1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2012

സോണി ജോസഫ്‌

ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തി വിശാല്‍ യാത്രയായിട്ട് ഇന്ന് മൂന്ന് ദിവസമായി. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വിശാലിന്റെ മുഖം മെല്ലെ മറഞ്ഞുതുടങ്ങിയിരിക്കുന്നു. പകപോക്കലിന്റെയും പീഢനത്തിന്റെയും കഥകള്‍ നിത്യേനേ കേള്‍ക്കുന്ന കേരളത്തിന്റെ ജനത അടുത്ത വാര്‍ത്തയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് ഉറ്റുനോക്കി തുടങ്ങിയിരിക്കുന്നു. തങ്ങളുടെ കണ്‍മുന്നില്‍ കളിച്ചുവളര്‍ന്ന തങ്ങളില്‍ ഒരാളായി വളര്‍ന്നുവന്ന വിശാലിന്റെ അപ്രതീക്ഷിത മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മുളക്കുഴ നിവാസികള്‍ മെല്ലെ കരകയറി വരുന്നു.

ഈ അവസരത്തില്‍ ഒരു ഓര്‍മ്മക്കുറിപ്പ് പോലെ ഇക്കാര്യങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുന്നത് രണ്ട് ചിന്തകളാണ്. ഒന്ന്, പരസ്‌നേഹത്തിന്റെ പരിമളം പടര്‍ത്തി പോന്നുവന്നിരുന്ന ഒരു കൊച്ചുപ്രദേശത്ത് ആ മരണം ഉയര്‍ത്തിയ അലയടികള്‍. രണ്ട്, ഏങ്ങോട്ടു നോക്കിയാലും വിശാലിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിനിര്‍ത്തിയ ‘ശ്രീശൈലം’ എന്ന വീട്ടില്‍ കഴിയുന്ന അച്ഛനും അമ്മയും സഹോദരനും അനുഭവിക്കുന്ന ഹൃദയവ്യഥയുടെ ആഴത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴുള്ള വിങ്ങല്‍.

ചെങ്ങന്നൂരില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാറി വളരെ ശാന്തമായ അന്തരീക്ഷത്തില്‍ നാനാജാതിമതസ്ഥര്‍ വളരെ സൗഹൃദത്തില്‍ കഴിയുന്ന ഒരു കൊച്ചു ഗ്രാമമാണ് മുളക്കുഴ. ഈ ദിവസങ്ങളില്‍ അവിടം ഭീതിയുടെ നിഴലിലാണ്. അരുതാത്തത് എന്തോ സംഭവിച്ചതിന്റെ ആഘാതം. ഇനിയും അശുഭകരമായത് എന്തെക്കയോ ഇരുളിന്റെ മറവില്‍ പതിയിരിക്കുന്നുവോ എന്ന ആശങ്ക. മുളക്കുഴയെ വളരെ നന്നായി അറിയാവുന്ന ഒരുവന്‍ എന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവിടെനിന്ന് കേട്ട വിവരങ്ങള്‍ വളരെ നടക്കവും വേദനയും ഉളവാക്കുന്നതായിരുന്നു. ചെങ്ങന്നൂര്‍ നഗരത്തിനടുത്തുള്ള സ്ഥലമായതിനാല്‍ വലിയ വ്യാപാര സ്ഥാപനങ്ങളൊന്നും ഇവിടെയില്ല.

ഇവടത്തുകാര്‍ പരസ്പരം സൗഹൃദവും ആവലാതികളും ആശങ്കകളും പങ്കുവെക്കുകയും അല്‍പ്പം ചില കുശലങ്ങള്‍ പറയുകയുമൊക്കെ ചെയ്യാറുള്ളത് അങ്ങങ്ങുള്ള കൊച്ചുപീടികകളിലാണ്. അതില്‍ കൂലിപ്പണിക്കാരുണ്ട്, യുവജനങ്ങളുണ്ട്, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുണ്ട്, ഗള്‍ഫിലെ ജീവിതം മതിയാക്കിയെത്തിയവരുണ്ട്. അവര്‍ക്കിടയില്‍ സാമ്പത്തികസ്ഥതികളുടെ ഏറ്റക്കുറച്ചലിലുകള്‍ ഇല്ല. പ്രത്യശാസ്ത്രങ്ങളു2െ സംഘട്ടനങ്ങളില്ല. മതവിശ്വാസങ്ങളുടെ തീവ്രത നല്‍കുന്ന അകല്‍ച്ചകളുമില്ല. പക്ഷേ ഇവരാരും ഇപ്പോള്‍ പഴയതുപോലെ പുറത്തിറങ്ങുന്നില്ല. എല്ലാവരും ആശങ്കയിലാണ്. ഇനിയെന്ത് എന്ന ഭ്ീതി.

