1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസിന്രെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലേക്ക് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങളും മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് ഓരോ എയർ ഇന്ത്യ വിമാനങ്ങളുമാണ് പ്രവാസികളുമായി ഇന്ന് കേരളത്തിലെത്തുന്നത്. 700ലധികം യാത്രക്കാരാകും നാല് വിമാനങ്ങളിലുമായി ഉണ്ടാവുക.

അതേസമയം ഇന്ന് പുലർച്ചെ 2.07 ന് കരിപ്പൂരിൽ എത്തിയ അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രത്യേക വിമാനത്തിൽ എത്തിയത് 180 പ്രവാസികൾ. 66 സ്ത്രീകളും 114 പുരുഷന്മാരും. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 178 പേരും ഒരു മാഹി സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് എത്തിയത്. ഇവരിൽ 49 പേർ കോഴിക്കോട് സ്വദേശികളാണ്.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മൂന്ന് കോഴിക്കോട് സ്വദേശികളെയും ആറ് മലപ്പുറം സ്വദേശികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 80 പേരെ സർക്കാർ കോവിഡ് കെയർ സെന്ററിലേക്കും മൂന്ന് പേരെ പെയ്‌ഡ് കോവിഡ് കെയർ സെന്ററിലേക്കും 88 പേരെ ഹോം ക്വാറന്റെെനിലും അയച്ചു. കോഴിക്കോട് ജില്ലയിൽ 26 പേരെ സർക്കാർ കോവിഡ് കെയർ സെന്ററിലേക്കും 20 പേരെ ഹോം ക്വാറന്റെെനിലും അയച്ചു. യാത്രക്കാരില്‍ 17 പേർ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളും 14 പേര്‍ മുതിര്‍ന്ന പൗരന്മാരും 41 പേര്‍ അടിയന്തര ചികിത്സക്ക് എത്തിയവരും ആണ്‌.

ദുബായ്-കൊച്ചി വിമാനം (IX 434) ഇന്ന് വെെകിട്ട് 5.40 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. അബുദാബി-കൊച്ചി വിമാനം (IX 452) രാത്രി 8.40 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. ബഹ്‌റിനിൽ നിന്നുള്ള ഗൾഫ് എയർ രാത്രി ഏഴിനും എത്തും.

അതിനിടെ ഖത്തര്‍ എയര്‍വേയ്‌സിന് പിന്നാലെ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോയും ആരംഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിലേക്കുള്ള സര്‍വീസുകളുടെ ബുക്കിങ്ങാണ് ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 886 റിയാല്‍ ആണ് നിരക്ക്. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 18,136 ഇന്ത്യന്‍ രൂപ വരുമിത്.

ജൂണ്‍ ഒന്നിന് കണ്ണൂരിലേക്ക് 928 റിയാലും (18,996 ഇന്ത്യന്‍ രൂപ), രണ്ടിന് 884 റിയാലുമാണ് (18,095 ഇന്ത്യന്‍ രൂപ) നിരക്ക്. കൊച്ചിയിലേക്ക് ജൂണ്‍ ഒന്നിന് 840 ഉം (ഇന്ത്യന്‍ രൂപ 17,194) രണ്ടിന് 830 റിയാലുമാണ് (ഇന്ത്യന്‍ രൂപ 16,990) നിരക്ക്. കോഴിക്കോടിന് 868 റിയാലാണ് (ഇന്ത്യന്‍ രൂപ 17,768 രൂപ). ജൂണ്‍ രണ്ടിന് ശേഷം ടിക്കറ്റ് നിരക്കില്‍ കുറവുണ്ട്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്ന കേന്ദ്ര മാനദണ്ഡം കേരളവും നടപ്പാക്കുന്നു. സംസ്ഥാനത്തിന് തോന്നിയതുപോലെ മാനദണ്ഡങ്ങളിൽ നിന്ന് പിൻമാറാനാകില്ലെന്ന കേന്ദ്ര സർ‍ക്കാർ നിലപാ‍ടിനെത്തുടർന്നാണ് നടപടി.

വിദേശത്ത് നിന്നെത്തുന്നവർക്ക് സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും ക്വാറൻ്റീൻ മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചു. മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവും തേടി. എന്നാൽ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്ന മാനദണ്ഡം മാറ്റാനാകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടിൽ മാറ്റം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.