യുകെയില്‍ കാര്‍ ടാക്‌സ് ഡിസ്‌കുകളുടെ കാര്യം ഓര്‍മ്മയായി ഒരു വര്‍ഷം തികയും മുന്‍പേ ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് പേപ്പര്‍ നിറുത്തലാക്കുന്നു. എവിടെ മറന്നു വച്ചു എന്നറിയാതെ മലയാളികളടക്കം അനേക ലക്ഷം ഡ്രൈവര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ആ കടലാസ്സു കഷണം ഇനി വേണ്ട എന്ന് ചുരുക്കം. ജൂണ്‍ 8 മുതല്‍ ഇവ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു കൊണ്ട് ഡിവിഎല്‍എ പുതിയ ഉത്തരവിറക്കി.
ആവശ്യമില്ലാത്തതു കൊണ്ട് ചുരുട്ടിക്കൂട്ടി വലിച്ചെറിയുന്ന പേപ്പര്‍ കഷണങ്ങള്‍ക്കിടയില്‍ പെട്ട് ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് പേപ്പര്‍ നഷ്ട്ടപ്പെട്ട ലക്ഷക്കണക്കിന് പേരാണ് എല്ലാ വര്‍ഷവും ഡ്യൂപ്ലിക്കേറ്റ് കോപ്പികള്‍ക്കായി യുകെയിലെ ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയെ (ഡിവിഎല്‍എ) സമീപിച്ചു അപേക്ഷകള്‍ നല്‍കിക്കൊണ്ടിരുന്നത്. ഇതേത്തുടര്‍ന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പണ നഷ്ട്ടവും സമയ നഷ്ട്ടവും ഒഴിവാക്കാനാണ് ഈ പുതിയ നടപടി.പതിറ്റാണ്ടുകളായി യു കെ യിലെ ഡ്രൈവര്‍മാരുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നത് ഈ ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് പേപ്പറിലായിരുന്നു.ജൂണ്‍ എട്ട് മുതല്‍ ഈ വിവരങ്ങള്‍ എല്ലാം ഇലക്ട്രോണിക്ക് രീതിയിലാവും രേഖ പ്പെടുത്തുക. ഇനി മുതല്‍ ഇവ ഓണ്‍ലൈനില്‍ കൂടി വേണ്ട ആവശ്യക്കാര്‍ക്ക് ഒരു പ്രത്യേക സെക്യൂരിറ്റി കോഡിന്റ്‌റെ സഹായത്തോടെ തല്ക്ഷണം ഡൌണ്‍ ലോഡ് ചെയാം.
പുതിയ ഡ്രൈവര്‍മാര്‍ക്ക് പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് നല്കിവരുന്ന രീതിയാണ് 1998 മുതല്‍ യു കെയില്‍ നില വിലുള്ളത് .അതിനു മുന്‍പ് പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് രീതിയായിരുന്നു. എന്നാല്‍ ഈ പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കും തങ്ങളുടെ പെനാല്‍ട്ടി പോയിന്ട്ട്‌സുകള്‍, ഏതൊക്കെ വാഹനം ഓടിക്കാനുള്ള അവകാശങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ അടങ്ങിയിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് പേപ്പര്‍ കൂടി സൂക്ഷിക്കേണ്ടിയിരുന്നു. ഈ രീതി മാറ്റണമെന്ന് ശക്തമായ ആവശ്യം വളരെ ക്കാലങ്ങളായി ഉയര്‍ന്നിരുന്നെങ്കിലും മാറ്റം വരുത്തുന്നതില്‍ നിന്നും ഡി വി എല്‍ എ ഒഴിഞ്ഞു നില്ക്കുകയായിരുന്നു. പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സില്‍ പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സിലുള്ള ചില വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്ന സാങ്കേതിക ബുദ്ധിമുട്ടാണ് ഡി വി എല്‍ എ അധികൃതര്‍ ചൂണ്ടി ക്കാട്ടിയിരുന്നത്.പെനാള്‍ട്ടി പോയിന്റ്‌സ്, ഡ്രൈംവിംഗ് ഡിസ്‌ക്വാളിഫിക്കേഷന്‍സ്, പ്രൊവിഷണല്‍ ഡ്രൈവിംഗ് എന്‍ടൈറ്റില്‍മെന്റ് എന്നീ വിവരങ്ങളാണ് പ്ലാസ്റ്റിക് ഡ്രൈവിംഗ് ലൈസന്‍സില്‍ ഉള്‍പ്പെടുത്താനാകാതെ പോയത്.