പ്രത്യശാസ്ത്രങ്ങളെ മാത്രം സ്‌നേഹിക്കുകയും പച്ചമനുഷ്യനെ വെട്ടിവീഴ്ത്തുകയും ചെയ്യുന്ന ഏതാനും ചില സംഘടനഭീകരജീവികള്‍ തുപ്പിയ വിഷത്തിന്‍റ ഇരയായിരുന്ന വിശാല്‍ എന്ന മുളക്കുഴ കാരക്കാട്ടു സ്വദേശി. ഈ ദിവസങ്ങളില്‍ ചെങ്ങന്നൂര്‍-മാവേലിക്കര താലൂക്കുകളില്‍ നിരോധനാജ്ഞയാണ്. ഈ നാട്ടുകാര്‍ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം കൂട്ടത്തില്‍പെട്ട കാലാളിനെ വെട്ടിയാല്‍ വെട്ടിയവന്റെ മന്ത്രിയെ വെട്ടുന്ന രാഷ്ട്രീയ ചതുരങ്കളിയുടെ നെറുകേടിന്റെ ഇരകളാകാന്‍ ഈ നാട്ടുകാര്‍ ആഗ്രഹിക്കുന്നില്ല. വിശാലിന്റെ മൃതദേഹം ഒന്നു കാണാന്‍ േപാലും കഴിയാതെ ഭീതിമൂലം സ്വന്തം വീട്ടില്‍ കഴിയേണ്ടി വന്ന ഒരു സഹപാഠിയുടെ സാക്ഷ്യം- അതാണ് കഴിഞ്ഞ ദിവസം എനിക്ക് വെളിപ്പെടുത്തി തന്നത്.

കലാലയരാഷ്വട്രീയവും സംഘടനകളും കുട്ടികളില്‍ നല്ല പൗരബോധവും സംഘടനാശീലവും ഉണ്ടാക്കി മികച്ച രാഷ്ട്രമീമാംസകരാക്കി മാറ്റുക എന്ന സദ് ഉദേശ്യത്തോടെ മാത്രം നമുക്കുമുമ്പേ നടന്നുനീങ്ങിയ നല്ല ഭരണകര്‍ത്താക്കള്‍ ആരംഭിച്ചതാണ്. ഇന്നത്തെ ഈ അപച്യൂതിയില്‍ നിന്ന് ആര്‍ക്ക് നമ്മുടെ നാടിനെ രക്ഷിക്കാനാകും? ജീവിതത്തിന്റെ നല്ലൊരു ഭാഗവും വ്യോമസേനയില്‍ ചെലവിട്ട വ്യക്തിയായ വേണുഗോപാലിന്റെ ജീവിതത്തില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ഏതൊരു നല്ല അച്ഛനെയുംപോലെ സ്വന്തം ആണ്‍മക്കളുടെ ശോഭനമായ ഭാവി. ആ ഓരൊറ്റ കാര്യത്തിനായാണ് നാട്ടിനെയും ബന്ധുക്കളെയും മക്കളെയും വിട്ട് ഇംഗ്ലണ്ടിലെ കൊടുംശൈത്യത്തിലും കഷ്ടതകളിലും വന്ന് കൂടുതല്‍ സമ്പാദിക്കാന്‍ പ്രേരിപ്പിച്ചത്.

എന്നും നല്ല ഒരു അച്ഛനായിരുന്നു വേണുഗോപാല്‍ മക്കള്‍ക്ക്. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നേടിനല്‍കി. മികച്ച വിദ്യാഭ്യാസം ഉള്‍പ്പടെ. അതില്‍ വേണുഗോപാലിന്റെ വലംകൈയായി സതിയും എന്നുമുണ്ടായിരുന്നു. എന്നും തന്റെ മക്കള്‍ക്കു നല്ല അമ്മയായി സതി വര്‍ത്തിച്ചുപോന്നു. അങ്ങനെ കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തിയ അരുമ മക്കളില്‍ ഒന്നിനെ നഷ്ടപ്പെടുന്നതിന്റെ വേദന പറഞ്ഞറിയിക്കാനാവില്ല. നമ്മുടെ ഊഹങ്ങള്‍ക്കുമപ്പുറത്താണത്.

