1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2011

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

അഴിമതി നിര്‍മുക്തമായൊരു ഭാരതരാഷ്ട്രം ഉടനെ ഉണ്ടായിത്തീരുമെന്ന് ഉപരിപ്ലവബുദ്ധികള്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്ന വിധത്തിലുള്ള ചില ഇടപെടലുകള്‍ ഈയിടെ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുകയുണ്ടായി. ഇപ്പോഴും അതു നടന്നുവരുന്നു. ലോകപാല്‍ബില്‍ നടപ്പാക്കുന്നതിനുവേണ്ടി അറിയപ്പെടുന്ന ഗാന്ധിയനായ അണ്ണാഹസാരെയാണ് ഇതാ ഗാന്ധിയന്‍ മുല്യങ്ങള്‍ക്ക് ഇന്ത്യയില്‍ വീണ്ടും ഇടമുണ്ടാവുന്നു എന്ന പ്രതീതി ഉളവാക്കുന്ന നിരാഹാരസമരം പ്രഖ്യാപിച്ചത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറിനെ വല്ലാത്ത സമ്മര്‍ദ്ദത്തില്‍ അകപ്പെടുത്തുന്നതിനു വഴിവെച്ച അണ്ണാ ഹസാരയുടെ നടപടി പൊതുവെ സ്വാഗതം ചെയ്യപ്പെടുകയും ഗവണ്‍മെന്റിന് ലോക്പാല്‍ ബില്‍ ഒരു നിശ്ചിതസമയ പരിധിക്കുള്ളില്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളുവാന്‍ കാരണമായിത്തീരുകയും ചെയ്തു. അങ്ങനെ അണ്ണാഹസാരെ പൊടുന്നനെ ഒരു ഗാന്ധിയന്‍ ഹീറോ ആയി മാറി. കുറഞ്ഞ ഒരു സമയത്തേക്കെങ്കിലും കേരളത്തിലെ വി.എസ്സ്.അച്ച്യതാനന്ദന്റെ വ്യക്തിമഹത്വത്തെപ്പോലും ചിലരെങ്കിലും ‘കേരളഹസാരെ’ എന്നു കളിയായോ കാര്യമായോ വിശേഷിപ്പിക്കുന്നതിനു പ്രേരിതരുമായി. ഈ നിലയിലൊരു കാര്‍ട്ടൂണ്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അണ്ണാഹസാരെ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിജയലഹരിയില്‍, അണ്ണാഹസാരെ ഗുജറാത്തിലെ നരേന്ദ്രമോഡിഭരണത്തെ നമ്മുടെ കേരളത്തിലെ എ.പി.അബ്ദുള്ളക്കുട്ടിയുടെ ശൈലിയില്‍ പ്രശംസിച്ചു സംസാരിച്ചപ്പോള്‍, അണ്ണാഹസാരയുടേത് ഗാന്ധിയന്‍ മാതൃകയില്‍ നടത്തപ്പെട്ട ബിജെപിക്കുവേണ്ടിയുള്ള നാടകമാണെന്നു ചിലര്‍ക്കെങ്കിലും തോന്നി. നരേന്ദ്രമോഡിയെ പ്രശംസിച്ച ഹസാരെയുടെ നടപടി വേണ്ടത്ര അവധാനതയില്ലാത്തതാണെന്നു ഹസാരയോടൊപ്പംനിന്ന മേധാപട്ക്കര്‍, മല്ലികാസാരാഭായി, സ്വാമി അഗ്നിവേശ് തുടങ്ങിയവര്‍ തുറന്നടിച്ചു.

