1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011

ലിസി ആസ്‌പത്രി ജനസാഗരമായി

വലിയ പിതാവിന്റെ വേര്‍പാടറിഞ്ഞ് വിശ്വാസികള്‍ ലിസി ആസ്പത്രിയിലേക്ക് ഒഴുകിയെത്തി. രണ്ടുമണിയോടെയാണ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടരയോടെതന്നെ വൈദികരും കന്യാസ്ത്രീകളുമടക്കമുള്ള വലിയസമൂഹം ആസ്പത്രിയിലെത്തി. ഈ സമയം പിതാവിന്റെ ശരീരം എംബാം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.

ലിസി ആസ്പത്രിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സമ്മേളിച്ച വിശ്വാസികള്‍ പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചു. ഇവിടെ വര്‍ക്കി പിതാവിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കാനുള്ള സൗകര്യങ്ങളൊരുക്കി. നാലു മണിയോടെ തിരക്ക് നിയന്ത്രണാതീതമായി. അസി. കമ്മീഷണര്‍ ആന്റോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജനത്തെ നിയന്ത്രിച്ചു.നാലേകാലിനാണ് പിതാവിന്റെ ശരീരം ചാപ്പലിലേക്ക് എത്തിച്ചത്. ബന്ധുമിത്രാദികളും ബിഷപ്പുമാരും വൈദികശ്രേഷ്ഠരും പൊതുപ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ വലിയ ഇടയന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവ്, പോള്‍ ചിറ്റിലപ്പിള്ളി പിതാവ്, ബിഷപ്പ് എ.ഡി. മറ്റം ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്ത പോളി കാര്‍പ്പസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ തുടങ്ങിയവര്‍ പ്രാര്‍ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ഉപചാരം അര്‍പ്പിക്കാന്‍ പ്രമുഖര്‍ ഒഴുകിയെത്തി ….

ലിസി ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വച്ച വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ഭൗതികശരീരം കണ്ട് ഉപചാരമര്‍പ്പിക്കാന്‍ ഒട്ടേറെ പ്രമുഖരെത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊച്ചിയിലെത്തിയ സിപിഎം ജന. സെക്രട്ടറി പ്രകാശ് കാരാട്ട് മന്ത്രി എസ്. ശര്‍മയ്‌ക്കൊപ്പമെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

എം.പി.മാരായ കെ.പി. ധനപാലന്‍, പി. രാജീവ്, സ്ഥാനാര്‍ഥികളായ ഹൈബി ഈഡന്‍, സെബാസ്റ്റ്യന്‍ പോള്‍, അജയ് തറയില്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.ഇ. ഹസൈനാര്‍, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, സി.ജി. രാജഗോപാല്‍, കെ. ബാബു, സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ് തുടങ്ങിയവര്‍ ലിസി ആസ്പത്രിയില്‍ എത്തിയിരുന്നു

സമൂഹത്തിന് നഷ്ടമായത് വിശ്വസ്തനായ വഴികാട്ടിയെ -കെ.എം. മാണി

കേരളസഭയ്ക്ക് മൂല്യവത്തായ നേതൃത്വം നല്‍കിയ ധാര്‍മിക ആചാര്യനും ജാതി-മത-രാഷ്ട്രീയഭേദമില്ലാതെ എല്ലാവരെയും ഒരു പോലെ കണ്ട സമദര്‍ശിയുമായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. തന്റെ സന്നിധിയില്‍ ഉപദേശനിര്‍ദേശങ്ങള്‍ തേടിയെത്തിയവര്‍ക്കെല്ലാം സ്‌നേഹനിധിയായ ഒരു പിതാവിനെപ്പോലെ അദ്ദേഹം ആശ്വാസവും പ്രതീക്ഷയും നല്‍കി. കേരള സമൂഹത്തിന് മുഴുവന്‍ വിശ്വസ്തനായ ഒരു വഴികാട്ടിയെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാട് കേരളത്തിനുനഷ്ടം -വി.എസ്. അച്യുതാനന്ദന്‍

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാട് സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മതസൗഹാര്‍ദത്തിനും സമുദായഐക്യം സംരക്ഷിക്കുന്നതിനും അദ്ദേഹംവഹിച്ച പങ്ക് സ്മരണീയമാണ്.

കമ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹവുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ വര്‍ക്കി വിതയത്തിലിന്റെ വിയോഗത്തില്‍ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.