1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുന്നു. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണിലുമാണ്. സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റെഡ്ഡിങ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ റെഡ്ഡിങിലെ ആബി സ്ക്കൂളിലും നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയുടെ പാരിഷ് ഹാളിലുമാവും നടത്തപ്പെടുക.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവജനപ്രതിനിധികളിലൊരാളായ ശ്രീ. റോജി. എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അങ്കമാലി നിയോജകമണ്ഡലത്തില്‍ നിന്നുള്ള അദ്ദേഹം വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലെ സജീവപ്രവര്‍ത്തനങ്ങളിലൂടെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലും മണ്ഡലത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച്ച നീണ്ട് നില്‍ക്കുന്ന യു.കെ-അയര്‍ലണ്ട് സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിനെ യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഒക്ടോബര്‍ 12 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് റെഡ്ഡിങ് ആബി സ്ക്കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീ. റോജി എം ജോണ്‍ എം.എല്‍.എ തിരിതെളിക്കുമ്പോള്‍ യുക്മയുടെ പത്താമത് കലാമേളയുടെ കേളികൊട്ട് ഉയരും. യുക്മ കലാമേളകളുടെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം പ്രാധാന്യമുള്ള നഗരമാണ് റെഡ്ഡിങ്. 2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ആരംഭിച്ചപ്പോള്‍ അതിന് മുന്നോടിയായി നടന്ന റീജണല്‍ കലാമേളകള്‍ക്ക് തുടക്കമിട്ടത് സംയുക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ റെഡ്ഡിങിലാണ്. ടോമി തോമസ് പ്രസിഡന്റായും മനോജ് കുമാര്‍ പിള്ള സെക്രട്ടറിയായും യുക്മയുടെ സ്ഥാപക ദേശീയ പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണിന്റെ നേതൃത്വത്തില്‍ റെഡ്ഡിങില്‍ വച്ച് മാതൃകാപരമായി നടത്തപ്പെട്ട പ്രഥമ റീജണല്‍ കലാമേളയുടെ ചുവട് പിടിച്ചാണ് മറ്റ് റീജണുകളിലും കലാമേളകള്‍ നടത്തിയത്. പത്ത് വര്‍ഷം മുന്‍പ് ആതിഥേയത്വം വഹിച്ച് ലോകമലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട യുക്മ കലാമേളയ്ക്ക് റെഡ്ഡിങ് വീണ്ടും വേദിയാകുമ്പോള്‍ അത് കലാസ്വാദകര്‍ക്ക് ഒരു മികച്ച വിരുന്നായി തീരുമെന്നുള്ളതിന് സംശയമില്ല.

കേരളത്തിന് പുറത്ത് സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് യുക്മ ദേശീയ കലാമേള. നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന പത്താമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഇതിനോടകം തന്നെ ആറ് റീജണുകളില്‍ കലാമേള പ്രഖ്യാപിച്ച് കഴിഞ്ഞു. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, മിഡ്ലാന്റ്സ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷെയര്‍, എന്നീ റീജണുകളിലാണ് ഇതിനോടകം തന്നെ കലാമേള പ്രഖ്യാപിച്ചിട്ടുള്ളത്. സ്ക്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് എന്നീ റീജണുകളിലെ കലാമേള ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ റീജണുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇത്തവണ ദേശീയ കമ്മറ്റി ഒരുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. പത്താമത് ദേശീയ കലാമേളയില്‍ യുക്മയുടെ പത്ത് റീജണുകളില്‍ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുകയെന്നുള്ള ലക്ഷ്യമിട്ടാണ് ദേശീയ ഭരണസമിതി മുന്നോട്ട് നീങ്ങുന്നതെന്ന് സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

സൗത്ത് ഈസ്റ്റ് റീജിയണില്‍ കലാമേളയുടെ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, യുക്മ പി.ആര്‍.ഒ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് എന്നിവര്‍ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ അതിഥികളായി പങ്കെടുക്കും.

യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ മുന്‍ നേതാക്കളും വരുണ്‍ ജോണിന്റെ നേതൃത്വത്തില്‍ റീജണല്‍ ഭാരവാഹികളും റീജിയണല്‍ കലാമേള വന്‍വിജയമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സൗത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ അസോസിയേഷനുകളും തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരി രിച്ചു. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു ഒക്ടോബര്‍ 12 ശനിയാഴ്ച്ച റെഡ്ഡിങില്‍ വച്ച് നടത്തപ്പെടുമ്പോള്‍ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.