിനിൽ 900 പേർക്കും മറ്റു രാജ്യങ്ങളിൽ 1,300 പേർക്കുമാകും തൊഴിൽ നഷ്ടമാകുക. ലോകമെമ്പാടുമായി 1,34,000 ജീവനക്കാർ ജോലിചെയ്യുന്ന കമ്പനിയാണ് എയർബസ്. മാസം തോറും 40 എയർബസ് എ-320 വിമാനങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഉൽപന്നങ്ങളെല്ലാം മൂന്നുമാസമായി വിൽപനയില്ലാത്ത അവസ്ഥയിലാണ്.

കൂടാതെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 11,000 ജോലികളാണ് വിവിധ കമ്പനികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ബജറ്റ് എയർലൈൻ കമ്പനിയായ ഈസി ജെറ്റ് 1300 ജീവനക്കാരെയും 727 പൈലറ്റുമാരെയും കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇവരുടെ ബ്രിട്ടണിലെ മൂന്ന് എയർബേസുകൾ അടച്ചുപൂട്ടാനാണ് ആലോചന. ജെറ്റ് -2 എയർവേസ്, വെർജിൻ എയർലൈൻ, റയൺ എയർ, ബ്രിട്ടീഷ് എയർവേസ്, തുടങ്ങിയ വിമാനക്കമ്പനികൾ നേരത്തെ തന്നെ പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും വൻതോതിൽ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.

പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ജോൺ ലൂയിസ് ഏതാനും സ്റ്റോറുകൾ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചു. അപ്പർ ക്രസ്റ്റ് ഉടമകളായ എസ്എസ്പി. ഗ്രൂപ്പ് 5,000 സ്റ്റാഫിനെയാണ് കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ലോകത്തെ മുൻനിര ബ്രാൻഡായ ഹാരോഡ്സ് 700 പേരെയും ടോപ് ഷോപ്പ് റീട്ടെയ്ൽ കമ്പനി 500 പേരെയും കുറയ്ക്കുമെന്ന് അറിയിച്ചു. വെർജിൻ മണി 300 ജീവനക്കാരെയാണ് ഉടൻ പിരിച്ചുവിടുന്നത്. ഷർട്ട് നിർമാതാക്കളായ ടിഎം ലൂയിൻ 600 പേരെ കുറയ്ക്കും.

500 വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രിട്ടനിലെ കുത്തക പോസ്റ്റൽ കമ്പനിയായ റോയൽ മെയിൽ 2000 മാനേജ്മെന്റ് സ്റ്റാഫിനെ കുറയ്ക്കാനുള്ള തീരുമാനത്തിലാണ്.

ഹോങ്കോങ്ങുകാർക്ക് ബ്രിട്ടനിലേക്ക് വരാം; പൌരത്വം നൽകുമെന്ന് ജോൺസൺ

രാഷ്ട്രീയ നിലനിൽപ് ഭീഷണിയിലായ മുപ്പതു ലക്ഷത്തോളം ഹോങ്കോങ്ങ് നിവാസികൾക്ക് ബ്രിട്ടനിലേക്ക് കുടിയേറാനും പൗരത്വം നൽകാനും അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചൈനയുടെ പുതിയ സുരക്ഷാനിയമങ്ങൾ ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയാണ്.

ഈ സാഹചര്യത്തിലാണ് മൂന്നര ലക്ഷത്തോളം വരുന്ന ഓവർസീസ് ബ്രിട്ടീഷ് പാർസ്പോർട്ട് ഹോൾഡർമാക്ക് യാത്രാ ഇളവുകളും മറ്റുള്ള 26 ലക്ഷത്തോളം പേർക്ക് അഞ്ചുവർഷത്തിനുള്ളിൽ ഇവിടെയെത്തി പൗരത്വത്തിന് അപേക്ഷ നൽകാനും അനുമതി നൽകുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ബ്രിട്ടീഷ് നാഷനൽ ഓവർസീസ് പാർസ്പോർട്ട് ഹോൾഡർമാരായ ഹോങ്കോങ്ങുകാർക്ക് വീസയില്ലാതെ ആറുമാസം വരെ ബ്രിട്ടനിൽ താമസിക്കുന്നതിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതുമാറ്റി അവർക്കും ആശ്രിതർക്കും ബ്രിട്ടനിൽ തുടരാനും ജോലി ചെയ്യാനും പഠിക്കാനും അനുമതി നൽകും. അഞ്ചുവർഷത്തിനുശേഷം അവർക്ക് സെറ്റിൽമെന്റിന് അപേക്ഷിക്കാം

75 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്റീൻ ഇളവുകൾ

75 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്റീൻ ഉൾപ്പെടെയുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം ബ്രിട്ടൻ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ ആഴ്ച അവസാനം പരസ്യപ്പെടുത്താൻ പോകുന്ന പട്ടിക പ്രകാരം എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ബ്രിട്ടീഷ് അധീന പ്രദേശങ്ങൾക്കും യുകെ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

കാനഡ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, തായ്ലൻഡ്, തുർക്കി എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട് എന്നാണ് സൂചന. കൊവിഡ് കേസുകൾ വളരെ കുറവായതും ദേശീയ വ്യാപന നിരക്ക് കുറയുന്നതും സ്ഥിതിവിവരക്കണക്കുകൾ വിശ്വസനീയമായതും അടിസ്ഥാനമാക്കിയാണ് ഈ രാജ്യങ്ങളെ സുരക്ഷിതമെന്ന് കണക്കാക്കുന്നത്.

യുഎസ്, റഷ്യ, ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇളവ് ലഭിക്കാൻ യോഗ്യതയില്ലാത്ത വിഭാഗത്തിലാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾക്കുള്ള നിരോധനം ബ്രിട്ടൻ തുടരുമെന്നും റിപ്പോർട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.