1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2020

സ്വന്തം ലേഖകൻ: യുഎസിൽ അധികാര കൈമാറ്റം അംഗീകരിക്കുന്ന ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ വിഭാഗം (GSA) ബൈഡൻ – കമല ഹാരിസ് ടീമിനു അധികാരം കൈമാറണമെന്ന അപേക്ഷയെ എതിർക്കുകയും വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. നിയമ വിധേയമായി മാത്രമേ അഡ്മിനിസ്ട്രേഷൻ നടപടികൾ കൈകൊള്ളാനാകൂ എന്നാണ് ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. ഭരണഘടനാപരമായി വിജയിയാരെന്നു പ്രഖ്യാപിച്ചതിനുശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ് ആരംഭിക്കുമെന്ന് ജിഎസ്എ അഡ്മിനിസ്ട്രേറ്റർ എമിലി മർഫി അറിയിച്ചു.

പ്രധാന വാർത്താ ചാനലുകൾ ശനിയാഴ്ച തന്നെ ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരാജയം സമ്മതിക്കാൻ വീസമ്മതിച്ചിരുന്നു. വോട്ടെടുപ്പിൽ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നാ യിരുന്നു ട്രംപിന്റെ പരാതി. ജിഎസ്എ ഗവൺമെന്റിൽ നിന്നും തിരഞ്ഞെടുപ്പിന്റെ പൂർണ്ണ വിവരങ്ങൾ ലഭിച്ച ശേഷമേ അധികാര കൈമാറ്റത്തെക്കുറിച്ചു നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് അഡ്മിനിസ്ട്രേറ്റർ എമിലി പറഞ്ഞു. ജിഎസ്എ അധികാര കൈമാറ്റം നിഷേധിച്ചതോടെ ബൈഡന്റെ ട്രാൻസിഷ്യൽ അംഗങ്ങൾക്ക് ശമ്പളവും, യാത്രാ ബത്തയും ലഭിക്കുന്നതിനും നിയമ തടസ്സമുണ്ട്.

ഏറെക്കാലമായി തന്‍റെ കൂടെ നിഴൽ പോലെ പ്രവർത്തിച്ച സന്തത സഹചാരിയെ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി പ്രഖ്യാപിച്ചു. പ്രസിഡന്‍റാകുമെന്ന് ഉറപ്പിച്ചതിന് ശേഷം വൈറ്റ് ഹൗസിലേക്ക് ജോ ബൈഡന്‍റെ ആദ്യ നിയമനമാണ് റോൺ ക്ലെയിന്‍റേത് എന്ന പ്രത്യേകതയുമുണ്ട്.

“ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ചതിനാൽ തന്നെ റോൺ എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ആളാണ്,” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. 2009ൽ വൈസ് പ്രസിഡന്‍റായിരുന്നപ്പോഴും റോൺ ക്ലെയിൻ ബൈഡന്‍റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.

ബൈഡൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുമ്പോഴും 59 വയസ്സായ റോൺ ക്ലെയിൻ ഒപ്പം പ്രവർത്തിച്ചിരുന്നു. അതിനുശേഷം വൈസ് പ്രസിഡന്‍റ് അൽ ഗോറിന്‍റെ ചീഫ് ഓഫ് സ്റ്റാഫായും ക്ലെയിൻ പ്രവർത്തിച്ചു. 2014ലെ എബോള പ്രതിസന്ധി സമയത്ത് പ്രസിഡന്‍റ് ബരാക് ഒബാമക്ക് കീഴിൽ വൈറ്റ് ഹൗസ് സംഘാടകനായും ക്ലെയിൻ പ്രവർത്തിച്ചിട്ടുണ്ട്.

“ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു,” പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് ക്ലെയിൻ പ്രതികരിച്ചു.

രാജ്യത്തെ നയിക്കാനും ഒരു നൂറ്റാണ്ടിലെ ഏറ്റവും മോശം പകര്‍ച്ചവ്യാധിയെയും കൊറോണ വൈറസ് തകര്‍ത്ത സമ്പദ്‌വ്യവസ്ഥയെയും നേരിടാനും ഉതകുന്നതുമായിരിക്കണം. അതു കൊണ്ടു തന്നെ ഏറ്റവും മികച്ച പ്രൊഫഷണല്‍ ടീമിനെയാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. ‘കാബിനറ്റ് സ്ഥാനങ്ങളിലേക്ക് ഞങ്ങള്‍ ആരെയാണ് തിരഞ്ഞെടുക്കുന്നതെന്ന് അവലോകനം ചെയ്യുന്നതിനു ഞങ്ങള്‍ ശ്രമിക്കുകയാണ്, ‘ബൈഡന്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘താങ്ക്‌സ്ഗിവിംഗിന് മുമ്പ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്, കൃത്യമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും അതു നിങ്ങളെ അറിയിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇടതുപക്ഷ സമ്മര്‍ദമുണ്ടെങ്കിലും റിപ്പബ്ലിക്കന്‍മാരുടെ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും പുരോഗമനവാദികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബൈഡന്‍ തയ്യാറാകും. തന്റെ മന്ത്രിസഭ ‘രാജ്യം പോലെ കാണപ്പെടുമെന്ന്’ പ്രസിഡന്‍ഷ്യല്‍ പ്രൈമറി സമയത്ത് വാഗ്ദാനം ചെയ്തതും അദ്ദേഹത്തിന് അവഗണിക്കാനാവില്ല.

