1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

സംഗീത് ശേഖര്‍

മലയാള സിനിമയുടെ നഷ്ടം എന്ന പതിവ് ക്ലീഷേയില്‍ ഒതുക്കേണ്ട നടന്‍ അല്ല ഇന്ന് അന്തരിച്ച നടന്‍ തിലകന്‍ .അദ്ദേഹം ശരിക്കും ഒരു നഷ്ടം തന്നെയാണ്.ഈയിടെയായി മലയാള സിനിമയില്‍നിന്ന്കൊഴിയുന്ന പുഷ്പങ്ങള്‍ എല്ലാം തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.മുരളിയുടെയും രാജന്‍ പി ദേവിന്റെയും വിടവുകള്‍ നികത്താനാകാതെ വിഷമിക്കുന്ന മലയാള സിനിമക്കെറ്റ മറ്റൊരു പ്രഹരം ,കുറച്ചു നാളുകളായി അദ്ദെഹം കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നില്ല എങ്കില്‍ തന്നെയും .അദ്ദേഹത്തിന്റെ കരിയര്‍ ജനങ്ങള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.

പരുക്കന്‍ കഥാപാത്രങ്ങള്‍ കുറച്ചേറെ ചെയ്തെങ്കിലും അദ്ദേഹം ഒരു മള്‍ട്ടി ഡയമാന്ഷനല്‍ ആക്ടര്‍ ആയിരുന്നു.മൂക്കില്ലാരാജ്യത്ത്,നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ തന്‍റെ മറ്റൊരു ഭാവം അദ്ദേഹം കാണിച്ചു തന്നു . അദ്ദേഹത്തിന്റെ പരുക്കന്‍ ശബ്ദവും രൂപവും കൂടുതലും പരുക്കന്‍ കഥാപാത്രങ്ങള്‍ ആണ് കൊണ്ട് വന്നതെങ്കിലും ഒരു പ്രത്യേക ഇമേജില്‍ തളച്ചിടപ്പെടാതെ തിലകന്‍ കരുത്താര്‍ജിച്ചു .നാടകകളരികളില്‍ തേച്ചു മിനുക്കിയെടുത്ത സ്വാഭാവികമായ അഭിനയപാടവം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ് .എന്നാലും ഞാന്‍ 3 ഏണ്ണം എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. മൂന്നാം പക്കം -പദ്മരാജന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മൂന്നാം പക്കം .അതിലെ വ്ര്യദ്ധനായ കഥാപാത്രത്തെ തിലകന്‍ അവിസ്മരണീയമാക്കി.തന്‍റെ പ്രായത്തെ മറികടന്ന തിലകന്‍ സ്വാഭാവികമായ അനായാസതയോടെ കടലില്‍ വീണു നഷ്ടപ്പെട്ട തന്‍റെ കൊച്ചുമകന്റെ മ്ര്യത ദേഹം കാത്തിരിക്കുന്ന വ്ര്യദ്ധന്റെ വിഹ്വലതകള്‍ ഗംഭീരമാക്കി.ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ പോലീസുകാരന്‍ ഒരു നൊമ്പരമായിരുന്നു.മോഹന്‍ലാല്‍ എന്ന ഇന്ത്യയിലെ തന്നെ എറ്റവും മികച്ച നാച്വറല്‍ ആക്ടരുടെ ഒപ്പത്തിനൊപ്പം നിന്ന് ,പലപ്പോഴും ലാലിനെ പിന്നിലാക്കുകയും ചെയ്ത ഒരു ബ്രില്ല്യന്റ് പെര്‍ഫോമന്‍സ്.കാട്ടുകുതിര എസ്.എല്‍ പുരത്തിന്റെ പ്രസിദ്ധമായ നാടകമായിരുന്നു .രാജന്‍ പി ദേവ് എന്ന അതുല്യ നടന്‍ അവിസ്മരണീയമാക്കിയ കൊച്ചുവാവ എന്ന കഥാപാത്രം ,കാട്ടുകുതിര സിനിമയാക്കിയപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ രാജന്‍ ഒരുപാട് കൊതിച്ചിരുന്നു .പക്ഷെ നറുക്ക് വീണത് തിലകനും .സിനിമ കണ്ടപ്പോള്‍ തന്‍റെ വിഷമം മാറി എന്ന് രാജന്‍ പി പറഞ്ഞത് തിലകന്റെ ഉജ്വല പ്രകടനം കണ്ടിട്ടായിരുന്നു.അദ്ദെഹത്തിന്റെ വില്ലന്‍വേഷങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ വില്ലന്‍ വേഷം ഒന്നാന്തരമായിരുന്നു .

തിലകനെ അകറ്റി നിര്‍ത്തിയവര്‍ നമുക്ക് ലഭിക്കുമായിരുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളെ കൂടി ഇല്ലാതാക്കി

മലയാള സിനിമ പിന്തുടരുന്ന എല്ലാവര്ക്കും ഒരദ്ഭുതമാണ് തിലകന്‍ എന്ന മഹാനടന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല എന്നത് .തിലകന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല എന്നത് അദ്ദെഹത്തിന്റെ ന്യൂനത അല്ല,മറിച്ച് ആ അവാര്‍ഡിന്റെ മൂല്യത്തിലാണ് കളങ്കം ഉണ്ടാക്കിയത് എന്നതാണ് സത്യം .1990ഇല്‍ പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന്‌ അദ്ദെഹത്തെ ദേശീയ അവാര്‍ഡിന് പരിഗണിച്ചു എങ്കിലും അഗ്നിപഥ് എന്ന ബോളിവുഡ് മാസ്സ് മസാല ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് കൊണ്ട് പോയത് സാക്ഷാല്‍ ബിഗ്ബി . മുംബൈ ലോബിയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഫലം എന്ന് തിലകന്‍ തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് .തികച്ചും അന്യായമായ തീരുമാനമായിരുന്നു അത്.

