1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2020

സ്വന്തം ലേഖകൻ: ഞങ്ങളില്‍ ആര്‍ക്കും അറിയുമായിരുന്നില്ല ആ വിമാനം തകരാന്‍ പോവുകയാണെന്ന്. വളരെ സാധാരണഗതിയില്‍ വിമാനം പോവുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത്, – കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍ വിമാനാപകടത്തെക്കുറിച്ചു പറഞ്ഞു.

“എല്ലാഭാഗത്തു നിന്നും നിലവിളിമാത്രമാണ് ഞാന്‍ കേട്ടത്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും. എനിക്കാരേയും കാണാന്‍ കഴിഞ്ഞിരുന്നില്ല, നിലവിളി ശബ്ദം മാത്രം. പിന്നെ കണ്ടത് ഒരു തീഗോളമായിരുന്നു,” സുബൈര്‍ പറഞ്ഞു.

സ്വയരക്ഷയ്ക്കു വേണ്ടി തനിക്ക് 10 അടി താഴേയ്ക്ക് ചാടേണ്ടി വന്നെന്നും സുബൈര്‍ പറഞ്ഞു. 97 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനപകടത്തില്‍ രണ്ട്‌പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

“ഞാനെന്റെ സീറ്റ്‌ബെല്‍റ്റ് തുറന്നു. അവിടെ കണ്ട വെളിച്ചം ലക്ഷ്യമാക്കി നടന്നു. സ്വയരക്ഷയ്ക്കുവേണ്ടി എനിക്ക് 10 അടി താഴേക്ക് ചാടേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. നേരത്തെ അപകടം നടന്ന വിമാനത്തിലെ പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോലറും തമ്മിലുള്ള സംഭാഷണം പുറത്തു വന്നിരുന്നു.

ശബ്ദസന്ദേശത്തില്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും നഷ്ടപ്പെട്ടതായി പൈലറ്റ് പറയുന്നുണ്ട്. ഒടുവില്‍ അപകടത്തെ സൂചിപ്പിക്കുന്ന മെയ്‌ഡേ മെയ്‌ഡേ എന്ന സന്ദേശമാണ് പൈലറ്റ് നല്‍കിയിരുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സംഭാഷണം മുറിഞ് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു. കറാച്ചിയിലെ ജിന്ന എയര്‍പോര്‍ട്ടിനു സമീപമുള്ള ജനവാസ കേന്ദ്രത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചത്.

അതിനിടെ വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. വിമാനം കെട്ടിടങ്ങളിലേക്ക് വന്നുപതിച്ചയുടന്‍ ഉഗ്രസ്‌ഫോടനമുണ്ടായി. സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. സമീപത്തെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിട്ടുള്ള സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം അടച്ചു. കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി ദിവസങ്ങള്‍ക്കുമുന്പാണ് പാകിസ്താന്‍ വിമാനസര്‍വീസിന് അനുമതി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.