1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2011

തോമസ്‌ സെബാസ്റ്റ്യന്‍

പൊതുമേഖലയെ സ്വകാര്യവല്‍കരിക്കാനുള്ള കാമറൂണ്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജൂണ്‍ 30 -ന് തൊഴിലാളികള്‍ സമരം ചെയ്യും. വരുന്ന ആഗസ്റ്റ് മാസംമുതല്‍ മറ്റു മേഖലകളിലും ഈ സമരം കൂടുതല്‍ ആര്‍ജവത്തോടെ വ്യാപിപ്പിക്കും

തൊഴിലില്ലായ്മ വേതനവും അവശര്‍ക്കുള്ള സഹായവും സര്‍ക്കാര്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ 2011 മാര്‍ച്ച് 26 ന് 5 ലക്ഷത്തിലധികം ജനങ്ങള്‍ ലണ്ടന്റെ തെരുവുകളിലൂടെ പ്രകടനം നടത്തിയിരുന്നു. നവംബര്‍ 2010 ല്‍ യൂണിവേഴ്‌സിറ്റിഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. ഇതൊക്കെ സൂചിപ്പിയ്ക്കുന്നത് ബ്രിട്ടനിലെ ജനങ്ങള്‍ ഇവിടുത്തെ ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെ തെരുവില്‍ ഇറങ്ങുവാന്‍ തയ്യാറായിക്കഴിഞ്ഞു എന്നതാണ്.

പെന്‍ഷന്‍ പ്രായം 66 ആയി വര്‍ധിപ്പിക്കാനും പെന്‍ഷന്‍ വസൂലില്‍ ആവറേജ് ആവറേജ് 3.2 ശതമാനത്തോളം വര്‍ധനയുണ്ടാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഈ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അധിക പിരിവ് പെന്‍ഷന്‍തുക കൂട്ടി നല്‍കുവാനല്ല ഉപയോഗിക്കുക, മറിച്ച് സര്‍ക്കാര്‍ കമ്മി വെട്ടിക്കുറയ്ക്കുവാനാണ് ഉപയോഗിക്കുക എന്നത് ഇതിനെ ഒരു അധിക നികുതിയാക്കുന്നു. ഈ മാസാവസാനം അദ്ധ്യാപകരും സേവനവകുപ്പിലും ജോലി ചെയ്യുന്ന 7,50,000 പരം പൊതുമേഖലാ തൊഴിലാളികള്‍ ഒരുമിച്ച് വാക്കൗട്ട് നടത്തും.

ഈ സമരത്തെ 1926 ല്‍ നടന്ന പൊതുസമരവുമായിട്ടാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ താരതമ്യപ്പെടുത്തുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ദിനംപ്രതി വര്‍ധിച്ചുവരുന്ന എതിര്‍പ്പ് കണക്കിലെടുക്കുമ്പോള്‍ ഇതില്‍ യാതൊരു അതിശയോക്തിയുമില്ല.

1980 ലെ താഷരൈറ്റ് പരിഷ്‌കരണത്തോടെ ഇവിടുത്തെ ക്ഷേമവ്യവസ്ഥ ക്ഷയിച്ചുതുടങ്ങിയിരുന്നു. ഈ രൂപാന്തരണത്തില്‍ പല ജനക്ഷേമപരിപാടികളും വെട്ടിക്കുറച്ചിരുന്നെങ്കിലും ക്ഷേമവ്യവസ്ഥ പൊതുവായി നിലനിന്നിരുന്നു. സൗജന്യമായിട്ടുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസുകളുടെ പെന്‍ഷനുകളും സ്വകാര്യവല്‍കരിച്ചുകൊണ്ട് ക്ഷേമവ്യവസ്ഥയെത്തന്നെ ഇല്ലാതാക്കുക എന്നതാണ് കാമറൂണ്‍ സര്‍ക്കാരിന്റെ ലക്ഷ്യം. ഗ്രീസിലെയും സ്‌പെയിനിലെയുംപോലെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ ഗവണ്‍മെന്റിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ നീങ്ങുവാന്‍ തീരുമാനിച്ചുകഴിഞ്ഞു. ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലായൂണിയനായ ‘യൂണിസന്റെ’ നേതാവ് ഡേവ് പ്രെന്റിസ് 30 ാം തിയ്യതിയിലെ സമരത്തെ വിളിച്ചത് ‘ആയുധം എടുക്കുവാനുള്ള ഞങ്ങളുടെ ആഹ്വാനം’ എന്നാണ്.

രാജ്യത്തെ കടബാധ്യതയില്‍നിന്നും രക്ഷിക്കാനാണ് ഈ സ്വകാര്യവല്‍കരണമെന്ന വിശദീകരണം ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. കാരണം, രാജ്യത്തിന്റെ ഈ മോശം അവസ്ഥയിലും കോര്‍പറേറ്റ് മേധാവികളുടെ വരുമാനം വര്‍ധിച്ചിരിക്കുകയാണ്. ഹൗസിങ് മാര്‍ക്കറ്റിന്റെ പരാജയവും ഉയര്‍ന്ന കടബാധ്യതയും മുന്‍നിര്‍ത്തി ഗവണ്‍മെന്റ് തങ്ങളുടെ ‘സ്വതന്ത്രവിപണിയുടെ’ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് ഡേവിഡ് കാമറൂണും കൂട്ടരും. ദശകങ്ങളുടെ സമരത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഈ സ്വകാര്യവല്‍കരണത്തിലൂടെ ഇല്ലായ്മ ചെയ്യപ്പെടുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.