1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011

അഡ്വ. വി സി സെബാസ്റ്റ്യന്‍, സെക്രട്ടറി സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍

ഈ വേര്‍പാട്‌ മനസ്സിലേല്‍പ്പിച്ചിരിക്കുന്ന മുറിപ്പാട്‌ വളരെ വലുതാണ്‌. പ്രായത്തേയും രോഗത്തേയും അതിജീവിച്ച്‌ പരിശുദ്ധാത്മ ശക്തിയാല്‍ പ്രേഷിതചൈതന്യം വാരിവിതറിയ ആത്മീയ ശ്രേഷ്‌ഠന്‍. വിശ്വാസത്തില്‍ അടിയുറച്ച വിശ്വാസിസമൂഹത്തെ വാര്‍ത്തെടുത്ത്‌ നയിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്‌ ഈ വിടവാങ്ങലിന്‌.

സഭയുടെ അല്‌മായ കമ്മീഷന്‍ സെക്രട്ടറി എന്ന നിലയില്‍ വിതയത്തില്‍ പിതാവിനോട്‌ കൂടുതല്‍ അടുത്തുനിന്നു പ്രവര്‍ത്തിക്കുവാനും പിതാവിന്റെ ഉറച്ച തീരുമാനങ്ങളിലെ ദൈവികശക്തി ബോധ്യപ്പെടുവാനും എനിക്കായിട്ടുണ്ട്‌. ആഗോളതലത്തിലുള്ള സീറോ മലബാര്‍ സഭ അല്‌മായ സമൂഹത്തിന്റെ കൂട്ടായ്‌മ പിതാവിന്റെ സ്വപ്‌നമായിരുന്നു.

സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന അന്തര്‍ദേശീയ അല്‌മായ അസംബ്ലിയുടെ മുഖ്യപ്രചോദനം പിതാവായിരുന്നു. അസംബ്ലിക്ക്‌ ആഴ്‌ചകള്‍ക്കുമുമ്പേ മണിക്കൂറുകള്‍ ചെലവഴിച്ച്‌ പ്രബന്ധങ്ങളെക്കുറിച്ചും ചര്‍ച്ചാവിഷയങ്ങളെക്കുറിച്ചും ആശയങ്ങള്‍ പങ്കുവെയ്‌ക്കുകയും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന പ്രതിനിധികളുടെ വിശദാംശങ്ങള്‍ ആരായുകയുണ്ടായി.

അതിലേറെ ഇന്നുമെന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ പിതാവിന്റെ മറ്റൊരു ചിത്രമാണ്‌. അന്തര്‍ദ്ദേശീയ അല്‌മായ അസംബ്ലിയുടെ മൂന്നാം ദിവസം (14 ഓഗസ്റ്റ്‌ 2009) രാവിലെ 11 മണിക്ക്‌ പിതാവിന്റെ ഓഫീസില്‍ വിളിച്ച്‌ പങ്കുവെച്ച വാക്കുകള്‍ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ അസംബ്ലിയെ ലോകം വളരെ ആകാംഷയോടെ കാണുന്നു. അല്‌മായ സമൂഹത്തിന്റെ പങ്കുവെയ്‌ക്കലുകളും അസംബ്ലിയുടെ ക്രമീകരണങ്ങളും വളരെ അഭിനന്ദനീയം. ഒന്നു മനസ്സില്‍ കുറിക്കുക: കൂടുതല്‍ നന്മകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ എതിര്‍പ്പുകളുണ്ടാകും. ദുര്‍വ്യാഖ്യാനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങേണ്ടി വന്നേക്കാം. തളരരുത്‌, ഈശോയില്‍ പ്രാര്‍ത്ഥിച്ച്‌ ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകണം. എന്റെ വാക്കുകള്‍ പലപ്പോഴും പലരും ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ട്‌; ആക്ഷേപിച്ചിട്ടുമുണ്ട്‌. ആ ദിവസങ്ങളില്‍ ഞാന്‍ സുഖമായി ഉറങ്ങിയിട്ടുമുണ്ട്‌. ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ എനിക്ക്‌ ഉറച്ച ബോധ്യമുണ്ട്‌?. പിതാവിന്റെ ഈ വാക്കുകള്‍ ഇന്നും അല്‌മായ പ്രവര്‍ത്തനമേഖലകളില്‍ ഒരു മാര്‍ഗ്ഗദീപമായി മനസ്സില്‍ പ്രകാശിക്കുന്നു. പിതാവിന്റെ തീരുമാനങ്ങളിലെ ഉറച്ചബോധ്യമായിരുന്നു സഭയ്‌ക്ക്‌ എന്നും ശക്തിപകര്‍ന്നത്‌.