ജൂണ്‍ 8 മുതല്‍ പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ടിന്റ്‌റെ സാധുത ഇല്ലാതായി പകരം ഒരു ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരും. ഡ്രൈവര്‍മാര്‍ക്കു സുരക്ഷിതമായി തങ്ങളുടെ ലൈസന്‍സ് വിവരങ്ങള്‍ പരിശോധിക്കാനും പങ്കുവക്കാനും ഈ പുതിയ സംവിധാനത്തില്‍ സാധിക്കും.
നിലവില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്കാണ് പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ടിന്റ്‌റെ ഡ്യൂപ്‌ളിക്കേറ്റ് കോപ്പികള്‍ ഡിവിഎല്‍എ പ്രതിവര്‍ഷം നല്‍കുന്നത്. ഇതില്‍ ഭൂരിഭാഗവും കൌണ്ടര്‍
പാര്‍ട്ട് കോപ്പികള്‍ ശ്രദ്ധക്കുറവു മൂലം നഷ്ടപ്പെടുന്ന സംഭവങ്ങളില്‍ ആണുതാനും. 20 പൗണ്ട് ഈടാക്കിയാണ് നഷ്ടപ്പെട്ട കൌണ്ടര്‍ പാര്‍ട്ടിനു പകരം പുതിയതു നല്‍കുന്നത്. ഇത് ഡ്രൈവര്‍മാര്‍ക്ക് അധികഭാരമാണെന്നാണ് ഡിവിഎല്‍എ യുടെ പുതിയ നിലപാട്.
കൌണ്ടര്‍പാര്‍ട്ട് പേപ്പറും പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ലൈസന്‍സും കൈവശമുള്ള ഡ്രൈവര്‍മാരോട് ജൂണ്‍ 8 നു ശേഷം പേപ്പര്‍ കൌണ്ടര്‍ പാര്‍ട്ട് നശിപ്പിച്ചു കളയാന്‍ ഡിവിഎല്‍എ നിര്‍ദ്ദേശമുണ്ട്. യു കെ യിലെ മഹാഭൂരിഭാഗം മലയാളി ഡ്രൈവര്‍മാരും ഈ ഗണത്തില്‍ പെടുന്നവരാണ്. എന്നാല്‍ ഫോട്ടോ കാര്‍ഡ് വരുന്നതിനു മുമ്പ് നല്‍കിയിരുന്ന പേപ്പര്‍ ലൈസന്‍സ് മാത്രം കൈവശമുള്ളവര്‍ക്ക് പുതിയ ഫോട്ടോ കാര്‍ഡ് ലൈസന്‍സ് കിട്ടും വരെ ഈ പേപ്പര്‍ കൌണ്ടര്‍ പാര്‍ട്ട് തുടര്‍ന്ന് വീണ്ടും ഉപയോഗിക്കണം.
