1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2020

സ്വന്തം ലേഖകൻ: തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചു രാജ്യത്തിനു പുറത്തു പോകുന്ന തൊഴിലാളിക്ക് ഒരു വർഷം പ്രവേശന വിലക്ക്. തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റം ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ളതാണ്. ഇരുകക്ഷികളും തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കണം.

തൊഴിലാളി ജോലി മാറുന്ന പുതിയ കമ്പനി വേതന സംരക്ഷണ സംവിധാനം, തൊഴിൽ നിയമം എന്നിവയിലെ വ്യവസ്ഥകൾ പാലിക്കുന്നവരും ബിസിനസും പ്രൊജക്ടുമുള്ളവരുമാകണമെന്നും തൊഴിൽ കാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി മുഹമ്മദ് ഹസ്സൻ അൽ ഒബെയ്ദലി വ്യക്തമാക്കി.

തൊഴിൽമാറ്റത്തെക്കുറിച്ച് മന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷൻ സംവിധാനത്തിലൂടെ നിലവിലെ തൊഴിലുടമയെ മുൻകൂട്ടി അറിയിക്കണം. മന്ത്രാലയത്തിൽ സമർപ്പിക്കുന്ന തൊഴിൽ മാറ്റത്തിനുള്ള അപേക്ഷയ്ക്കൊപ്പം നിലവിലെ കമ്പനിയിലെ ജോലി രാജിവച്ചതിന്റെ പകർപ്പും നിർബന്ധമാണ്. മന്ത്രാലയത്തിന്റെ അംഗീകാരമുള്ള നിലവിലെ തൊഴിൽ കരാർ, പുതിയ കമ്പനിയുടെ സീലും ഒപ്പും പതിച്ച ഓഫർ ലെറ്റർ (അറബിക് ഭാഷയിലുള്ളത്) എന്നീ രേഖകളും തൊഴിൽമാറ്റ അപേക്ഷയ്‌ക്കൊപ്പം നൽകണം.

ജോലിമാറ്റം സംബന്ധിച്ചു നിലവിലെ കമ്പനിയിൽ മുൻകൂർ നോട്ടിസ് നൽകണം. ഒരു കമ്പനിയിൽ 2 വർഷത്തിൽ കൂടുതൽ ജോലി ചെയ്തവരെങ്കിൽ 2 മാസത്തെയും 2 വർഷത്തിൽ താഴെയെങ്കിൽ (പ്രൊബേഷൻ കാലത്താണെങ്കിലും) ഒരുമാസത്തെയും നോട്ടിസ് നൽകിയ ശേഷമേ തൊഴിൽ മാറ്റം അനുവദിക്കൂ.

തൊഴിലാളിക്ക് പരിശീലനം നൽകൽ, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്കായി ചെലവായ തുക തൊഴിലാളിയുടെ പുതിയ തൊഴിലുടമയിൽ നിന്ന് ഈടാക്കാനുള്ള അവകാശവും നിലവിലെ തൊഴിലുടമയ്ക്കുണ്ട്. പ്രൊബേഷൻ കാലത്താണ് തൊഴിൽ മാറ്റമെങ്കിൽ ജീവനക്കാരന്റെ പുതിയ തൊഴിലുടമയും നിലവിലെ തൊഴിലുടമയും തമ്മിൽ ധാരണയിലെത്തിയ ശേഷം പുതിയ തൊഴിലുടമ റിക്രൂട്ട്‌മെന്റ് ഫീസ്, വൺ-വേ വിമാന ടിക്കറ്റ് എന്നിവയുടെ ഒരു ഭാഗം നിലവിലെ തൊഴിലുടമയ്ക്ക് നൽകണം. നഷ്ടപരിഹാര തുക ജീവനക്കാരന്റെ നിലവിലെ 2 മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാൾ കൂടാൻ പാടില്ല.

തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ മന്ത്രാലയത്തിൽ സമർപ്പിക്കുമ്പോൾ തൊഴിലുടമയ്ക്കും അപേക്ഷകനും മന്ത്രാലയം എസ്എംഎസ് അയക്കും. എസ്എംഎസ് സന്ദേശങ്ങളിലെ വാക്യങ്ങളിൽ ആശയക്കുഴപ്പം വേണ്ട. മന്ത്രാലയത്തിൽ സമർപ്പിക്കുന്ന അപേക്ഷ നിശ്ചിത വ്യവസ്ഥകളും ചട്ടങ്ങളും വിലയിരുത്തി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. മന്ത്രാലയം ആദ്യത്തെ എസ്എംഎസ് അയയ്ക്കുന്നത് അപേക്ഷകനാണ്. ‘അപേക്ഷ ലഭിച്ചു, പരിഗണനയിൽ’ എന്നതുമാത്രമാണ് ആദ്യ സന്ദേശത്തിന്റെ അർഥമെന്ന് അൽ ഒബെയ്ദലി പറഞ്ഞു.

അപേക്ഷയുടെ വിലയിരുത്തൽ പൂർത്തിയാകുന്നതു വരെ തൊഴിലാളി നിലവിലെ കമ്പനിയിൽ തുടരണം. വിശദമായ വിലയിരുത്തലിനു ശേഷം അപേക്ഷ അംഗീകരിച്ചാൽ രണ്ടാമത്തെ സന്ദേശം തൊഴിലുടമയ്ക്കാണ് അയയ്ക്കുന്നത്. ജീവനക്കാരൻ തൊഴിൽ മാറ്റത്തിന് അപേക്ഷ നൽകിയതും നോട്ടിസ് പീരിഡിനെക്കുറിച്ചും തൊഴിലുടമയെ അറിയിക്കുന്നതാണിത്. ജീവനക്കാരന്റെ തൊഴിൽ മാറ്റം സംബന്ധിച്ച് തൊഴിലുടമയ്ക്ക് ആശങ്കയുണ്ടെങ്കിൽ എസ്എംഎസിലെ ഇ-മെയിൽ വിലാസത്തിലോ ഹോട്‌ലൈൻ നമ്പറിലോ അധികൃതരെ അറിയിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.