അണ്ണാഹസാരെയോടൊപ്പം നിന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശാന്തിഭൂഷണിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളും അണ്ണാഹസാരയുടെ വ്യക്തിത്വത്തെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ പൊതുജനസമ്മതിയെ മറയാക്കി സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന സംശയവും വളരുന്നതിനു ഇടയായി. എന്നാല്‍ ഏറെ കഴിയുന്നതിനുമുമ്പേതന്നെ തന്നെ കോട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തുമോഡല്‍ വികസനം ശരിയല്ലെന്നു അണ്ണാഹസാരെ തിരുത്തി. അഴിമതിയും വ്യാജമദ്യവും അരങ്ങുവാഴുന്ന ഗുജറാത്തിലാണ് തന്റെ അടുത്ത നിരാഹാരമെന്നും ഹസാരെ പ്രസ്താവിച്ചു. ഇതോടെ അണ്ണാഹസാരെയിലെ ഗാന്ധിയന്‍ സത്യാഗ്രഹി ബി.ജെ.പി രാഷ്ട്രീയത്തിനു ഗുണകരമാവില്ല എന്ന സ്ഥിതി പൊതുവേ സംജാതമായി.

ഈ സാഹചര്യത്തിലാണ് കള്ളപ്പണത്തിനെതിരെ കാവിയണിഞ്ഞൊരാള്‍ ഗാന്ധിയന്‍ ശൈലിയില്‍ ഒരു നിരാഹാരസത്യാഗ്രഹനാടകം നടത്തുവാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ബാബാരാംദേവിന്റെ സത്യാഗ്രഹനാടകത്തിനു ആര്‍.എസ്സ്.എസ്സും ബി.ജെ.പിയും പ്രത്യക്ഷമായിതന്നെ പിന്തുണ പ്രഖ്യാപിച്ചു. കര്‍ണ്ണാടകയില്‍ നൂറുകോടി രൂപയിലേറെ വിലയേറിയ കസേരയില്‍ ഇരിയ്ക്കുന്ന നേതാക്കന്മാര്‍വരെയുള്ള ബി.ജെ.പിയുടെ പിന്തുണയുള്ള ഒരു സത്യാഗ്രഹനാടകത്തിന്, കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള ഒരു വേദിതന്നെ ഡല്‍ഹിയിലെ രാംലീലാമൈതാനിയില്‍ ഒരുക്കപ്പെട്ടു. അങ്ങനെ പ്രതിവര്‍ഷം ആയിരംകോടി രൂപയിലേറെ വരുമാനമുള്ള അത്യാഗ്രഹിയായ ബാബാരാംദേവിന്റെ കള്ളപ്പണത്തിനെതിരായ സത്യാഗ്രഹനാടകത്തിന്റെ മറവില്‍ ധാരാളം കള്ളപ്പണം വെള്ളപ്പണമായി മാറി.

ഇതു പൊതുജനത്തിന് എളുപ്പം തിരിച്ചറിയാവുന്ന വിധത്തിലുള്ള അറുവഷളന്‍ നാടകമായിപ്പോയതിനാല്‍ ശ്രീരാമനെ പ്രതി അധികാരം നേടിയ ശൈലിയില്‍ രാംദേവിനെ മുന്‍നിര്‍ത്തി അധികാരം നേടാം എന്ന ബി.ജെ.പിയുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടി ഉണ്ടാവുകയും ചെയ്തു. ചുരുക്കത്തില്‍ അണ്ണാഹസാരയ്ക്കുലഭിച്ച ജനപിന്തുണപോലും അന്താരാഷ്ട്ര യോഗവ്യാപാരിയുടെ സകല കാപട്യങ്ങളും സ്വന്തമായുള്ള ബാബാരാംദേവിന്റെ ആഢംബരപൂര്‍ണ്ണമായ സത്യാഗ്രഹനാടകത്തിനു ലഭിച്ചിട്ടില്ല.
അടിച്ചമര്‍ത്താതെ തന്നെ ജനം അവഗണിയ്ക്കുമായിരുന്ന ഈ സമരാശ്ലീലത്തെ അടിച്ചമര്‍ത്തി എന്ന പ്രതീതിയുണ്ടാക്കിയ പോലീസ് നടപടി കൊണ്ടുമാത്രമാണ് ബാബാരാംദേവിന്റെ ‘സമരാഭാസം’ ഇപ്പോള്‍ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നത്.

