1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2011

നഴ്സിംഗ് വിദ്യാര്‍ഥിനിയായ ഷീബയെ ഭര്‍ത്താവ് എബി കൊലപ്പെടുത്തിയതിനു പിന്നില്‍ അവിഹിത ബന്ധമെന്ന് പോലിസ്‌ വെളിപ്പെടുത്തി.ബാംഗ്ലൂരില്‍ എംഎസ് സി നഴ്സിംഗ് വിദ്യാര്‍ഥിനിയായ ഷീബക്ക് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായുമുള്ള അവിഹിത ബന്ധം മനസിലായപ്പോഴാണ് കൊല നടത്താന്‍ എബി തീരുമാനമെടുത്തത് .

കൊല്ലപ്പെടുന്നതിന്റെ തലേന്നായ വ്യാഴാഴ്ച രാത്രിയില്‍ പള്ളിപ്പാട് പുളിമൂട്ടില്‍ ഷീബ(25)കാമുകനായ നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മൊബൈലിലേക്ക് അയച്ചത് 19 എസ്.എം.എസ്സുകള്‍. രാത്രി 12.19നും 12.45നും മദ്ധ്യേയാണ് ഇത്രയും സന്ദേശങ്ങള്‍ അയച്ചത്. അന്ന് ഷീബയുടെ മൊബൈലില്‍ നിയാസ് ഇസ്മയിലിന്റെ ഫോണില്‍നിന്നു വന്നത് 30 സന്ദേശങ്ങളാണ്.
രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ എബിയെ മാറ്റിക്കിടത്തിയാണ് ഷീബ സന്ദേശങ്ങള്‍ വായിച്ചതും എസ്.എം.എസ്. അയച്ചതും.ഇതില്‍ സംശയം തോന്നിയ എബി മൊബൈല്‍ കൈക്കലാക്കി സന്ദേശങ്ങള്‍ വായിക്കുകയായിരുന്നു.

‘ഒരുവര്‍ഷം കഴിഞ്ഞ് ഒന്നിക്കാം’, ‘നിനക്ക് അവനെ (ഭര്‍ത്താവിനെ) സത്യമായിട്ടും ഇഷ്ടമല്ലേ?’ തുടങ്ങിയ സന്ദേശങ്ങളാണ് ഷീബയുടെ ഫോണില്‍ വന്നിട്ടുള്ളത്. പ്രണയ സന്ദേശങ്ങളാണ് ഷീബയുടെ ഫോണില്‍നിന്ന് അയച്ചവയില്‍ അധികവും.
ഭര്‍തൃസഹോദരന്റെ ഭാര്യ തന്റെ അവിഹിത ബന്ധത്തെപ്പറ്റി അറിഞ്ഞോയെന്ന് സംശയമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് മറ്റൊന്ന്. എന്തു പ്രശ്‌നമുണ്ടായാലും നേരിട്ട് നമുക്ക് ഒന്നിക്കാമെന്നതാണ് വ്യാഴാഴ്ച രാത്രി 12.45ന് ഷീബയുടെ
ഫോണില്‍നിന്ന് അവസാനമായി അയച്ചിട്ടുള്ളത്.

ദാമ്പത്യ ജീവിതത്തിലെ പരസ്പര ധാരണകള്‍ തെറ്റിയപ്പോള്‍ …

2010 ജനവരി 18നായിരുന്നു എബിയുടെയും ഷീബയുടെയും വിവാഹം. പെന്തക്കോസ്ത് സഭാവിശ്വാസികളാണ് ഇരുവരുടെയും കുടുംബം,രാഴ്ചക്കു ശേഷം എബി ബഹ്‌റൈനിലേക്ക് മടങ്ങി. ഷീബ ബാംഗ്ലൂരില്‍ എം.എസ്.സി.സഴ്‌സിങ്ങിനു ചേര്‍ന്നു.ഇവിടെ വച്ചാണ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായി പ്രണയത്തിലാവുന്നത്.കോളേജിലെ രേഖകളില്‍ ഷീബ അവിവാഹിത
എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്,

