1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: “ഞാന്‍ ഏറെക്കുറെ മരിച്ചിരുന്നു,” വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലുള്ള വീട്ടിലിരുന്ന് കൊറോണ വൈറസ് തന്റെ ജീവനില്‍ പിടിമുറുക്കിയ ദിനങ്ങളെക്കുറിച്ചോര്‍ക്കുകയാണ് ഇന്ത്യന്‍ വംശജയായ റിയാ ലഖാനി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയ ഇപ്പോള്‍ രോഗമുക്തി നേടിയിരിക്കുകയാണ്.

ശ്വസനമെന്നത് സ്വഭാവിക പ്രകിയയാണ്. എന്നാല്‍ ഇപ്പോള്‍ ശ്വാസമെടുക്കുന്നതും പുറത്തേക്കും വിടുന്നതുമെല്ലാം ഞാനോര്‍ക്കാറുണ്ട്…റിയ ബിബിസിയോട് പറഞ്ഞു. ചികിത്സക്ക് ശേഷം വീട്ടില്‍ സ്വയം ഐസലോഷനില്‍ കഴിയുകയാണ് റിയ. ഭര്‍ത്താവിനെയോ, മാതാപിതാക്കളെയോ കാണാന്‍ സാധിക്കാറില്ല. ചില രാത്രികളില്‍ അവള്‍ ശ്വസിക്കാന്‍ പ്രയാസപ്പെട്ട് ഞെട്ടിയുണരാറുണ്ട്.

സെയില്‍സ് എക്സിക്യൂട്ടിവാണ് റിയ. അന്നനാളവുമായി ബന്ധപ്പെട്ട ഒരു ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് റിയക്ക് കോവിഡിന്റ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ആശുപത്രി വാസം റിയയെ സംബന്ധിച്ച് പുതിയതല്ലെങ്കിലും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നില ഗുരുതരമായി. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു, പനിയും കൂടി. ശസ്ത്രക്രിയയുടെ പാര്‍ശ്വഫലമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് സ്രവം പരിശോധിച്ചപ്പോഴാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്.

റിയക്ക് കോവിഡാണെന്ന സ്ഥിരീകരിച്ചതോടെ അവരുടെ മുറിക്ക് സമീപമുള്ള എല്ലാ വാര്‍ഡുകളും ഒഴിപ്പിച്ചു.റിയയുടെ മുറിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. റിയയുടെ നില വഷളായിക്കൊണ്ടിരുന്നു, കൂടുതല്‍ ഓക്സിജന്‍ വേണ്ടി വന്നു. തുടര്‍ന്ന് ലണ്ടനിലെ പ്രധാനപ്പെട്ട കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് റിയയെ മാറ്റുകയായിരുന്നു.

“കാര്യങ്ങള്‍ വളരെ മോശമായിക്കൊണ്ടിരുന്നു. ശ്വാസമെടുക്കുക എന്നത് ഒരു മലകയറ്റം പോലെ പ്രയാസകരമായിരുന്നു. ആശുപത്രിയില്‍ കിടന്ന് ഞാനെന്റെ കുടുംബത്തിന് ദുഃഖകരമായ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു,” റിയ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് ന്യൂമോണിയ ഉണ്ടായിരുന്നോ എന്ന് റിയക്ക് ഇപ്പോഴും അറിയില്ല. പക്ഷെ ഇപ്പോഴും ഇടക്ക് തന്റെ ശ്വാസകോശത്തില്‍ നിന്നും ക്രാക്കിംഗ് ശബ്ദം അനുഭവപ്പെടാറുണ്ടെന്നും റിയ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.