1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2020

സ്വന്തം ലേഖകൻ: യോർക്ക്ഷയർ റിപ്പർ സീരിയൽ കില്ലർ പീറ്റർ സട്ട്ക്ലിഫ് ജയിലിൽ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. 1970 കളുടെ അവസാനത്തിൽ ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലയിൽ 13 ഓളം സ്ത്രീകളെ കൊലപ്പെടുത്തിയ സട്ട്ക്ലിഫ് യുകെയിലെ ഏറ്റവും കുപ്രസിദ്ധ തടവുകാരിൽ ഒരാളാണ്. ജയിലിൽ കൊറോണ വൈറസ് ബാധിച്ച സട്ട്ക്ലിഫ് ചികിത്സ നിരസിക്കുകയായിരുന്നു.

1981-ൽ പിടിയിലായ സട്ട്ക്ലിഫ് വർഷങ്ങളോളം ബ്രോഡ്മൂർ ആശുപത്രിയിൽ പാരാനോയിഡ് സ്കീസോഫ്രീനിയയ്ക്ക് ചികിത്സ തേടി. 2016-ൽ കൗണ്ടി ഡർഹാമിലെ എച്ച്.എം.പി ഫ്രാങ്ക്ലാൻഡിലേക്ക് മാറ്റുന്നതിനുമുമ്പ് 2010-ൽ ഇയാളുടെ ശിക്ഷ ആജീവനാന്ത ജീവപര്യന്തമാക്കി.

ഡർഹാമിൽ നിന്ന് മൂന്നു മൈൽ അകലെയുള്ള നോർത്ത് ഡർഹാമിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് സട്ട്ക്ലിഫ് മരിച്ചതെന്ന് ജയിൽ വക്താവ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ ഈ ആശുപത്രിയിലേക്ക് എത്തിച്ചതെങ്കിലും സട്ട്ക്ലിഫ് വൈറസിനുള്ള ചികിത്സ നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സ കഴിഞ്ഞ് 74 കാരനായ സട്ട്ക്ലിഫിനെ ജയിലിൽ തിരിച്ചെത്തിച്ചത്. എന്നാൽ കൊറോണ വൈറസ് പോസിറ്റീവായതോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. അമിതവണ്ണമുള്ള സട്ട്ക്ലിഫിന് പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

1960 കളുടെ അവസാനത്തിൽ സ്ത്രീകളെ ആക്രമിക്കാൻ തുടങ്ങിയ സട്ട്ക്ലിഫ് 1975 ൽ ലീഡ്സിൽ നിന്നുള്ള നാലു മക്കളുടെ അമ്മയും 28 കാരിയുമായ വിൽമ മക്കാനെ കൊലപ്പെടുത്തിയാണ് തന്റെ കൊലപാതക പരമ്പര തുടങ്ങിയത്. ഇയാൾ സ്വതന്ത്രനായി വിഹരിച്ച അഞ്ചു വർഷം ചില പ്രദേശങ്ങളിൽ സ്ത്രീകൾ രാത്രി തനിച്ച് പുറത്തിറങ്ങരുതെന്ന അപ്രഖ്യാപിത നിയമം പോലും നിലവിലുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.