1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതിന് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമം നേരിടാന്‍ പട്ടാളത്തെ രംഗത്തിറക്കിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനാല്‍ സേനയെ ക്യാംപിലേക്ക് മടക്കി അയച്ചു. കണ്ണൂരില്‍ കനത്ത അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകമാനം വിവിധ രാഷ്ട്രീയ കക്ഷികളുടെ നൂറിലേറെ ഓഫീസുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ വരെ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കണ്ണൂരില്‍ 54 പാര്‍ട്ടി ഓഫിസുകള്‍ തകര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 37 ഓഫീസുകളും മുസ്ലീംലീഗിന്റെ 13 ഓഫീസുകളും സിപിഎം, ജനതാദള്‍ എന്നിവയുടെ രണ്ട് വീതം ഓഫീസുകളും തകര്‍ക്കപ്പെട്ടു.

സംസ്ഥാനത്ത് വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് 265 പേരടങ്ങുന്ന കേന്ദ്രസേനയെ രംഗത്തിറക്കിയത്. ഇന്നു പുലര്‍ച്ചയോടെയാണ് കോയമ്പത്തൂരില്‍ നിന്ന് പട്ടാളം രംഗത്തെത്തിയത്. കണ്ണൂരില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സേന ഫഌഗ് മാര്‍ച്ച് നടത്തി. സ്ഥിതി നിയന്ത്രണ വിധേയമായതിനാല്‍ പിന്നീട് സേനയെ സായുധസേന ക്യാംപില്‍ വിശ്രമിക്കാനായി അയക്കുകയായിരുന്നു. വേണ്ടി വന്നാല്‍ കൂടുതല്‍ സേനയെ രംഗത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു. സേന മൂന്നു ദിവസം ജി്ല്ലയിലുണ്ടാകുമെന്നും എഡിജിപി അറിയിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരംക്ഷണം നല്‍കാനാകില്ലന്ന് എഡിജിപി രാജേഷ് ദവാന്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവ സംരക്ഷിക്കുന്നതിനാണ് പോലീസ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഷൂക്കൂര്‍ വധക്കേസില്‍ ശാസ്ത്രീയ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും ഷുക്കൂറിനെ കൊല്ലാനുളള ഗൂഡാലോചനയില്‍ പങ്കാളികളായി എന്നതാണ് കേസ്. ഷൂക്കൂര്‍ കൊല്ലപ്പെടുമ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ വിവരമറിഞ്ഞിട്ടും പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചില്ലെന്നതാണ് ജയരാജന്റെ പേരിലുളള കുറ്റം. ജയരാജനെ കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ജയരാജന് സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ അവസരമുണ്ട്. ഹര്‍ത്താലിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്ന സാധാരണക്കാരന് ഈ അവസരങ്ങള്‍ മടക്കികൊടുക്കാന്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കാകുമോ?

കണ്ണൂരില്‍ നിരോധാജ്ഞ മറികടന്ന പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ അയ്യായിരത്തിലധികം പേരെയാണ് പോലീസ് ഹര്‍ത്താലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തൊട്ടാകെ നിരവധി പേരാണ് ഹര്‍ത്താലിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ പലരും വഴിയില്‍ കുടുങ്ങി. നാഗര്‍കോവിലില്‍ നിന്ന് കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയ മുന്നൂറംഗ വിദ്യാര്‍ത്ഥി സംഘം ഹര്‍ത്താലിനെ തുടര്‍ന്ന് യാത്ര തുടരനാകാതെ കൊച്ചിയില്‍ കുടുങ്ങി. ഡ്യൂട്ടിക്ക് ഹാജരായവരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ നെടുമങ്ങാട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീകണ്ഠപുരത്ത് അക്രമത്തിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താലിന്റെ പേരില്‍ റോഡ് ഗതാഗതം തടയുന്ന രാഷ്ട്രീയ കക്ഷികളും അക്രമം തടയാനെന്ന പേരില്‍ സാധാരണക്കാരന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് സര്‍ക്കാരും പോലീസും പ്രഖ്യാപിക്കുന്ന നിരോധനാജ്ഞകളും ഫലത്തില്‍ ഒരേ കാര്യമാണ് നടപ്പിലാക്കുന്നത്. –

ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നല്‍കേണ്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രാജ്യത്ത് വ്യാപകമായ അക്രമം നടത്തുന്നത് നോക്കിനില്‍ക്കേണ്ടുന്ന ഗതികേടിലാണ് ജനങ്ങള്‍. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സമ്മതിക്കുന്നില്ല. തൊട്ടതിനും പിടിച്ചതിനും എല്ലാം ബന്ദ് പ്രഖ്യാപിച്ച് ജനജീവിതം ദുസ്സഹമാക്കിയിരുന്ന കാലഘട്ടത്തിലാണ് കേരളത്തില്‍ ബന്ദ് നിരോധിക്കാന്‍ 1997ല്‍ കേരള ഹൈക്കോടതി തീരുമാനിച്ചത്. എന്നാല്‍ ബന്ദ് എന്നതിന്റെ പേര് ഹര്‍ത്താല്‍ എന്നാക്കി മാറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവ് കലാപരിപാടികള്‍ തുടരുന്നു. നിസ്സാര കാരണങ്ങളുടെ പേരില്‍ രാഷ്ട്രീയകക്ഷികള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ സാധാരണക്കാരന്റെ ജീവിതത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്.

ഗാന്ധിജി ബ്രട്ടീഷുകാര്‍ക്കെതിരേ അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കാനായി സ്വീകരിച്ചിരുന്ന ഒരു സമരമുറയായിരുന്നു ഹര്‍്ത്താല്‍ എന്നത്. എന്നാല്‍ അന്നത്തെ ഹര്‍ത്താല്‍ ജോലികളും കച്ചവടങ്ങളും സമാധാനമായി ഉപരോധിക്കുകയാണങ്കില്‍ ഇന്ന് അതൊരു അക്രമമാര്‍ഗ്ഗമാണ്. ഹര്‍ത്താലിന്റെ പേരില്‍ സാധാരണക്കാരന്‍ ഉപയോഗിക്കുന്ന ഗതാഗത മാര്‍ഗ്ഗങ്ങള്‍ തടയുമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍്ക്ക് യാതൊരു വിലക്കും ബാധകമല്ല. ഹര്‍ത്താലിനോട് ജനങ്ങള്‍ സ്വീകരിച്ചുപോരുന്ന നിസ്സംഗത തന്നെയാണ് ഈര്‍ക്കിലി പാര്‍ട്ടികളുടെ ഹര്‍ത്താലാഹ്വാനം പോലും വിജയിക്കാന്‍ കാരണമാവുന്നത്.

തൊഴിലാളികള്‍ക്ക് പണി മുടക്കാന്‍ അവകാശമുളളത് പോലെ തന്നെ മറ്റുളളവര്‍ക്ക് രാജ്യത്ത് കൂടി സഞ്ചരിക്കാനുളള സ്വാതന്ത്ര്യവുമുണ്ട്. അതിനാല്‍ തന്നെ ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്ന മിന്നല്‍ സമരങ്ങള്‍, ബസ് സമരം, വഴിതടയല്‍ പോലുളള കലാപരിപാടികള്‍ നിയമം മൂലം നിരോധിക്കേണ്ടിയിരിക്കുന്നു. ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ വസ്തുവകകള്‍ നഷ്ടപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍്ട്ടികള്‍ ഉ്ത്തരവാദികളാണ്. അത് വാങ്ങികൊടുക്കാന്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരിന് കടമയുണ്ട്. എന്നിട്ടും പൗരാവകാശങ്ങള്‍ പാടേ ചവിട്ടി മെതിച്ചുകൊണ്ട് വീണ്ടും വീണ്ടും ഹര്‍്ത്താല്‍ കടന്നു പോകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.