1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2019

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കിടെ വീല്‍ചെയറിലിരുന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച സ്പര്‍ശ് ഷാ എന്ന യുവാവാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ജന്മനാ തന്നെ എല്ലുകള്‍ പൊട്ടുന്ന അസുഖമുള്ള സ്പർശ് ഷാ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുക എന്ന തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ്.

അമേരിക്കയിലെ ന്യൂജേഴ്സിയില്‍ താമസിക്കുന്ന കവിയും മോട്ടിവേഷണല്‍ സ്പീക്കറുമാണ് സ്പാര്‍ഷ് ഷാ എന്ന പതിനാറുകാരന്‍.

“ഇത്രയും അധികം ആള്‍ക്കാരുടെ മുന്നില്‍ ഇന്ത്യന്‍ ദേശീയഗാനമാലപിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഞാന്‍ ആദ്യമായി മോദിജിയെ കാണുന്നത് മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ചാണ്. പക്ഷേ അന്ന് അദ്ദേഹത്തെ ടി.വിയിലൂടെ മത്രമേ കാണാന്‍ സാധിച്ചുള്ളു. പക്ഷേ ദൈവസഹായം കൊണ്ട് ഇപ്പോള്‍ എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനും ദേശീയഗാനം ആലപിക്കാനും സാധിച്ചു,” സ്പര്‍ശ് പറയുന്നു.

അമേരിക്കയിലെ എന്‍ ആര്‍ ജി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കിടെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു വീല്‍ ചെയറിലിരുന്ന് ദേശീയഗാനമാലപിച്ച സ്പര്‍ശ് ഷാ. പരിപാടിക്ക് മുൻപ് തന്നെ ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമേരിക്കൻ പ്രസിഡന്റ് ട്രംപിനേയും ഒരേ വേദിയിൽ കാണാൻ കഴിയുമെന്നതിന്റെ ആകാംക്ഷയിലാണ് താനെന്ന് സ്പർശ് പറഞ്ഞിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നോട്ട് അഫ്രൈഡ് എന്ന പാട്ടിലൂടെ തന്റെ പന്ത്രണ്ടാം വയസില്‍ സ്പര്‍ശ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രസിദ്ധനായിരുന്നു. 15 ദശലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ സ്പാര്‍ശിന്റെ ഗാനം കണ്ടിരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.