പോലീസ് അറസ്റ്റു ചെയ്യും എന്നുവന്നപ്പോള്‍ കാവിവസ്ത്രം ഉരിഞ്ഞെറിഞ്ഞ് സ്ത്രീകളുടെ ചുരീദാറും ധരിച്ച് തടിത്തപ്പാന്‍ ശ്രമിച്ച ഒരാള്‍ സന്ന്യാസി പോയിട്ട് ധീരനായ ഒരു സാധാരണമനുഷ്യന്‍പോലും അല്ലെന്നു തെളിഞ്ഞിരിക്കുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ കളിയായോ കാര്യമായോ ഊരിയെറിയുവാന്‍ കഴിയുന്ന ഒരു തുണി മാത്രമായി ‘കാവി’യെ കാണുന്ന ഒരാള്‍ സന്ന്യാസിയല്ല; സന്ന്യാസി വേഷത്തില്‍ അഭിനയിക്കുന്ന ഒരാള്‍ മാത്രമാണ്. പോലീസിന്റെ ലാത്തിയേയോ തോക്കിനേയോ കാരാഗൃഹത്തേയോ ഭയന്ന് ഖദര്‍വസ്ത്രമൂരിഞ്ഞെറിഞ്ഞു വിദേശവസ്ത്രം ധരിക്കുന്ന ഒരാളെ മഹാത്മാഗാന്ധി എന്ന സത്യാഗ്രഹത്തിന്റെ ഇന്ത്യന്‍ സമരഗുരു ഒരിക്കലും സത്യാഗ്രഹി എന്നു അംഗീകരിക്കില്ല. പോലീസിനെ ഭയക്കുന്ന ഭീരുവിന്റെ സമരമാര്‍ഗ്ഗമല്ലല്ലോ സത്യാഗ്രഹം.
പെണ്ണു പ്രസവിക്കാതെ ഒരു പുരുഷനും ജനിക്കില്ല എന്നതിനാല്‍ സ്ത്രീവേഷം ധരിച്ചതില്‍ തെറ്റില്ലെന്നു പ്രസ്താവിച്ച രാംദേവ് എന്ന സന്ന്യാസി, വെറുതെ ഒരു പെണ്ണും പ്രസവിക്കില്ലെന്നും; അവള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ അമ്മയാവില്ലെന്നും, അതിനാല്‍ പെണ്ണിനെ അമ്മയെന്ന മഹത്വത്തിലേക്ക് ഉയര്‍ത്തുന്ന ലൈംഗികബന്ധത്തെ അനുഷ്ഠിക്കാന്‍ വിലക്കു കല്‍പ്പിക്കുന്ന സന്ന്യാസം അസംബന്ധമാണെന്നും കൂടി പറയുവാന്‍ ധൈര്യപ്പെടുമോ? സ്വന്തം ഭീരുത്വത്തെ മൂടിമറയ്ക്കുവാന്‍ അമ്മമാരെ മറയാക്കുന്ന ബാബാരാംദേവിന്റെ ചപ്പടാച്ചിത്തരം കൊട്ടിഘോഷിക്കുന്നവര്‍ മേല്‍പറഞ്ഞ ചോദ്യത്തിനുകൂടി ഉത്തരം നല്‍കേണ്ടതുണ്ട്.

ഇനി ‘കള്ളന്‍ കപ്പലില്‍തന്നെ’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഒന്നാണ് ബാബാരാംദേവിന്റെ കള്ളപ്പണത്തിനെതിരായ സമരാഭാസപ്രകടനം എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന ചില നിരീക്ഷണങ്ങള്‍കൂടി പങ്കുവയ്ക്കട്ടെ. എവിടെ ആര്‍ഭാടമുണ്ടോ അവിടെ അഴിമതിയും ഉണ്ട്. എന്നുവെച്ചാല്‍ വിഹിതമായ മാര്‍ഗ്ഗത്തില്‍മാത്രം സമാഹരിക്കപ്പെടുന്ന ധനംകൊണ്ട് അന്നന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാനും ഭാവിയിലെ ആവശ്യങ്ങളെ അഭിമുഖീകരിക്കാനും വേണ്ടുന്നതില്‍ കൂടുതല്‍ ഒരു ചില്ലിപോലും ഒരാള്‍ക്കും സ്വരൂപിക്കാനാവില്ല. അതിനാല്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പണം സമ്പാദിക്കുന്നവന്റെ ജീവിതം സ്വാഭാവികമായും ലളിതമായിത്തീരും. എന്നാല്‍, ആത്മശക്തിയുടെ ആധിക്യമല്ലാതെ ആഢംബരത്തിന്റെ ലവലേശംപോലും ഇല്ലാതെ നടത്തേണ്ടുന്ന ഒരു സമരമാര്‍ഗ്ഗമായി ഗാന്ധിജി വിശദീകരിച്ച സത്യാഗ്രഹത്തെ ബാബാരാംദേവ് അമ്പരപ്പുളവാക്കുന്ന ആര്‍ഭാടമാക്കുകയാണു ചെയ്തത്.

സിനിമാതാരങ്ങള്‍, രാഷ്ട്രീയനേതാക്കള്‍, കച്ചവടഭീമന്മാര്‍ എന്നിവര്‍ മക്കളുടെയും മറ്റും വിവാഹം കോടികള്‍ വാരിയെറിഞ്ഞുകൊണ്ടുള്ള ആര്‍ഭാടപ്രകടനമാക്കുന്നതിനേയും അതിനെ അനുകരിക്കാനുള്ള ഭ്രമംകൊണ്ട് ഇടത്തരക്കാര്‍ കല്ല്യാണം നടത്തി കുത്തുപാള എടുക്കുന്ന സ്ഥിതി ഉണ്ടാവുന്നതിനേയും ഒക്കെ പൊതുവേ സാമൂഹികശാസ്ത്രജ്ഞര്‍ വിമര്‍ശിക്കാറുണ്ട്. ബാബാരാംദേവിന് യോഗക്കച്ചവടത്തിലൂടെ പ്രതിവര്‍ഷം ആയിരംകോടിരൂപ വരുമാനമുണ്ട്. പക്ഷേ, അദ്ദേഹത്തിന് കോടികള്‍ വാരിയെറിഞ്ഞ് സ്വന്തം കല്ല്യാണം നടത്തുവാന്‍ സന്ന്യാസിയായതുകൊണ്ട് ഇന്ത്യയില്‍ സാധ്യമല്ല. അങ്ങനെ വിവാഹിതനാകാനുള്ള ധൈര്യം പൊതുവേ ഭീരുവായ രാംദേവിന് ഉണ്ടാവുകയും ഇല്ല. അതിനാല്‍ അയാള്‍ സ്വന്തം പണക്കൊഴുപ്പ് പ്രദര്‍ശിപ്പിക്കുവാന്‍ ആര്‍ഭാടപൂര്‍ണ്ണമായൊരു സത്യാഗ്രഹസമരം നടത്തുവാന്‍ നിശ്ചയിച്ചു. അതിന് നാടായ നാടില്‍ നിന്നെല്ലാം ആളുകളെ ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഇതാണു നടന്നത്. പക്ഷേ, ഇതില്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സത്യാഗ്രഹസമരത്തിന്റെ ലാളിത്യത്തേയും വിശുദ്ധിയേയും അപഹസിക്കുന്ന ആര്‍ഭാടത്തിന്റെ ആധിക്യമുണ്ട്.

