വായിക്കുക… ചിന്തിക്കുക… വളരുക എന്ന മുദ്രാവാക്യവുമായി യുകെയിലെ പ്രഥമ മലയാള ലൈബ്രറിയ്ക്ക് ലിംക തുടക്കം കുറിക്കുന്നു. ലോക പുസ്തകദിനമായ മാര്‍ച്ച് 3ന് ലിംകയുടെ ഭരണസമിതി ഈ സംരംഭത്തിന് രൂപം കൊടുക്കുകയുണ്ടായി. ലിംക ലൈബ്രറിയുടെ ഔദ്യോഗികമായ ഉദ്ഘാടന കര്‍മ്മം 27 ന് ഞായര്‍ 10 മണിക്ക് പ്രശസ്ത പിന്നണി ഗായിക സുജാത മോഹന്‍ ഭദ്രദീപം തെളിയിച്ച് നിര്‍വഹിക്കും.
ബ്രോഡ്ഗ്രാം ഇന്റര്‍നാഷ്ണല്‍ സ്‌കൂളിന്റെ അതിവിശാലമായ ലൈബ്രറി ഹാളിലാണ് ഇതിന് വേദിയൊരുക്കുന്നത്. ഗ്രന്ഥശാലയുടെ ഉദ്ഘാടന വേളയില്‍ മലയാള പുസ്തകങ്ങളുടെ ഒരു വലിയ ശേഖരണം പ്രസ്തുത ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. പ്രഥമഘട്ടത്തില്‍ 201 മലയാള പുസ്തകങ്ങളുമായിട്ടാണ് ഈ ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിക്കുന്നത്.
ബാലസാഹിത്യകൃതികള്‍, മതപരമായ ഗ്രന്ഥങ്ങള്‍ (ഖുര്‍ആന്‍, വാത്മീകി രാമായണം, ബൈബിള്‍) കവിതാസമാഹാരങ്ങള്‍, ഭാരത ചരിത്രം, പൊതുവിജ്ഞാനം, യാത്രാവിവരണങ്ങള്‍, നോവലുകള്‍, ചെറുകഥകള്‍… ഇങ്ങനെ നീളുന്ന ലൈബ്രറിയിലെ അറിവിന്റെ മുതല്‍കൂട്ടുകള്‍. ഇവക്ക് പുറമെ വനിത, കന്യക, ആരോഗ്യമാസിക എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രന്ഥശാലയിലേക്കുള്ള അംഗത്വം സൗജന്യമാണ്. യുകെയില്‍ ഇദംപ്രദമമായി തുടക്കം കുറിക്കുന്ന ലിംകയുടെ ഈ മലയാള ഗ്രന്ഥശാലയുടെ ഉദ്ഘടന വേളയിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാ പ്രവാസി മലയാളികളുടെയും സാന്നിദ്ധ്യ-സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്ന് ലിംക ചെയര്‍മാന്‍ സ്റ്റെസണ്‍ സ്റ്റീഫന്‍ , പിആര്‍ഒ തോമസുകുട്ടി ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : കോ ഓര്‍ഡിനേറ്റേഴ്‌സ് ബിജു പീറ്റര്‍ ബിര്‍ക്കന്‍ ഹെഡ് – 07970944925, ബിനു മൈലപ്ര ഫസാകെര്‍ലി- 07889134397
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല