1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു. നാലാമത്‌ മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമിലുള്ള മാന്‍വേഴ്സ് തടാകത്തിലാണ് നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഏക വള്ളംകളിയാണ് യുക്മ കേരളാപൂരം. ഈ വർഷത്തെ പ്രധാന സ്പോണ്‍സര്‍മാരായ കൊമ്പന്‍ ബിയര്‍ കമ്പനിയുടെ പേര് കൂടി ഉള്‍പ്പെടുത്തിയുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020″ന്റെ പ്രത്യേക ലോഗോ പ്രകാശനം ഉള്‍പ്പെടെയുള്ളവ ഫെബ്രുവരി 29ന് മാന്‍വേഴ്സ് ‘ലേക്ക് ക്ലബി’ല്‍ വച്ച് യുക്മ നേതാക്കളുടേയും ക്ലബ് ഭാരവാഹികളുടേയും മുഖ്യ സ്പോണ്‍സറുടേയും ആഭിമുഖ്യത്തില്‍ നടന്നിരുന്നു. ബ്രിട്ടണില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വരുന്ന ഏതാനും മാസങ്ങളിലെ പ്രധാന പൊതുപരിപാടികളെല്ലാം മാറ്റിവച്ച് കഴിഞ്ഞു. പന്ത്രണ്ട് ആഴ്ച്ച വരെ ഈ സാഹചര്യം നീളുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വള്ളംകളി മാറ്റിവയ്ക്കുവാൻ തീരുമാനമെടുത്തത്.

ഈ സാഹചര്യത്തിൽ, കഴിഞ്ഞ വര്‍ഷം നടന്നത് പോലെ ഓഗസ്റ്റ് മാസം അവസാനത്തെ ശനിയാഴ്ച്ചയാവും ഇത്തവണയും വള്ളംകളി നടത്തപ്പെടുന്നത്. 2020 ഓഗസ്റ്റ് 29 ന് റോതെര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തിൽ തന്നെ വള്ളംകളി നടത്തുന്നതിനാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

യുക്മ നടത്തുന്ന പരിപാടികളില്‍ ഏറ്റവും ബൃഹത്തായ ഒന്നാണ് വള്ളംകളി. ഏകദേശം നൂറോളും വരുന്ന വോളണ്ടിയര്‍മാരുടെ സ്വാഗതസംഘമാണ് എല്ലാ വര്‍ഷവും ഇതിന്റെ നടത്തിപ്പിനായി സഹകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം വള്ളംകളിയുടെ നടത്തിപ്പിന് രൂപീകരിച്ച സ്വാഗതസംഘം കാര്യമായ മാറ്റങ്ങളിലാതെ തന്നെ തുടരുന്നതിനായിരുന്നു യുക്മ ദേശീയ ഭരണസമിതി തീരുമാനമെടുത്തിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തുടക്കമിട്ടിരിക്കുന്ന “കോവിഡ്-19 : ക്രൈസിസ് വോളണ്ടിയര്‍ ഗ്രൂപ്പ്” പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വള്ളംകളിയുടെ സ്വാഗതസംഘത്തെ പൂര്‍ണ്ണമായും വിനയോഗിക്കുന്നതായിരിക്കുമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

ദേശീയ ഭരണസമിതിയും റീജണല്‍ കമ്മറ്റികളും അംഗ അസോസിയേഷനുകളെ അണിചേര്‍ത്ത് പ്രാദേശികമായി വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് നേതൃത്വം നല്‍കുന്നത് യുക്മ ചാരിറ്റി ഫൗണ്ടേഷനായിരിക്കും. യുക്മയുടെ എല്ലാ പോഷകസംഘടനകളും ഇതിന്റെ ഭാഗമായിട്ടുണ്ടാവും. യുക്മയുടെ അംഗ അസോസിയേഷനുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മറ്റ് മലയാളി സംഘടനകളെ ഉള്‍പ്പെടുത്തിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വള്ളംകളിയ്ക്ക് സഹകരിച്ച എല്ലാ ബോട്ട് ക്ലബുകളെ ചേര്‍ത്തുമായിരിക്കും വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.

യുക്മയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും യുക്മ നഴ്സസ് ഫോറവും ചേര്‍ന്ന് അടുത്ത ഘട്ടം എന്ന നിലയില്‍ ഒരു മെഡിക്കല്‍ ടീമും രൂപീകരിക്കുന്നതാണ്. യുക്മ നാഷണല്‍ കമ്മറ്റിയിൽ അംഗമായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പിലാക്കുക. വിവിധ പോഷകസംഘടനകളുടെയും മറ്റ് സംഘടനകളുടേയും ഏകോപനത്തിന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കും.

കോവിഡ്-19, രോഗബാധിതരെ ചികിത്സിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് “ക്വാറന്റീന്‍”, “സെല്‍ഫ് ഐസൊലേഷന്‍” തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഏകാന്ത വാസം നിര്‍ബന്ധിതമാക്കപ്പെടുന്ന സാഹചര്യത്തിൽ, പ്രധാനമായും ബ്രിട്ടണിലെ മലയാളി സാമൂഹത്തില്‍, ഇത്തരം സാഹചര്യം നേരിടുന്ന കുടുംബങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഭക്ഷണം, ഭക്ഷണ സാമഗ്രികള്‍, മരുന്നുകള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാണെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരം കുടുംബങ്ങള്‍ യുക്മ അസോസിയേഷന്‍ അംഗങ്ങളാണോ, ഏതെങ്കിലും അസോസിയേഷന്‍ അംഗങ്ങളാണോ എന്നതൊന്നും ഒരു പ്രശ്നമല്ല. അതിജീവനത്തിനായി പോരടിക്കുന്ന സമൂഹത്തെ സഹായിക്കുന്നതിന് എല്ലാ സഹായവും എത്തിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാവണമെന്നും യുക്മ ദേശീയ ഭരണസമിതി അഭ്യര്‍ത്ഥിച്ചു.

യുക്മയുടെ ജീവകാരുണ്യ സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരിക്കും കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ് (07723956930), ഷാജി തോമസ് (07737736549), വര്‍ഗ്ഗീസ് ഡാനിയേല്‍ (07882712049), ബൈജു തോമസ് (07825642000) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.