രാജ്ഘട്ടിലെ ഗാന്ധിസമാധിക്കുമുമ്പില്‍ ഉടലുകുലുക്കി നൃത്തം ചവിട്ടിക്കൊണ്ട് അണികളെ ആവേശപ്പെടുത്തിയ സുഷമാസ്വരാജു ചെയ്തതിനേക്കാള്‍ ഗാന്ധിജിയെ അപമാനിച്ച നടപടിയാണ് ബാബാരാംദേവിന്റെ പണം വാരിയെറിഞ്ഞുള്ള സത്യാഗ്രഹസമരാഭാസം. അതിനാല്‍ രാഷ്ട്രപിതാവായ ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെകൂടി ബാബാരാംദേവിനെതിരെ നിയമനടപടികള്‍ ഉണ്ടാകണം. സന്തോഷ്മാധവന്‍ എന്ന കപടസ്വാമിയുടെ ലക്ഷങ്ങള്‍ വാരിയെറിഞ്ഞുള്ള ആര്‍ഭാടവിവാഹത്തെപ്പോലും വിമര്‍ശിച്ച നമ്മുടെ നാട്ടിലെ മാധ്യമസംസ്‌ക്കാരം ബാബാരാംദേവിന്റെ കോടികള്‍ മുടക്കിയ ആര്‍ഭാടസമരത്തേയും വിമര്‍ശിക്കുവാനുള്ള ധാര്‍മ്മികപ്രതിബദ്ധത കാണിയ്ക്കണം. കാരണം, ആര്‍ഭാടത്തിനുവേണ്ടി ധൂര്‍ത്തടിയ്ക്കുവാനുള്ള ‘കോടികള്‍’ നേരായ മാര്‍ഗ്ഗത്തില്‍ ചോര വിയര്‍പ്പാക്കി മാത്രം പണം സ്വരൂപിക്കുന്ന ഒരു മനുഷ്യനും ഉണ്ടായിരിക്കില്ല.

അതിനാല്‍ ബാബാരാംദേവിന്റെ ആര്‍ഭാടസമരാഭാസപ്പന്തല്‍തന്നെ അയാള്‍ക്ക് വന്നുകൂടുന്ന പണം നേരെചൊവ്വെയുള്ളതല്ലെന്നു വിളിച്ചറിയിക്കുന്നു. ഈ രീതിയിലുള്ള ഒരന്വേഷണത്തിനു, കാഞ്ചിശങ്കരാചാര്യര്‍ക്ക് എതിരെ ജയലളിത സര്‍ക്കാര്‍ ചെയ്ത നിയമനടപടികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലെങ്കിലും ചിലതു ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ധൈര്യം കാണിച്ചത് ശ്ലാഘനീയമാണ്. എന്തായാലും ബാബാരാംദേവിന്റെ സമരാഭാസത്തിനെതിരെ പുരി ശങ്കരാചാര്യ ശ്രീമദ് അധോക്ഷജാനന്ദ പുറപ്പെടുവിച്ച പ്രസ്താവന സമയോചിതം മാത്രമല്ല കാവിയെകാശിനും കസേരയ്ക്കുംവേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടെ തണലില്‍ ദുരുപയോഗിക്കുന്ന പ്രവണതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഒരു നിലപാടെന്ന നിലയില്‍ക്കൂടി പരിചിന്തനീയമാണ്.

കരാട്ടെ, കളരി, കഥകളി, നൃത്തം, സര്‍ക്കസ്സ്, തെയ്യം തുടങ്ങിയ ശരീരാധിഷ്ഠിത അഭ്യാസകലകള്‍ സ്വായത്തമാക്കുന്നതിനുവേണ്ടുന്നതില്‍ കൂടുതല്‍ കഴിവൊന്നും ബാബാരാംദേവ് നടത്തുന്ന ഹഠയോഗാഭ്യാസത്തിനും ആവശ്യമില്ല. പക്ഷേ, ‘യോഗചിത്ത വൃത്തി നിരോധ’ (യോഗം മനോവൃത്തികളുടെ നിരോധനമാണ്) എന്ന് പ്രഖ്യാപിക്കുന്ന പതഞ്ജലി ശരീരാഭ്യാസത്തിനല്ല മനോനിയന്ത്രണത്തിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. മനോനിയന്ത്രണമുള്ള ഒരാള്‍ക്ക് ആഗ്രഹങ്ങള്‍ കുറഞ്ഞുവരും. ആഗ്രഹങ്ങള്‍ കുറയുംതോറും പണത്തിന്റെ ആവശ്യവും കുറയും. ഇവ്വിധം പതഞ്ജലിയോഗിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഒരാളാണ് ബാബാരാംദേവും ശിഷ്യന്മാരും എന്നു പറയാനാവില്ല.