ഒന്നാംവര്‍ഷ പരീക്ഷയ്ക്കു ശേഷം മെയ് 28നാണ് ഷീബ നാട്ടില്‍ വന്നത്. അന്നാണ് വിവാഹശേഷം ഷീബയും എബിയും വീണ്ടും കാണുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവര്‍ സന്തോഷത്തോടെ ബന്ധുവീടുകളില്‍ പോകുന്നുണ്ടായിരുന്നു.എന്നാല്‍ പ്രണയം കണ്ടു പിടിക്കപ്പെട്ടതോടെ ഏഴാം നാള്‍ ഷീബ കൊല്ലപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പരസ്പര ധാരണകള്‍ തെറ്റിയപ്പോള്‍ ,വിശ്വാസം നഷ്ട്ടപ്പെട്ടപ്പോള്‍ എബി കൊലപാതകത്തിനു മുതിരുകയായിരുന്നു.

കൊലപാതകം നടന്നത് ഉച്ച മയക്കത്തിനിടയില്‍

ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്താണ് ആദ്യം വെട്ടിയതെന്ന് കസ്റ്റഡിയിലായ പ്രതി എബ്രഹാം ടി. വര്‍ഗീസ്(എബി) പോലീസിനോട് പറഞ്ഞു. ഒരുവശം ചരിഞ്ഞുകിടന്ന് ഉറങ്ങുകയായിരുന്ന ഷീബ വെട്ടുകൊണ്ടപ്പോള്‍ ഞരങ്ങി.അപ്പോള്‍ വീണ്ടും വെട്ടി. ആദ്യവെട്ട് മൂക്കും ചുണ്ടും നാക്കും മുറിച്ചു. അണപ്പല്ലും രണ്ടായി തെറിച്ചുപോയി. തുടര്‍ന്ന് കഴുത്തിലും തലയിലും വെട്ടിയശേഷം കത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു. മരണം ഉറപ്പിക്കാനായി കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ ഷീബ നിശ്ചലയായി. പിന്നെ ഷീബയുടെ നെഞ്ചില്‍ ചവിട്ടിനിന്നതായും പ്രതി പോലീസിന് മൊഴി നല്കി.

ഉച്ചഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. ബര്‍മൂഡയും ടീഷര്‍ട്ടുമാണ് എബി ധരിച്ചിരുന്നത്. ഇതുമാറ്റി പാന്റ്‌സും ഷര്‍ട്ടും ധരിച്ചശേഷം ഭാര്യയുടെ മൃതദേഹത്തിനരികില്‍ ഇരിക്കുമ്പോഴാണ് അമ്മ അമ്മിണി ചായ കുടിക്കാന്‍ വിളിച്ചത്. തനിക്കുള്ള ചായ കുടിച്ചശേഷം ഷീബയ്ക്ക് കൊടുക്കാനുള്ള പാലുംവാങ്ങി മുറിയില്‍ തിരികെ എത്തിയ എബി അതും കുടിച്ചു. ഇതിനുശേഷം നാലരയോടെ ബൈക്കില്‍ പുറത്തുപോയി.

ഉറക്കത്തിലോ അബോധാവസ്ഥയിലോ ആണ് ഷീബയ്ക്ക് വെട്ടേറ്റതെന്ന് മൃതദേഹം പരിശോധിച്ച ഫൊറന്‍സിക് വിദഗ്ദ്ധര്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശബ്ദം പുറത്തുകേള്‍ക്കാന്‍ സാധ്യത കുറവാണ്.കിടപ്പുമുറിയില്‍നിന്ന് ശബ്ദം കേട്ടില്ലെന്ന് എബിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞത് ആദ്യം പോലീസ് വിശ്വസിച്ചിരുന്നില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടും എബിയുടെ മൊഴിയും പൊരുത്തപ്പെടുന്നതിനാലാണ് കുടുംബാംഗങ്ങളെ
കേസില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും പ്രതിയെ രക്ഷപ്പെടാന്‍ അച്ഛനും ബന്ധുക്കളും സഹായിച്ചെന്നായിരുന്നു പോലീസിന്റെ നിഗമനം.

