1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യു കെ യിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു കെ മലയാളികൾ.

വന്ദേഭാരത് മിഷനിലൂടെ തന്നെ വിമാസ സർവ്വീസ് പുഃസ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി എന്നിവർക്കും; കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ശ്രീ വി മുരളീധരനും അടിയന്തിര നിവേദനങ്ങൾ നൽകി. വന്ദേഭാരത് മിഷനിലൂടെ ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് അനുവദിച്ചതിൽ പ്രത്യേക താല്പര്യം എടുത്ത ശ്രീ വി മുരളീധരനുമായി യുക്മ പ്രതിനിധികൾ ഈ ദിവസങ്ങളിൽ നേരിട്ട് ബന്ധപ്പെടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

താൽക്കാലികമായി നിറുത്തിയിരിക്കുന്ന വന്ദേഭാരത് വിമാന സർവ്വീസുകൾ ജനുവരി എട്ടിന് പുനഃരാരംഭിക്കുമ്പോൾ അതിൽ കൊച്ചിയെ ഒഴിവാക്കിയിരിക്കുന്നത് തികച്ചും വേദനാജനകം ആണെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവ്വീസുകൾക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സർവ്വീസുകൾ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കണമെന്ന് യുക്മ ആവശ്യപ്പെട്ടു. വന്ദേഭാരത് മിഷന്റെ ലണ്ടൻ – കൊച്ചി വിമാന സർവ്വീസുകൾ, നിറയെ യാത്രികരുമായി വളരെ ലാഭകരമായിട്ടാണ് നടന്നിരുന്നത് എന്നതും കേന്ദ്ര വ്യോമയാന വകുപ്പ് കണക്കിലെടുക്കണമെന്ന് യുക്മയുടെ നിവേദനം ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന്റെയും, ലോക്ക്ഡൗണിന്റെയും പ്രത്യേക പശ്ചാത്തലത്തിൽ നാട്ടിലേക്ക് നേരിട്ട് വിമാന സർവ്വീസ് മലയാളികൾക്ക് ഏറെ ആശ്വാസകരം ആയിരുന്നു. ഫെബ്രുവരി അവസാനം വരെ നീളുവാൻ സാധ്യതയുള്ള ഇംഗ്ലണ്ടിലെ നിലവിലെ ദേശീയ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ കേരളത്തിൽനിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബർമിംഗ്ഹാമിലേക്കും കൂടി വിമാന സർവ്വീസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യുക്മ നിവേദനം അഭ്യർത്ഥിച്ചു. നിയന്ത്രിതമായ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ, ഹീത്രോ വിമാനത്താവളത്തിൽനിന്നും യു കെ യുടെ വടക്കൻ മേഖലകളിലേക്ക് എത്തിച്ചേരുവാൻ ടാക്സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതങ്ങൾ ആയ സാഹചര്യം കൂടി കണക്കിലെടുത്താണിത്.

മെയ് 19 ന് ആയിരുന്നു വന്ദേഭാരത് മിഷന്റെ ആദ്യ വിമാനം ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് പറന്നത്. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി കേന്ദ്രമന്ത്രി ശ്രീ വി മുരളീധരൻ തന്റെ പത്രസമ്മേളനത്തില്‍ അന്ന് പ്രത്യേകം പരാമർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.