സഭയ്‌ക്ക്‌ രാഷ്‌ട്രീയമുണ്ടെന്നും ആ രാഷ്‌ട്രീയം കക്ഷിരാഷ്‌ട്രീയമല്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും, വേദനിക്കുന്നവരെയും, തെരുവിലേയ്‌ക്ക്‌ വലിച്ചെറിയപ്പെടുന്നവരെയും സംരക്ഷിക്കുന്നതാണെന്നുമുള്ള പിതാവിന്റെ നിലപാടിനെ ആര്‍ക്ക്‌ എതിര്‍ക്കാനാവും. സഭയെ അന്തമായി എതിര്‍ക്കുന്നവര്‍ സഭയെക്കുറിച്ച്‌ ആദ്യം അറിയണമെന്നുള്ള ആഹ്വാനം സഭയിലൂടെ വര്‍ഷിക്കപ്പെടുന്ന നന്മകളെ കാണാന്‍ സാധിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു.

സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ചെല്ലുമ്പോള്‍ ഗൃഹനാഥനെപ്പോലെ സ്‌നേഹത്തോടെ വിളിക്കുകയും ക്ഷേമം അന്വേഷിക്കുകയും മാത്രമല്ല, ഭക്ഷണം കഴിച്ചോ എന്ന്‌ ഉറപ്പാക്കുകയും ചെയ്യുമായിരുന്നു. എളിമയുടെ ഉത്തമഉദാഹരണമായി സഭാ ആസ്‌ഥാനത്തുചേര്‍ന്ന ഓരോ സമ്മേളനങ്ങളിലും കൂടിക്കാഴ്‌ചകളിലും പകരുന്ന സ്‌നേഹം അനിര്‍വ്വചനീയമാണ്‌.

എല്ലാരും ഒറ്റക്കെട്ടായി ഒരുമിച്ചുചേര്‍ന്നുള്ള മുന്നേറ്റം അതായിരുന്നു പിതാവിന്റെ ലക്ഷ്യം. മനസ്സിലൊന്നും മറയ്‌ക്കാനില്ലാതെ തുറവിയുള്ള വാക്കുകള്‍. `ഒത്തിരിയേറെ പ്രതീക്ഷകള്‍ സെബാസ്റ്റ്യന്റെ സഭാ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ കാണുന്നു’ എന്നുപറഞ്ഞുള്ള പ്രോത്സാഹനം. ഇതെല്ലാം മനസ്സിനു പകര്‍ന്നേകിയ കരുത്ത്‌ വളരെ വലുതാണ്‌.

എടുക്കുന്ന തീരുമാനങ്ങളില്‍ വിട്ടുവീഴ്‌ചയില്ലായിരുന്നു. പിതാവു പലപ്പോഴും പറയുന്ന വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. `പ്രാര്‍ത്ഥിച്ചെടുക്കുന്ന തീരുമാനങ്ങള്‍ ദൈവീകമാണ്‌. മാനുഷികമായ എതിര്‍പ്പുകള്‍ താല്‍ക്കാലികം. ഞാന്‍ എപ്പോഴും ദൈവീകമായ തീരുമാനത്തിന്‌ എന്നെ വിട്ടുകൊടുക്കും. അതാണ്‌ ശാശ്വതമായത്‌. ദൈവിക തീരുമാനത്തിനു മുന്നില്‍ മനുഷ്യ പദ്ധതികള്‍ എത്ര ദുര്‍ബ്ബലം.

ഈ വേര്‍പാട്‌ മനസ്സിലേല്‍പ്പിച്ചിരിക്കുന്ന മുറിവ്‌ വളരെ വലുത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.