1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3284 ആയി. ഇറ്റലിയിലെയും ഇറാനിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുകയാണ്.

ചൈനക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡ് 19 നിയന്ത്രണാധീതമായി തുടരുന്നത്. ഇറ്റലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍10 ദിവസത്തേക്ക് അടച്ചിട്ടു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ നഗരങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇറാനിലെ മരണം 107 ആയി. ഒരു മാസക്കാലം ഇറാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. രാജ്യത്തിനുള്ളിലെ യാത്രകള്‍ക്കും ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

യു.എയിലെ മുസ്‌ലിം പള്ളികൾ നാളെ ജുമുഅ 10 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണമെന്ന് നിർദേശം നല്‍കി. യാത്രക്കാരന്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന ആഡ‍ംബര കപ്പല്‍ യു.എസിലെ കാലിഫോര്‍ണിയ തീരത്ത് പിടിച്ചിട്ടു.

കപ്പിലെ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3500 പേരാണ് കപ്പലില്‍ ഉള്ളത്. കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡിന്റെ പശ്ചാതത്തില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. മാര്‍ച്ച് 13ന് ബ്രസല്‍സിലായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്.

രാജ്യത്ത് ഇതുവരെ 29 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ദില്ലിയിലും തെലങ്കാനയിലും രാജസ്ഥാനിലുമടക്കമാണ് ബാധിതർ ചികിത്സയിലുളളത്. അമേരിക്കയും സൗദി അറേബ്യയും അടക്കമുളള രാജ്യങ്ങളിലും കൊറോണ എത്തിക്കഴിഞ്ഞു.

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ, പരിശോധനാ നടപടികള്‍ ശക്തമാക്കി യുഎഇ. വിദേശ യാത്ര ഒഴിവാക്കാന്‍ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. വളരെ അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ വിദേശയാത്ര നടത്താവൂയെന്നാണു നിര്‍ദേശം.

വിദേശയാത്ര കഴിഞ്ഞു രാജ്യങ്ങളില്‍ തിരിച്ചെത്തുന്നവരെ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്കു വിധേയമാക്കും. സഞ്ചാരപഥത്തെ ആശ്രയിച്ച് 14 ദിവസത്തെ വീട്ട നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബീജിങ്, സിറിയ, ലെബനന്‍, ഇറ്റലി തുടങ്ങിയ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍നിന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കും ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കും എത്തുന്ന യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിങ് ഉപയോഗിച്ച് പരിശോധിക്കുമെന്ന് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് ഡാമിയന്‍ എല്ലകോട്ടിനെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ സ്ഥലങ്ങളില്‍നിന്ന് വരുന്ന വിമാനങ്ങളെയും യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ ഏഴ് ഗേറ്റുകള്‍ നീക്കിവച്ചതായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ പോസിറ്റീവ് ഫലം കാണിക്കുന്നവരെ വിശദമായ പരിശോധനയ്ക്കും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്കും വിധേയമാക്കും.

വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പൗരൻമാർക്കും വിദേശികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. കോവിഡ് 19 ബാധിച്ച് ഇറാനില്‍ ഇന്ന് 17 പേര്‍ കൂടി മരിച്ചു. ഇതോടെ ഇറാനില്‍ മാത്രം മരിച്ചവരുടെ എണ്ണം 124 ആയി. ഒമാനിൽ ഒരാൾക്കും സൗദിയിൽ മൂന്ന് പേർക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.