1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2020

കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുകെയിലും ലോകമെമ്പാടുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ച് മുന്നേറ്റം തുടരുന്ന ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” – ൽ നാളെ ജൂൺ 11 വ്യാഴം
5 PM ന് (ഇന്ത്യൻ സമയം രാത്രി 9.30) എത്തുന്നത് ബ്രിട്ടനിലെമ്പാടും നൂറ് കണക്കിന് സ്റ്റേജ് ഷോകളിലൂടെ കാണികളുടെ പ്രിയങ്കരായ സഹോദരിമാരുടെ സുപ്രസിദ്ധ മ്യൂസിക് ബാന്റ് “ലിറ്റിൽ ഏയ്ഞ്ചൽസ് യു.കെ” യാണ്. വളരെ ചെറിയ പ്രായം മുതൽ സ്റ്റേജ് ഷോകൾ ചെയ്ത് തുടങ്ങിയ ജെം പിപ്പ്സ് തങ്കത്തോണി, ജെൻ പിപ്പ്സ് തങ്കത്തോണി, ഡോൺ പിപ്പ്സ് തങ്കത്തോണി എന്നീ സഹോദരിമാരാണ് ലിറ്റിൽ ഏയ്ഞ്ചൽസ് യു കെ യുടെ നെടുംതൂണുകൾ. ഡോ. പിപ്പ്സ് ജോസഫ് തങ്കത്തോണിയുടേയും ജിജി പിപ്പ്സിന്റേയും മക്കളായ ഈ സംഗീത പ്രതിഭകൾ ഇതിനോടകം 120 ലധികം വേദികളിൽ തങ്ങളുടെ മികവ് പ്രകടിപ്പിച്ച് കഴിഞ്ഞു.

ലിറ്റിൽ ഏയ്ഞ്ചൽസിലെ ലീഡ് സിംഗറും വയലിനിസ്റ്റുമായ ജെം പിപ്പ്സാണ് സഹോദരിമാരിൽ മൂത്തയാൾ. സംഗീതത്തിലും വയലിനിലും അസ്സോസ്സിയേറ്റഡ് ബോർഡ് ഓഫ് ദി റോയൽ സ്കൂൾസ് ഓഫ് മ്യൂസിക്കിൽ (ABRSM) നിന്നും ഗ്രേഡ് 8 കരസ്ഥമാക്കിയ ഈ മിടുക്കി ബർമിംങ്ഹാം യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. യുക്മ കലാമേള 2011, 2012 വർഷങ്ങളിൽ സോളോ സോങ്, ഡാൻസ് ഇനങ്ങളിലെ ഈ വിജയി, 2012 ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടസ്റ്റിൽ സോളോ സോങ്ങിലും വിജയിയായിരുന്നു. മ്യൂസിക് ഇൻ ദ വെയ്ല് കോംപറ്റീഷൻ 2010 ൽ വയലിൻ വിഭാഗത്തിൽ വിജയിയായ ജെം പിപ്പ്സ് 2010, 2011 വർഷങ്ങളിൽ സൌത്ത് ഗ്ളാമോർഗൻ ഫെസ്റ്റിവൽ ഫോർ യങ് മ്യൂസിഷ്യൻസിലും വിജയിയായി. ദി ഗ്രേയ്സ് എന്ന ആൽബത്തിൽ ഒരു മനോഹര ഗാനം ആലപിച്ച് കൊണ്ട് ഈ ഗായിക ആൽബം രംഗത്തും തന്റെ തുടക്കം കുറിച്ച് കഴിഞ്ഞു.

ലിറ്റിൽ ഏയ്ഞ്ചൽസിലെ പിയാനിസ്റ്റും സിംഗറുമായ ജെൻ പിപ്പ്സ് ചേച്ചിയായ ജെം പിപ്പ്സിനെ പോലെ ABRSM ൽ നിന്നും പിയാനോയിലും സംഗീതത്തിലും ഗ്രേഡ് 8 കരസ്ഥമാക്കി കഴിഞ്ഞു. ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ജെൻ പിപ്പ്സ്. യുക്മ കലാമേള 2010, 2012 വർഷങ്ങളിൽ ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ വിജയിച്ച ജെൻ പിപ്പ്സ് 2011 ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടസ്റ്റ് ഗ്രൂപ്പ് ഡാൻസിലും വിജയിയായിരുന്നു.

ലിറ്റിൽ ഏയ്ഞ്ചൽസിലെ ഇളയ സഹോദരി ഡോൺ പിപ്പ്സ് ബാന്റിലെ സിംഗറും ഡ്രമ്മറുമാണ്. ടിനിറ്റി ആന്റ് റോക്ക് സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും ഡ്രംസിൽ ഗ്രേഡ് 8 കരസ്ഥമാക്കിയ ഈ മിടുക്കി ദി ഗ്രേയ്സ് എന്ന ആൽബത്തിൽ ഒരു ഗാനം ആലപിച്ച് കൊണ്ട് ആൽബം രംഗത്തും തുടക്കം കുറിച്ചിരിക്കുന്നു.
യുക്മ കലാമേള 2010, 2011, 2012 വർഷങ്ങളിൽ ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ് ഇനങ്ങളിൽ വിജയിച്ച ഡോൺ 2011 ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടസ്റ്റിൽ ഗ്രൂപ്പ് ഡാൻസ് ഇനത്തിൽ വിജയിയായിരുന്നു. വയലിൻ, പിയാനോ, ഡ്രംസ് എന്നിവയുടെ
അകമ്പടിയോടെ സർഗ്ഗ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം തീർക്കുന്ന ലിറ്റിൽ ഏയ്ഞ്ചൽസിന്റെ ദൃശ്യ ശ്രാവ്യ കലാപ്രകടനം
ആസ്വദിക്കുവാൻ മുഴുവൻ മലയാളി കലാസ്വാദകരേയും യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനു വേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.