1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2021

സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയിൽ പുത്തൻ ചരിത്രം എഴുതി ചേർക്കുകയായിരുന്നു.

പതിനൊന്നാമത് യുക്മ ദേശീയ മേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ മലയാളികൾക്ക് മുന്നിലും ലോക പ്രവാസിമലയാളി സമൂഹത്തിന് മുന്നിലും അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണിവിടെ.

നാട്യമയൂരം – മരിയ രാജു

നൃത്ത മത്സരങ്ങളിൽ ഏറ്റവുമധികം പോയിൻറ് കരസ്ഥമാക്കുന്ന കുട്ടിക്ക് മുൻ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റും യുക്മയുടെ ഏറ്റവും പ്രിയങ്കരനായ നേതാവുമായിരുന്ന യശശരീരനായ ശ്രീ.രഞ്ജിത്ത് കുമാറിൻ്റെ ഓർമയ്ക്കായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിരിക്കുന്ന എവർറോളിംഗ് ട്രോഫിയാണ് നാട്യമയൂരം ബഹുമതി. 2020 യുക്മ വെർച്വൽ കലാമേളയിൽ യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനിൽ നിന്നുള്ള മരിയ രാജുവാണ് നാട്യ മയൂര ബഹുമതിക്കർഹയായത്. ഏറ്റുമാനൂർ സ്വദേശി പുളിഞ്ചാക്കിൽ രാജു കുര്യാക്കോസിൻ്റേയും ബിൻസി ജേക്കബിൻ്റേയും രണ്ടാമത്തെ മകളാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി. ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിൽ നേടിയാണ് മരിയ നാട്യ മയൂര നേടിയത്. റിയ രാജു, ഹന്നാ രാജു എന്നിവർ സഹോദരിമാരാണ്. ദിവ്യ ഉണ്ണികൃഷ്ണൻ, കാവ്യ മാധവ് എന്നിവരാണ് മരിയയുടെ ഗുരുക്കൻമാർ. (തേജോമയി ഇൻസ്റ്റിറ്റ്യൂട്ട് )

ഭാഷാ കേസരി

വളർന്ന് വരുന്ന പുതിയ തലമുറയിലെ കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്ന തിനുമായി യുക്മയുടെ സമുന്നതനായ ദേശീയ നേതാവ് യശശരീരനായ ശ്രീ. എബ്രാഹം ജോർജിൻ്റെ ഓർമക്കായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിരിക്കുന്ന ബഹുമതിയാണ് ഭാഷാ കേസരി. ഇത്തവണ ഭാഷാ കേസരി ബഹുമതി രണ്ട് പേർ ചേർന്നാണ് പങ്കുവയ്ക്കുന്നത്.

സൈറാ മരിയ ജിജോ

യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബി സി എം സി അസോസിയേഷനിലെ സൈറാ മരിയ ജിജോ, കഴിഞ്ഞ രണ്ട് വർഷവും ഭാഷാ കേസരി ബഹുമതി കരസ്ഥമാക്കിയിരുന്നതാണ്. ബർമിംങ്ഹാം യൂണിവേഴ്സിറ്റിയിലെ കാറ്ററിംഗ് മാനേജരായ ജിജോ ഉതുപ്പിൻ്റേയും യുക്മ വൈസ് പ്രസിഡൻ്റും ഫിസിയോ തെറാപ്പിസ്റ്റുമായ ലിറ്റി ജിജോയുടെയും മൂത്ത മകളാണ് സൈറാ. ഇയർ 9 വിദ്യാർത്ഥിനിയായ സൈറാ മോണോ ആക്ട്, പദ്യപാരായണം എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടിയാണ് സൈറ ഭാഷാ കേസരി കരസ്ഥമാക്കിയത്. റബേക്ക ആൻ ജിജോ സഹോദരിയാണ്.

ടെസ്സ ജോൺ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിൽ നിന്നുള്ള ടെസ്സ ജോൺ കൂടി ഭാഷാ കേസരി ബഹുമതി സൈറയോടൊപ്പം പങ്കുവച്ചു. മണിമല വഴിപ്പറമ്പിൽ സ്റ്റാൻലി തോമസിൻ്റേയും സൂസൻ ഫ്രാൻസീസിൻ്റെയും മൂത്ത മകളാണ് ടെസ്സ ജോൺ. സെൻ്റ്. ബെഡ്സ് ഇൻ്റർ ചർച്ച് സ്കൂളിലെ ഇയർ 10 വിദ്യാർത്ഥിനിയാണ് ടെസ്സ. മലയാളം പ്രസംഗം ഒന്നാം സ്ഥാനവും, പദ്യപാരായണം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ടെസ്സ ഭാഷാ കേസരി ബഹുമതി നേടിയത്. മെലീസ ജോൺ സഹോദരിയാണ്.