ഡാലസിൽ പ്രതിദിന കൊവിഡ് 19 കേസുകൾ റെക്കോർഡ് നമ്പറിലെത്തിയതോടെ തുറന്ന് പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങൾ അടച്ചിടുന്നതായി ഡാലസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ഡെപ്യുട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷെറിൻ ക്രിസ്ത്യൻ അറിയിച്ചു.

സ്കൂൾ സ്റ്റാഫിനും വിദ്യാർഥികൾക്കും കൊവിഡ് 19 പകരുന്നുവെന്ന ആശങ്കയാണ് 586 വിദ്യാർഥികളുള്ള കെയ്‍ലറ്റ് എലിമെന്ററി (നോർത്ത് വെസ്റ്റ്് ഡാലസ്) അടച്ചിടുന്നതിനും, ഓൺലൈൻ ക്ലാസ്സുകൾ മാത്രം തുടരുന്നതിനും തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളിൽ സ്കൂളിലെ അഞ്ചു പേർക്കാണ് കൊവിഡ് 19 പോസിറ്റീവ് കണ്ടെത്തിയത്. നോർത്ത് ഈസ്റ്റ് ഡാലസിലെ മറ്റൊരു വിദ്യാലയമായ ഹോച്ച് കിസ്സ് എലിമെന്ററി സ്കൂളും താൽക്കാലികമായി അടച്ചു.

കൊവിഡ് 19 കണ്ടെത്തിയ കുട്ടികളുമായി സമ്പർക്കം പുലർത്തിയ വിദ്യാർഥികളെ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. നവംബർ 17 വരെ അടച്ചിടുന്ന കെയ്‌ലറ്റ് സ്കൂളിലെ വിദ്യാർഥികൾക്കും സ്റ്റാഫിനും റാപ്പിഡ് കൊവിഡ് ടെസ്റ്റ് നവംബർ 16ന് നടത്തുമെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബർ 28 മുതൽ തുറന്നു പ്രവർത്തിച്ച ഡാലസ് ഐഎസ്ഡിയിൽ ഇതുവരെ 900 പേർക്കാണ് കൊവിഡ് കണ്ടെത്തിയിട്ടുള്ളത്. ടെക്സസ് ഡാലസ് കൗണ്ടിയിൽ കൊവിഡ് കേസുകൾ വർധിച്ചുവരുന്നതിന്റെ ഭാഗമായാണ് ഇതെന്നു കരുതുന്നതായി ക്രിസ്ത്യൻ പറഞ്ഞു.

ഫിലഡൽഫിയ നഗരത്തിൽ COVID-19 കേസുകൾ അനുദിനം വർധിക്കുന്നതിനാലും പ്രധാന ആഘോഷ നാളുകളായ താങ്ക്സ് ഗീവിംഗ്, ക്രിസ്മസ്സ് അവധി – ആഘോഷ ദിവസങ്ങൾ കടന്നുവരുന്നതിനാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ഫില്ലി ഹെൽത്ത് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച പെൻസിൽവാനിയയിൽ 4,300 പുതിയ കേസുകളും 92 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതിൽ, ഫിലഡൽഫിയയിൽ 879 പുതിയ കൊറോണ പോസിറ്റിവ് കേസുകളും 12 മരണങ്ങളും ഉൾപ്പെടുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇത് ഒരു ദിവസം 70 കേസുകൾ ആയിരുന്നു കൊറോണ വൈറസ് കേസുകളുടെ അനിയന്ത്രിതമായ വർധനവ് മൂലം ഇതുവരെയുള്ള പകർച്ചവ്യാധിയുടെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നതെന്ന് ഫിലഡൽഫിയ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഫിലഡൽഫിയ, പെൻസിൽവാനിയ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോവ്ഡ് കേസുകൾ എക്കാലത്തെയും ഉയർന്ന നിലയിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.