തിലകനെയും നെടുമുടിവേണുവിനെയും പോലുള്ള അഭിനയപ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ എന്ന പിന്‍ബലം ആവശ്യമില്ല എങ്കിലും അവര്‍ അത് അര്‍ഹിച്ചിരുന്നു.മികച്ച സഹനടനുള്ള ദേശിയ ബഹുമതി തിലകന് ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ച നടന്മാരുടെ ലിസ്റ്റില്‍ തിലകന്റെ പേര് ഉള്പ്പെടാത്തത് ദേശീയ അവാര്‍ഡ് എന്ന പുരസ്കാരത്തിന് മാത്രമാണ് ക്ഷീണമാകുന്നത് .ഒരു ബഹുമതിയുടെയും പിന്‍ബലമില്ലാതെ തന്നെ മലയാളിക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാം ,തിലകന്‍ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായിരുന്നു എന്ന്.

തന്റെ നിലപാടുകള്‍ വ്യക്തമായി ചങ്കുറപ്പോടെ പറയാനുള്ള ആര്‍ജ്ജവം അദ്ദെഹം എന്നും കാണിച്ചിരുന്നു .അത് പലരെയും വേദനിപ്പിച്ചിട്ടുന്ടാകും.എന്നാല്‍ തന്‍റെ തീരുമാനങ്ങളില്‍ അദ്ദെഹം ഉറച്ചുനിന്നു .സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കാലഘട്ടം അദ്ദെഹത്തെ വളരെ വേദനിപ്പിച്ചിരുന്നു .മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു .മോഹന്‍ലാല്‍ എന്ന നടന്റെ മികവ് അംഗീകരിച്ചു കൊണ്ട് തന്നെ ലാലിലെ മാറ്റങ്ങളെ അദ്ദെഹം നിശിതമായി വിമര്‍ശിച്ചു .ലാലിലെ നടനെ അയാളിലെ താരം പലപ്പോഴും മറികടക്കുന്നു എന്ന് തിലകന്‍ ക്ര്യത്യമായി നിരീക്ഷിച്ചു.മമ്മൂട്ടിയും തിലകന്റെ നിശിത വിമര്‍ശനം ഏറ്റു വാങ്ങി .മലയാള സിനിമയെ നശിപ്പിക്കുന്ന സൂപ്പര്‍ താര സംസ്കാരം ഇവിടെ വളര്‍ത്തിയതില്‍ ഇവരുടെ പങ്ക് അദ്ദെഹം പലപ്പോഴും എടുത്ത് പറഞ്ഞിരുന്നു.

താര സംഘടനയായ അമ്മയുമായി തിലകന്‍ ഒട്ടും രസത്തിലായിരുന്നില്ല . അമ്മ വിലക്ക് കല്പിച്ച വിനയന്റെ ചിത്രങ്ങളില്‍ സഹകരിക്കാന്‍ തിലകന്‍ ധൈര്യം കാട്ടിയിരുന്നു. കലാകാരന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാകണം സംഘടനകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അപ്രഖ്യാപിതമായ ഒരു വിലക്ക് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. തിലകനുമായി നീരസത്തിലായിരുന്നവര്‍ ഇപ്പോള്‍ ചാനലുകളില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന തിരക്കിലാണ്.അവര്‍ അങ്ങനെ ചെയ്തില്ലെങ്കിലും ചെയ്താലും വിമര്‍ശിക്കാന്‍ ഇവിടെ ആള്‍ക്കാര്‍ ഇഷ്ടം പോലെ ഉണ്ടാകും എന്നതും നഗ്നമായ സത്യം.ഫേസ്ബുക്കില്‍ ഇപ്പോള്‍ വരുന്ന പോസ്റ്റുകളിലെ വാചകങ്ങള്‍ അല്പം ഒന്ന് മാറും എന്ന് മാത്രം .മരിച്ചിട്ട് പോലും തിരിഞ്ഞ് നോക്കിയില്ല എന്ന രീതിയില്‍ .അതുകൊണ്ട് മലയാളിയുടെ ആ കാപട്യത്തെ നമുക്ക് വെറുതെ വിടാം .

തിലകനെ അകറ്റി നിര്‍ത്തിയവര്‍ അദ്ദേഹതോട് മാത്രമല്ല ,മലയാള സിനിമയോട് മൊത്തത്തില്‍ തന്നെ ചെയ്തത് വലിയ ക്രൂരതയാണ് .നമുക്ക് ലഭിക്കുമായിരുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളെ കൂടി അവര്‍ ഇല്ലാതാക്കി.പക്ഷെ അവര്‍ക്കൊരിക്കലും തിലകന്‍ എന്ന മഹാനടന്‍ മലയാളസിനിമ ഉള്ളിടത്തോളം കാലം മലയാളികളുടെ മനസ്സില്‍ വിരാജിക്കുന്നത് തടയാന്‍ ആകില്ല .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.