1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ ‌ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണു മരിക്കുന്നത് ഒഴിവാക്കാനും ബാൽക്കണി സുരക്ഷ ഉറപ്പാക്കാനും നടപടികൾ ശക്തമാക്കുന്നു. ഇക്കാര്യത്തിൽ കെട്ടിട നിർമാതാക്കൾ മുതൽ താമസക്കാർ വരെ അതീവ ശ്രദ്ധ പുലർത്തണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി. അപകടസാധ്യതയ്ക്കുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

ബാൽക്കണിയിൽനിന്നു വീണു മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ബോധവൽക്കരണം ആരംഭിച്ചു. ബാൽക്കണിയിൽ നിന്നും ജനലിൽനിന്നും താഴെ വീഴാത്തവിധം അധിക സുരക്ഷ ഒരുക്കാനും താമസക്കാരോട് ആവശ്യപ്പെട്ടു. ഇതിനായി ഇരുമ്പു കവചമോ മറ്റോ സ്ഥാപിക്കാൻ അനുമതി നൽകി. ജനൽ, ബാൽകണി എന്നിവയ്ക്കു സമീപം മേശ, കസേര തുടങ്ങി കുട്ടികൾക്കു പിടിച്ചുകയറാവുന്ന സാധനങ്ങൾ വയ്ക്കരുത്.

അശ്രദ്ധമൂലമുണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓർമിപ്പിച്ചു. ബാല സംരക്ഷണ നിയമപ്രകാരം കുറ്റക്കാർക്ക് ഒരു വർഷം തടവോ 5000 ദിർഹം (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. മാർച്ചിൽ ഷാർജയിൽ 11ാം നിലയിൽനിന്ന് 6 വയസ്സുകാരൻ വീണു മരിച്ചത് കസേരയിൽ പിടിച്ചുകയറിയാണ്. 2019 ഡിസംബറിൽ അൽ മജാസിൽ 2 വയസ്സുള്ള സിറിയൻ പെൺകുട്ടി മരിച്ചതും സമാനരീതിയിൽ. 2019ലെ കണക്കനുസരിച്ച് ഷാർജയിൽ മാത്രം 3 വർഷത്തിനിടെ 2നും 10നും ഇടയിൽ പ്രായമുള്ള 15 കുട്ടികൾ ബഹുനില മന്ദിരങ്ങളിൽ നിന്നു വീണു മരിച്ചിരുന്നു.

വീടുകളിൽ ഉറപ്പാക്കേണ്ട സുരക്ഷിതത്വത്തെക്കുറിച്ചു രക്ഷിതാക്കളിൽ അവബോധം വളർത്താൻ സമൂഹ മാധ്യമങ്ങളിൽ അബുദാബി പൊലീസ് ബോധവൽകരണം ആരംഭിച്ചു. മലയാളം, ഇംഗ്ലിഷ്, ഉറുദു, അറബിക് ഭാഷകളിലാണ് ബോധവൽക്കരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.