അമ്പതിനായിരം മുതല്‍ ആയിരം രൂപവരെ ഈടാക്കി യോഗപഠിപ്പിക്കുന്ന ഒരാള്‍ പണത്തിന്റെ ആവശ്യം കുറഞ്ഞവനല്ല. അത്തരം ആളുകളെ ആശ്രയിക്കുന്നവരും പണത്തിന്റെ ആവശ്യം കുറഞ്ഞവരല്ല. ചുരുക്കത്തില്‍ ഒരു ധനാര്‍ത്തിസംഘമാണ് ബാബാരാംദേവിന്റെ സംഘടന. ഇതിനെ ആത്മീയപ്രവര്‍ത്തനമെന്നും ഭോഗവിരുദ്ധമായ ലൗകികജീവിതമെന്നുമൊക്കെ വിളിക്കാന്‍ ഇരുട്ടിനെ വെളിച്ചം എന്ന് വിളിക്കുന്നവര്‍ക്കെ കഴിയൂ. ഭൂരിപക്ഷവും അത്തരക്കാരാണെന്നതുകൊണ്ടുമാത്രം ഇരുട്ടൊരിക്കലും വെളിച്ചമാവില്ല. ആവുമെങ്കില്‍ കാക്കയെ കുളിപ്പിച്ച് വെളുത്ത കൊക്കാക്കുവാനാകും.

ബാബാരാംദേവിനു ഒരു സര്‍ക്കസ്സ് അഭ്യാസിക്ക് നല്‍കുന്നതിനേക്കാള്‍ ആദരവു നല്‍കുന്നത് അയാള്‍ കാവി ധരിച്ചതുകൊണ്ടാണെങ്കില്‍, കാവി തടിത്തപ്പാന്‍ ഉരിഞ്ഞെറിയാവുന്ന ഒരു തുണിക്കഷ്ണം മാത്രമാണെന്നു തെളിയിച്ച ബാബാരാംദേവ് കാവിയെകൂടി അപമാനിച്ച സന്ന്യാസിയാണ്. അല്ലാത്തപക്ഷം സന്ന്യാസം കാവി ധരിയ്ക്കുന്നതിന്റെ ഫലമല്ലെന്നും കാമം ത്യജിക്കുന്ന മാനസികാവസ്ഥയാണെന്നും സമ്മതിക്കേണ്ടിവരും. അങ്ങനെ സമ്മതിച്ചാല്‍ ശ്രീരാമകൃഷ്ണപരമഹംസര്‍ പറഞ്ഞതുപോലെ കാമിനി കാഞ്ചനപരിത്യാഗമാണു സന്ന്യാസം എന്നുംവരും.

അപ്പോള്‍ പണത്തിനുവേണ്ടിയും പ്രശസ്തിക്കുവേണ്ടിയും കാവിചുറ്റി സര്‍ക്കസ് അഭ്യാസിയെപ്പോലെ ശരീരവേലകള്‍ കാണിയ്ക്കുന്ന ബാബാരാംദേവ് സന്ന്യാസിയല്ലെന്നും വിലയിരുത്തേണ്ടിവരും. പണം മോഹിക്കാത്ത ഒരാള്‍ക്ക് പണം വാങ്ങി യോഗ പഠിപ്പിക്കാനാവില്ലല്ലോ. പണം വാങ്ങി നൃത്തം, കരാട്ടെ എന്നിവ പഠിപ്പിക്കുന്നത് ലൗകികതയും പണം വാങ്ങി യോഗ പഠിപ്പിക്കുന്നത് ആത്മീയതയും ആകുന്നത് എങ്ങനെയെന്ന് ബാബാരാംദേവിനെ ആത്മീയഗുരുവായി കൊണ്ടാടുന്ന പി.പരമേശ്വരനെപ്പോലുള്ളവര്‍ വിശദീകരിക്കുവാന്‍ ബാധ്യസ്ഥരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.