1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2020

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തി. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു. യുഎഇയും ഇസ്രായേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്.

ഏറെ നാള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടത്. ട്രപും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് ചര്‍ച്ചയിലേര്‍പ്പെട്ടത്. ഫോണിലൂടെയാണ് കരാര്‍ നടപടികള്‍ നടത്തിയത്.

“ഇന്ന് വലിയ മുന്നേറ്റം! ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേര്‍പ്പെട്ടു,” ട്രംപ് ട്വീറ്റ് ചെയ്തു.

“പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ചര്‍ച്ചയില്‍ ഇസ്രയേല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ കൂടുതല്‍ പിടിച്ചെടുക്കുന്നത് തടയാന്‍ ധാരണയിലെത്തി. യുഎഇയും ഇസ്രായേലും സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കാനും സമ്മതിച്ചു,” മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്ററിലൂടെ അറിയിച്ചു.

പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും അടുത്ത ആഴ്ച ഇത്തരത്തില്‍ കരാറുണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇത് അസാധ്യമാണെന്ന് എല്ലാവരും പറഞ്ഞു, 49 വര്‍ഷത്തിനു ശേഷം ഇസ്രയേലും യുഎഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂര്‍ണ്ണമായും സാധാരണമാക്കും. അവര്‍ എംബസികളെയും അംബാസഡര്‍മാരെയും കൈമാറ്റം ചെയ്യുകയും അതിര്‍ത്തിയിലുടനീളം സഹകരണം ആരംഭിക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യു.എ.ഇയും തമ്മില്‍ നിര്‍ണായകമായ നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചിരിക്കെ വിഷയം അറബ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. വിഷയത്തില്‍ രൂക്ഷ വിമര്‍നമാണ് ഫലസ്തീന്‍ നേതൃത്വം നടത്തിയിരിക്കുന്നത്. യു.എ.ഇയും ഇസ്രഈലും യു.എസും ഒരുമിച്ച് നടത്തിയ ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്ന് ഫല്‌സ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു. ഫലസ്തീനെ ചതിക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

സമാനമായി ഫലസ്തീനിലെ ഹമാസ് നേതൃത്വവും പ്രതികരിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശ നിഷേധത്തിനും ഇസ്രഈല്‍ അധിനിവേശത്തിനും ഇത് കാരണമാവുമെന്ന് ഹമാസ് പ്രതിനിധി ഹസിം ഖാസിം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രഈല്‍- യു.എ.ഇ അനുനയത്തെ ജോര്‍ദാന്‍ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഇസ്രഈല്‍ ഫലസ്തീന്‍ മേഖലയിലേക്കുള്ള അധിനിവേശം നിര്‍ത്തിയാല്‍ മേഖലയില്‍ സമാധാനം സാധ്യമാവുമെന്നാണ് ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞത്. യു.എ.ഇയുടെ ഉറ്റ സുഹൃദ് രാജ്യമായ ഈജിപ്തും ഇസ്രഈല്‍ യു.എ.ഇ അനുനയത്തെ സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.