പോലീസിന്‍റെ പഴുതുകളച്ചുള്ള അന്വേഷണം പ്രതിയെ കുടുക്കി

എബി കീഴടങ്ങിയതാണെങ്കിലും പഴുതുകളച്ചുള്ള അന്വേഷണവും സൈബര്‍ സാങ്കേതികവിദ്യയുടെ സഹായവുമാണ് പ്രതിയെ ഇത്രയുംവേഗം പോലീസ് വലയിലാക്കിയത്. കൊലപാതകത്തിനുശേഷം ഹരിപ്പാട്ടുനിന്ന് പ്രതി രക്ഷപ്പെട്ട വഴികളിലെല്ലാം പോലീസെത്തിയിരുന്നു. കായംകുളം ഡിവൈ.എസ്.പി. സുനീഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹരിപ്പാട് സി.ഐ. ജെ.സന്തോഷ്‌കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്കിയത്. നാലു സംഘമായി തിരിഞ്ഞാണ്അന്വേഷണസംഘം നീങ്ങിയത്. ഇതിനിടെ എബിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി.

സംഭവത്തിനുശേഷം ഛത്തീസ്ഗഢ് രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് എബി വീട്ടില്‍നിന്നിറങ്ങിയത്. എറണാകുളം ബസ്സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോറിക്ഷയില്‍ ഇയാള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും വിവരം ലഭിച്ചു.എബിയുടെ ഫോട്ടോ കണ്ട് എറണാകുളത്തെ ഒരു ഓട്ടോഡ്രൈവറാണ് ഈ വിവരം നല്കിയത്. തുടര്‍ന്ന് അന്വേഷണം എറണാകുളത്തുനിന്ന് ഗരുവായൂരിലേക്ക് നീണ്ടു. രാത്രിയില്‍ ഗുരുവായൂര്‍ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയ എബി പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയതായി റെയില്‍വേ പോര്‍ട്ടര്‍ മൊഴി നല്കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പോര്‍ട്ടര്‍ ഉണര്‍ത്തിയപ്പോള്‍ ഇന്‍ഡോറില്‍ പോകാനാണെന്ന് എബി പറഞ്ഞു. പിന്നീട് ഇയാള്‍ എബിയെ എറണാകുളത്തേക്കുള്ള തീവണ്ടിക്ക് കയറ്റിവിട്ടു. ഇതോടെ പ്രതി ഇന്‍ഡോറിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് പോലീസ് ഉറപ്പിച്ചു.

തീവണ്ടിയില്‍ കയറിയ എബി ഞായറാഴ്ച രാത്രി നഗ്പൂരില്‍ ഇറങ്ങി. നാട്ടിലെ സ്ഥിതിയറിയാന്‍ ബന്ധുവിനെ ഫോണില്‍ വിളിച്ചു. എബിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ ഫോണുകള്‍ സംഭവത്തിനുശേം പോലീസ് നിരീക്ഷണത്തിലായിരുന്നു. എബി കീഴടങ്ങിയില്ലെങ്കില്‍ അച്ഛനമ്മമാരെ പ്രതികളാക്കി ജയിലിലടയ്ക്കുമെന്ന മുന്നറിയിപ്പ് പോലീസ് ഈ ബന്ധുവിന് നല്കി. എബി വീണ്ടും വിളിച്ചപ്പോള്‍ ബന്ധു ഈ കാര്യങ്ങള്‍ പറഞ്ഞു. ഇതോടെയാണ് ചെന്നൈവഴി നാട്ടിലേക്ക് മടങ്ങുകയാണെന്ന് എബി പറഞ്ഞതത്രേ. ഈ ബന്ധുവിന്റെ സാന്നിധ്യത്തിലാണ് ബുധനാഴ്ച രാവിലെ എബി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കീഴടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.