1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2020

കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെമ്പിൾ ട്രസ്റ്റിന്റെയും ചെയർമാനും കെന്റ് മലയാളീ അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായ, കെന്റിലെ മലയാളികളുടെ പ്രിയപ്പെട്ട ‘നടരാജൻ അങ്കിൾ’ അഥവാ ശ്രീ. കൃഷ്ണൻ രാമൻ നടരാജൻ (85) ദിവംഗതനായത് ജനുവരി മാസം 28 -)൦ തീയതിയാണ്. ശ്രീമതി ദേവകിക്കു തണലായ ഭർത്താവായും നാലു മക്കൾക്ക് പ്രിയ അച്ഛനായും അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും പ്ര/പിതാമഹനായും മാത്രമല്ല നടരാജൻ അങ്കിൾ ജീവിച്ചത്. കെന്റിൽ പുതുതായി താമസത്തിനെത്തുന്നവർക്കു മാർഗദർശിയായും ആഘോഷ / ആചാര വേളകളിൽ ഒരു പുഞ്ചിരി സാന്നിധ്യമായും വിഷുക്കണി ഒരുക്കി വിഷുക്കൈനീട്ടം നൽകുന്ന കാരണവരായും ചെറുപ്പക്കാർക്ക് ഒരു മുതിർന്ന കൂട്ടുകാരനുമായും കുട്ടികൾക്ക് ഒപ്പം കളിക്കുന്ന നിഷ്കളങ്കമനസ്സായും ‘നടരാജൻ അങ്കിൾ’ എവിടെയും നിറഞ്ഞു നിന്നു.

അങ്കിളിന്റെ മരണവിവരം അറിഞ്ഞ ഒരാൾ പറഞ്ഞതിങ്ങനെയാണ് : “കല്പാന്തകാലത്തോളം ഒരു വടവൃക്ഷം പോലെ, നമുക്കെന്നും തണലായി അങ്കിൾ ഉണ്ടാകുമെന്നു അറിയാതെ അഹങ്കരിച്ചിരുന്നു…ആഗ്രഹിച്ചിരുന്നു…ഇപ്പോൾ ഇനിയീ പ്രവാസമരുഭൂമിയിൽ ആ കുളിർ തണൽ ഇല്ല…!!!” 1960 – കളിൽ ഇംഗ്ലണ്ടിലെത്തിയ ‘ചുറുചുറുക്കുള്ള ഷിപ് റൈറ് ലൈനറെ’ പ്രശസ്തമായ ചാത്തം ഡോക്‌യാർഡിലെ എഞ്ചിനീയർമാർ ഇനിയും മറന്നിട്ടുണ്ടാവില്ല. മോട്ടോർ ബൈക്ക് റേസിംഗ് ട്രാക്കിനു വേഗത്തിന്റെ തീ കൊളുത്തിയ ‘റൈഡേറെ’ കൂട്ടാളികൾ മറന്നിട്ടില്ല – ഉറപ്പ്. മലയാളികൾക്കായി ആദ്യത്തെ ഫുട്ബാൾ ക്ലബ് സിംഗപ്പൂരിൽ ആരംഭിച്ച കായികപ്രേമിയെ അന്നുള്ളവർ ഇന്നും ഓർക്കുന്നുണ്ടാവും. ആയിരം പൂർണചന്ദ്രന്മാരെ ദർശിക്കാൻ ഭാഗ്യമുണ്ടായ, ഒരു പുരുഷായുസിൽ നേടിയെടുക്കാനുള്ളതെല്ലാം നേടിയെടുത്ത, ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ മൂല്യങ്ങൾ കൈവിടാതെ സൂക്ഷിച്ച ‘നടരാജൻ അങ്കിൾ’ ഏവർക്കും മാതൃകാപുരുഷൻ തന്നെയാണ്.

നിഷ്കാമകർമം കൈമുതലാക്കി ജീവിച്ചു, ആശാപാശങ്ങളെ യഥാവിധി അകറ്റി നിർത്തി, ഒടുവിൽ മോക്ഷത്തിലേക്കുള്ള യാത്രയ്ക്കായി നമ്മെ വിട്ടു പിരിഞ്ഞ ‘നടരാജൻ അങ്കിളിന്’ അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഫെബ്രുവരി മാസം 10 -)൦ തീയതി നടക്കുന്ന ചടങ്ങുകൾ താഴെപ്പറയും വിധമായിരിക്കും. അന്ത്യോപചാരങ്ങൾ അർപ്പിക്കലും ഹൈന്ദവാചാരപ്രകാരമുള്ള അന്ത്യകർമങ്ങളും ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെ കെന്റിലെ ലോർഡ്‌സ് വുഡിൽ (Grand Quee Suite, Lordswood Leisure Centre, North Dane Way, Lordswood, Chatham, Kent, ME5 8YE) നടക്കുന്നു.

സംസ്കാരചടങ്ങുകൾ നടക്കുന്നത് Medway ക്രീമറ്റോറിയത്തിൽ (Medway Crematorium, Robin Hood Lane, Blue Bell Hill, Chatham Kent, ME5 9QU) 2 മണി മുതലാണ്. അതിനു ശേഷം കർമങ്ങളിൽ പങ്കെടുത്തവർക്കുള്ള ഭക്ഷണം ഒരുക്കിയിരിക്കുന്നത് ലോർഡ്‌സ് വുഡിൽ (Grand Quee Suite, Lordswood Leisure Centre, North Dane Way, Lordswood, Chatham, Kent, ME5 8YE) തന്നെയാണ് – 3 മണി മുതൽ.

Grand Quee Suite ലേക്കുള്ള പ്രവേശനം പ്രധാന കവാടം വഴിയല്ല, പകരം കാർ പാർക്കിൽ നിന്ന് Garden വഴിയായിരിക്കുമെന്നു കുടുംബാംഗങ്ങൾ അറിയിക്കുന്നു. Signage Garden ന്റെ പരിസരത്തു നല്കിയിരിക്കും. അതുപോലെ, അന്ത്യോപചാരം അർപ്പിക്കുവാനെത്തുന്നവർ പൂക്കൾക്ക് പകരം തങ്ങളാൽ ആവുംവിധം ഒരു സംഭാവന Macmillan Cancer Support നു വേണ്ടി നൽകാനും കുടുംബാംഗങ്ങൾ ഓർമിപ്പിക്കുന്നു. സംഭാവന സമർപ്പിക്കുവാൻ സംവിധാനം ഹാളിൽ തന്നെയുണ്ടാവുന്നതാണ്.

അനുശോചനങ്ങൾ അറിയിക്കാനും മറ്റു വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ : 01634 328169.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.