ഇക്കഴിഞ്ഞ കര്‍ക്കിടകവാവ് ദിവസം ആയിരങ്ങള്‍ പിതൃസ്മരണയില്‍ വാവുബലി അര്‍പ്പിച്ചപ്പോള്‍ വേണുഗോപാല്‍ എന്ന ഹതഭാഗ്യവാനായ പിതാവിന് സ്വന്തം അരുമമകന് ചിതയൊരുക്കേണ്ട ദൗര്‍ഭാഗ്യമാണ് വിധി സമ്മാനിച്ചത്. വീടു പണി പൂര്‍ത്തിയായാക്കി മൂത്ത മകന്റെ കല്യാണം ഉടനെ നടത്തി വിശാലിന്റെ പഠനത്തിന് കൂടുതല്‍ പിന്തുണ നല്‍കി നല്ലൊരു അമ്മയായി കഴിയാനുളള സതിയുടെ സ്വപ്‌നങ്ങളാണ് തകര്‍ന്നടിഞ്ഞത്. ഇവര്‍ക്കിടയില്‍ ഒരു സഹോദരനെക്കാളും സുഹൃത്തിനെക്കാളും ഏറെ ഏല്ലാമായിരുന്ന സ്വന്തം അനുജന്റെ ജീവിക്കുന്ന സ്മരണകള്‍ക്കുളളില്‍ വെന്തുനീറേണ്ടി വന്ന ഒരു സഹോദരന്‍. തകര്‍ന്നുതിരപ്പണമായ മാതാപിതാക്കളെ ആശ്വസിപ്പിക്കാനോ സ്വയം ആശ്വസിക്കാനോ കഴിയാതെ ആ യുവാവ് നിര്‍നിമേഷിതനായി നിന്നു, ഒന്നു പൊട്ടിക്കരയുവാന്‍ പോലുമാകാതെ. വിശാലിന്റെ വിടപറയല്‍ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചവരെ ഏറെ വലച്ചത് ഈ ദൃശ്യങ്ങളായിരുന്നു.

എന്നും രാവിലെ കുളിച്ചു, കുറിയണിഞ്ഞ് ഒരു നറുപുഞ്ചിരിയോടെ കാരയ്ക്കാട് കോട്ടയിലെ കൊച്ചുറോഡിലൂടെ നടന്നുനീങ്ങിയിരുന്ന ആ ചെറുപ്പക്കാരന്റെ മോഹനസ്വപ്നങ്ങള്‍ അവന്റെ ചേതനയറ്റ ശരീരത്തോടൊപ്പം ചിതയില്‍ എരിഞ്ഞടങ്ങിയപ്പോള്‍ അവിടെകൂടിയ ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയങ്ങളും ആ അഗ്നി ജ്വാലയില്‍ എരിഞ്ഞമര്‍ന്നു. ശോഭനമായ ഭാവി കാത്തിരുന്ന ഒരു ചെറുപ്പക്കാരന്‍െ വേര്‍പാടിനെക്കാള്‍, അരുമമകനെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ വേദനയെക്കാള്‍, തന്റെ ജീവിതകാലം മുഴുവനും ഒരു യാത്രാമൊഴി പോലും പറയാതെ കടന്നുപോയ കൊച്ചനിയന്‍ സമ്മാനിച്ച നീറുന്ന നൊമ്പരങ്ങളുമായി കഴിയാന്‍ വിധിക്കപ്പെട്ട ആ ജ്യേഷ്ഠന്റെ ദുരവസ്ഥയെക്കാള്‍ വേറെന്തല്ലാമോ ചിത്രങ്ങള്‍ ഈ മരണം മലയാളികള്‍ക്ക് തരുന്നു. !

ഇനിയെങ്കിലും തിരിച്ചറിയലിന്റെ ഒരു നറുവെളിച്ചം അടുത്ത ബലിമനുഷ്യനെ തിരയുന്ന ആ കറുത്ത മനസുകളുടെ ഉള്ളിലേക്ക് കടന്നുചെന്നിരുന്നെങ്കില്‍….

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.