1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2011

ഏട്ടിലെ പശു പുല്ല് തിന്നില്ല എന്ന് പറഞ്ഞ പോലെയാണ് ഇന്റര്‍നെറ്റില്‍ അവിടെയുമിവിടെയും ഒക്കെ പോയി കണ്ണില്‍ക്കണ്ട പോര്‍ണ്‍ മൂവീസോക്കെ കണ്ടു നടക്കുന്ന യുവാക്കളുടെ കര്യവുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ഗവേഷണഫലം പറയുന്നത്. ഇന്റര്‍നെറ്റ് പോണോഗ്രാഫി കിടക്കയില്‍ ആണിനെ പ്രത്യേകിച്ച് യുവാക്കളെ പ്രതീക്ഷയ്ക്ക് വകയില്ലാത്തവരാക്കി മാറ്റുന്നത് എങ്ങനെയെന്നായിരിക്കും നമ്മുടെ സംശയം, സദ്യ കഴിച്ചിരിക്കുന്നവന് എന്തായാലും കഞ്ഞിയോട് താല്പര്യം തോന്നില്ലല്ലോ, അതായത് ഇന്റര്‍നെറ്റിലെ സെക്സ് വീഡിയോ, ഫോട്ടോകള്‍ എന്നിവയൊക്കെ കണ്ട് ശീലിച്ച ആണിന് തന്റെ പങ്കാളി സാധാരണ കാട്ടുന്ന ലൈംഗിക പ്രവര്‍ത്തികളില്‍ ഉണര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നില്ല എന്നാണു പഠനത്തില്‍ പറയുന്നത്.

മദ്ധ്യവയസ്കരായ ആണുങ്ങളെ സംബന്ധിച്ചിടത്തോളം ഇതത്ര വലിയ പ്രശ്നങ്ങളൊന്നും അവരുടെ പങ്കാളിയുമോത്തുള്ള ലൈംഗിക ജീവിതത്തില്‍ ഉണ്ടാക്കുന്നില്ലയെങ്കിലും യുവാക്കളെ പ്രത്യേകിച്ച് കെട്ടുപ്രായമെത്തിയവരെ ഇത് വല്ലാതെ ബാധിക്കുന്നുണ്ട്. സൈക്കോളജി ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 20 കളില്‍ ജീവിക്കുന്ന പുരുഷന്മാരില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കാമുകിയുടെ/ഭാര്യയുടെ പ്രണയചേഷ്ടകള്‍ വലിയ ലൈംഗിക ഉണര്‍വോന്നും അവര്‍ക്ക് നല്‍കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ഇതുമൂലം 30 വയസിനു മുന്‍പ് തന്നെ പുരുഷന്മാര്‍ക്ക് അവരുടെ ലൈംഗിക തൃഷ്ണ നഷ്ടപ്പെടുകയും കിടപ്പറയില്‍ അവര്‍ പരാജയമാകുകയും ചെയ്യുന്നു.

നമ്മുടെ ശരീരത്തെ ലൈംഗികപരമായി ഉണര്‍ത്താന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററായ ഡോപമൈന്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രാഫി കാണുന്നവരില്‍ അമിതമായി സ്റ്റിമുലേറ്റ് ചെയ്യുന്നതാണ് ഇതിനു ഗവേഷകര്‍ നല്‍കുന്ന ശാസ്ത്രീയമായ വിശദീകരണം. ഈ പ്രവണത ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോര്‍ണോഗ്രാഫി കാണുന്നവരില്‍ ഡോപമൈന്‍ നല്‍കുന്ന സിഗ്നലുകളോട് പ്രതികരിക്കാനുള്ള ശക്തി തലച്ചോറിനു നഷ്ടമാകുന്നു, തന്മൂലം പങ്കാളിക്ക് അവരെ ഉണര്‍ത്താന്‍ പറ്റാതെ വരികയും ചെയ്യുന്നു. എവിടെ നോക്കിയാലും ലൈംഗികപരമായി ഉത്തേജിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ നമുക്ക് കാണാന്‍ പറ്റുന്നുള്ളൂ ഇതാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ മാര്‍നിയ റോബിന്‍സന്‍ പറയുന്നത്.

അതേസമയം ഇതിനുള്ള പരിഹാരവും റോബിന്‍സന്‍ നിര്‍ദേശിക്കുന്നുണ്ട്, പൂര്‍ണമായും മാസങ്ങളോളം പോര്‍ണ്‍ മൂവീസ് കാണാതിരിക്കുന്ന പക്ഷം ഇവര്‍ക്ക് തങ്ങളുടെ കിടപ്പറയിലെ ‘ആണത്തം’ വീണ്ടെടുക്കാവുന്നതാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന ഏറെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത തുടര്‍ച്ചയായി ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രാഫി കാണുന്ന ചിലര്‍ക്ക് അവരെ ലൈംഗികപരമായി ഉത്തേജിപ്പിക്കാന്‍ പോര്‍ണ്‍ മൂവീസ് കാണാതെ പറ്റില്ലയെന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്തായാലും ഈ പഠനങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ത ജീവതത്തില്‍ ‘ആണായി’ ജീവിക്കണമെന്ന് ആഗ്രഹമുള്ള യുവാക്കളെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക; കുറച്ചൊക്കെ സ്വയം നിയന്ത്രിക്കുന്നത്‌ നിങ്ങളുടെ ആനന്ദകരമായ ലൈംഗിക ഭാവിക്ക് നന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.