1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2020

സ്വന്തം ലേഖകൻ: ലോകരാഷ്ട്രങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഭീതിയിലാഴ്ത്തി കൊറോണ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. ഈ മരണപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ വൃദ്ധ ജനങ്ങളാണെന്നും രോഗം ബാധിക്കുന്നത് ഏറ്റവും കൂടുതല്‍ ഇവര്‍ക്കാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

കൊറോണ വൈറസിന് ചെറുപ്പക്കാര്‍ അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്‌റസ് അധാനോം പറയുന്നത്. വൈറസ് ഇപ്പോള്‍ പിടിപെടുന്നത് വൃദ്ധ ജനങ്ങളെയാണെന്ന് കരുതി ചെറുപ്പക്കാര്‍ക്ക് പടരില്ലെന്ന് പറയാനാകില്ല. ഇതിനോടകം തന്നെ 50 വയസി താഴെ പ്രായമുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുപ്പക്കാര്‍ക്ക് ഒരു സന്ദേശം നല്‍കാനുണ്ട്. നിങ്ങള്‍ ആരും കൊറോണ വൈറസിന് അതീതരല്ല. ഇതിനെ നിങ്ങള്‍ക്ക് ആഴ്ചകളോളം ആശുപത്രിയില്‍ തളച്ചിടാനാകും. ചിലപ്പോള്‍ ഇത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം-ടെഡ്‌റസ് അധാനോം പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ വൈറസ് പകരില്ലെന്നും തന്നിലൂടെ വെറെ ആര്‍ക്കും പിടികൂടുകയില്ലെന്ന് വിചാരിക്കുന്നത് മിഥ്യാധാരണയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടകേസുകളില്‍ 30 ശതമാനവും 20 മുതല്‍ 44 വയസിനും ഇടയിലുളളവരാണ്. ഇവരില്‍ 20 ശതമാനത്തോളം പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 12 ശതമാനത്തോളം പേരും തീവ്രപരിചരണ വിഭാഗത്തിലുമാണ്. ഫ്രാന്‌സില്‍ രോഗം ബാധിച്ച 50 ശതമാനത്തോളം പേരും 60വയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

അതേസമയം, ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 258 ആയി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 40 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച സംസ്ഥാനങ്ങളുടെ എണ്ണം 22 ആയി.

മധ്യപ്രദേശില്‍ നാല് പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ദുബൈയില്‍ നിന്നും വന്ന ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും ജര്‍മ്മനിയില്‍ നിന്നും വന്ന ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് നാല് പേരും ഇന്ത്യയില്‍ എത്തിയത്. ഹിമാചല്‍ പ്രദേശില്‍ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ മാത്രം 12 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചത്തീസ്ഗഡില്‍ നാല് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ അമ്മയും സഹോദരനും പാചകക്കാരിയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.