1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2020

സ്വന്തം ലേഖകൻ: ഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പാർക്കിൻസൻസ് രോഗമാണെന്നും (വിറയൽ വാതം) ആരോഗ്യകാരണം മുൻനിർത്തി അടുത്ത വർഷം ആദ്യം അദ്ദേഹം സ്ഥാനമൊഴിയുമെന്നുമുളള റിപ്പോർട്ടുകൾ തള്ളി ക്രെംലിൻ. ബ്രിട്ടിഷ് ടാബ്ലോയിഡ് പത്രമായ ‘ദ് സൺ’ പുറത്തുവിട്ട റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

68 കാരനായ പുടിന് പാർക്കിൻസൻസ് രോഗലക്ഷണങ്ങളുണ്ടെന്നും ആരോഗ്യകാരണങ്ങളാൽ അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയാൻ അദ്ദേഹത്തിനു മേൽ ഒപ്പമുള്ളവരുടെ സമ്മർദ്ദമുണ്ടെന്നുമായിരുന്നു റിപ്പോർട്ട്. റഷ്യൻ രാഷ്ട്രീയ നിരീക്ഷകനായ പ്രഫസർ വലേറി സൊലേവ് മോസ്കോയിലെ ഒരു റേഡിയോ സ്റ്റേഷനുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ചാണ് ‘ദ് സൺ’ റിപ്പോർട്ട് നൽകിയത്.‌

കുടുംബത്തിൽ നിന്നും പുടിന് സ്ഥാനമൊഴിയാൻ സമ്മർദ്ദമുണ്ടെന്നും ‘ദ് സൺ’ റിപ്പോർട്ട് ചെയ്തു. പുടിന്റെ ആദ്യ വിവാഹത്തിലെ മക്കളായ 35 കാരി മരിയ വൊറോൻസോവയും 34 കാരി കത്രീന ടിക്ഹോനോവയും പുടിന്റെ കാമുകി ഗായികയും ജിംനാസ്റ്റിക്സ് താരവും രാഷ്ട്രീയക്കാരിയും മോഡലുമായ 37 കാരി അലീന കബേവയും ആരോഗ്യകാരണങ്ങൾ മുൻനിർത്തി സ്ഥാനമൊഴിയാൻ റഷ്യൻ പ്രസി‍ഡന്റിനെ സമ്മർദ്ദത്തിലാഴ്ത്തിയതായും ഈ വാർത്തയിൽ പരാമർശമുണ്ടായിരുന്നു.

“ഇത് ശുദ്ധ അസംബന്ധമാണ്, പ്രസിഡന്റിന് ഒരു കുഴപ്പവുമില്ല,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സമീപകാലത്ത് പുടിൻ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഉത്തരം.

2000 ൽ റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിൻ ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം തുടരുന്നയാൾ കൂടിയാണ്. 2036 വരെ പുടിനെ പ്രസിഡന്റായി മത്സരിക്കാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ഈ വർഷമാദ്യം ജനകീയ അംഗീകാരവും ലഭിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ്,പെൻഷൻ, സ്വവർഗ വിവാഹ നിരോധനം തുടങ്ങിയ ഭരണഘടനാ ഭേദഗതികളാണ് ഹിതപരിശോധനയ്ക്കു വച്ചത്. ഇതിൽ 77.9 % പേർ അനുകൂലമായി വോട്ടു ചെയ്തു.

2024ൽ ആണ് പുടിന്റെ നിലവിലെ കാലാവധി അവസാനിക്കുക. തുടർന്ന് 2 വട്ടം കൂടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഭേദഗതിയോടെ അവസരം ലഭിക്കും. 6 വർഷമാണ് റഷ്യൻ പ്രസിഡന്റിന്റെ കാലാവധി. തുടർച്ചയായി 2 വട്ടമേ പ്രസിഡന്റ് ആകാൻ കഴിയൂ എന്ന വ്യവസ്ഥ മാറ്റാനാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

20 വർഷമായി അധികാരത്തിലുള്ള പുടിൻ ഇടയ്ക്കു പ്രധാനമന്ത്രിയായാണ് ഈ വ്യവസ്ഥയെ മറികടന്നത്. പുതിയ ഭേദഗതിയോടെ പ്രസിഡന്റായി തന്നെ തുടരാം. കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണു പുടിൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.