വ്യക്തിഗത ചാമ്പ്യൻമാർ

കിഡ്സ് വിഭാഗം:- ജാൻവി ജയേഷ് നായർ

കുട്ടനാട് എടത്വ സ്വദേശിയായ മുരളീ നിലയത്തിൽ വിപ്റോയിൽ ഐ ടി ഉദ്യോഗസ്ഥരായ ജയേഷ് കുമാറിൻ്റെയും അനുഗ്രഹീത ഗായിക അനു ചന്ദ്രയുടെയും മകളായ ജാൻവി ജയേഷ് നായർ. സോളോസോംഗ്, സ്റ്റോറി ടെല്ലിംഗ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും, സിനിമാറ്റിക് ഡാൻസിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ജാൻവി കിഡ്സ് വിഭാഗം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. ഇയർ 2 വിദ്യാർത്ഥിനിയാണ്. വിൽഷെയർ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ജാൻവി കലാമേളയിൽ പങ്കെടുത്തത്.

സബ് ജൂനിയർ വിഭാഗം:-

ഇവാ മരിയ കുര്യാക്കോസ് & മരിയ രാജു

ഇവാ മരിയ കുര്യാക്കോസ്

എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോ.ജോജി കുര്യാക്കോസിൻ്റേയും ഡോ. ദീപാ ജേക്കബ്ബിൻ്റെയും ഏകമകളായ ഇവാ മരിയ കുര്യാക്കോസ് നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, മോണോ ആക്ടിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കുവച്ചത്. യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഇവാ കലാമേളയിൽ പങ്കെടുത്തത്.

മരിയ രാജു

യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനിലെ തന്നെ മരിയ രാജുവാണ് സബ് ജൂനിയർ വ്യക്തിഗത വിഭാഗം ചാമ്പ്യൻഷിപ്പ് ഇവയോടൊപ്പം പങ്കുവച്ചത്. മരിയ രാജു മരിയ നാട്യ മയൂരം ബഹുമതിയും നേടിയിരുന്നു.

ജൂനിയർ വിഭാഗം – ടോണി അലോഷ്യസ്

തിരുവനന്തപുരം വഴുതക്കാട് സ്വദേശികളും ഐ ടി ഉദ്യോഗസ്ഥരുമായ അലോഷ്യസ് ഗബ്രിയേലിൻ്റെയും ജിജി അലോഷ്യസിൻ്റേയും രണ്ടാമത്തെ മകനായ ടോണി അലോഷ്യസ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, പ്രസംഗം (ഇംഗ്ലീഷ് ), എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ടോണി വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. തുടർച്ചയായി രണ്ടാം വർഷവും കലാപ്രതിഭ പട്ടവും ടോണിയാണ് നേടിയത്. ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനിൽ നിന്നുള്ള ടോണി ഐൽസ്ബറി ഗ്രാമർ സ്കൂളിലെ ജി സി എസ് ഇ വിദ്യാർത്ഥിയാണ്. പിയാനോ, ഡ്രംസ് എന്നീ മ്യൂസിക്കൽ ഇൻസ്ട്രുമെൻറിലും പ്രാഗത്ഭ്യം തെളിയിച്ച ടോണി കരാട്ടേ ബ്രൗൺ ബെറ്റ് ധാരിയാണ്.

സീനിയർ വിഭാഗം – ആനി അലോഷ്യസ്

ടോണി അലോഷ്യസിൻ്റെ സഹോദരിയാണ് സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ ആനി അലോഷ്യസ്. ഐൽസ്ബറി ഗ്രാമർ സ്കൂളിൽ എ ലെവൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ആനി. സോളോ സോംഗ്, കീബോർഡ്, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് ആനി സീനിയർ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.2020 – ലെ യുക്മ കലാമേളയുടെ കലാ തിലകം പദവി കരസ്ഥമാക്കിയതും ആനി തന്നെയാണ്. വെസ്റ്റേൺ മ്യൂസിക്, കർണാടിക് മ്യൂസിക്, പിയാനോ എന്നീ ഇനങ്ങളിലും മികവ് തെളിയിച്ച ആനി കരാട്ടേ ബ്രൗൺ ബെൽറ്റ് ധാരികൂടിയാണ്.

ജെ എം പി സോഫ്റ്റ്‌വെയർ സാങ്കേതിക മികവിന്റെ വിജയം

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക മികവിന്റെ വിജയം കൂടിയാണ് പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള. കഴിഞ്ഞ രണ്ട്‌ വർഷം ഉപയോഗിച്ച് വിജയകരമെന്ന്‌ തെളിയിച്ച ഡിജിറ്റൽ കലാമേള സോഫ്റ്റ്‌വെയർ, ആവശ്യമായ മാറ്റങ്ങളോടെ പൂർണ്ണമായി കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് 2020 ലെ വെർച്വൽ കലാമേളയുടെ ഒരു വലിയ വിജയ കാരണമായി. യുക്മയുടെ സഹയാത്രികനും, സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ സെക്രട്ടറിയുമായ ജോസ് പി എം വർഷങ്ങളായി നടത്തിവരുന്ന
JMP software.co.uk എന്ന സ്ഥാപനം നേഴ്‌സിംഗ് ഏജൻസികളുടെ റോട്ട മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ ആണ് പ്രധാനമായും ഡെവലപ് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.