ഇനി പുതുതായി ലൈസന്‍സിന് അപേക്ഷികുന്നവര്‍ക്ക് ജൂണ്‍ 8 നു ശേഷം പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ലൈസന്‍സ് മാത്രമാണ് നല്‍കുക.ഇതോടൊപ്പം നല്കിയിരുന്ന പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് ഉണ്ടായിരിക്കില്ല.ഗതാഗത രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിവിഎല്‍എ ആസൂത്രണം ചെയ്യുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പേപ്പര്‍ ലൈസന്‍സ് നിര്‍ത്തലാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കു സുരക്ഷിതമായി തങ്ങളുടെ ലൈസന്‍സ് വിവരങ്ങള്‍ പരിശോധിക്കാനും പങ്കുവക്കാനും വഴിയൊരുക്കുന്ന സൗജന്യ ഓണ്‍ലൈന്‍ ഡ്രൈവിംഗ് ലൈസന്‍സ് സര്‍വീസും നിലവില്‍ വന്നു കഴിഞ്ഞു.ലൈസന്‍സ് ഉടമക്ക് ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍, പെനാള്‍ട്ടി പോയിന്റ്‌സ് എന്നിവയെല്ലാം രേഖപ്പെടുത്താനും എളുപ്പത്തില്‍ പരിശോധിക്കാനും ഈ പുതിയ സംവിധാനത്തില്‍ സാധിക്കും.അതോടൊപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തിനോ, കാര്‍ വാടകക്ക് കൊടുക്കുന്ന കമ്പനികള്‍ക്കോ തെളിവായി വെറും പ്ലാസ്റ്റിക് ലൈസന്‍സ് മാത്രം കൊടുത്താല്‍ പോരെന്ന പ്രത്യേകതയുമുണ്ട്. ഡ്രൈവര്‍മാര്‍ പുതിയ ഓണ്‍ലൈന്‍ ഡ്രൈവിംഗ് ലൈസന്‍സ് സര്‍വീസ് ബെബ്‌സൈറ്റില്‍ കയറി തങ്ങളുടെ ഡ്രൈവിംഗ് വിവരങ്ങള്‍ പ്രിന്റ് എടുത്ത് നല്‍കുകയോ, മറ്റൊരാള്‍ക്ക് അത് പരിശോധിക്കാനുള്ള അനുമതി നല്‍കുകയോ വേണം. വാഹനങ്ങള്‍ വാടകക്ക് എടുക്കുന്ന സാഹചര്യങ്ങളില്‍ ഡ്രൈവര്‍ക്ക് ഒരു കോഡ് ലഭിക്കുന്ന സംവിധാനവുമുണ്ട്. വാഹനം വാടകക്ക് നല്‍കുന്ന സ്ഥാപനത്തിന് അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് പരിശോധന നടത്താനും ജാഗ്രത പുലര്‍ത്താനുമാണ് ഈ കോഡ്.വാഹനം വാടകക്ക് എടുക്കുന്നതിന് മുമ്പ് കമ്പനിക്ക് തങ്ങളുടെ ഡ്രൈവിംഗ് സംബന്ധിച്ച ഏതെല്ലാം വിവരങ്ങളാണ് അറിയേണ്ടതെന്ന് ഉറപ്പു വരുത്താനും ഡിവിഎല്‍എ ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിക്കുന്നു.
ചുരുക്കത്തില്‍ ജൂണ്‍ 8 മുതല്‍ എല്ലാ ഡ്രൈവര്‍മാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ് .
1.പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ലൈസന്‍സും ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് പേപ്പറും ഇപ്പോള്‍ കൈവശമുള്ള എല്ലാ ഡ്രൈവര്‍മാരുംജൂണ്‍ എട്ടു മുതല്‍ പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ലൈസന്‍സു മാത്രം സൂക്ഷിച്ചാല്‍ മതി. ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് പേപ്പര്‍ നശിപ്പിച്ചു കളയാവുന്നതാണ്.
2.പഴയ പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോഴും ഉള്ളവര്‍ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് കൌണ്ടര്‍ പാര്‍ട്ട് പേപ്പര്‍ തുടര്‍ന്നും സൂക്ഷിക്കേണ്ടതാണ്.പുതിയ പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ലൈസന്‍സു ലഭിക്കുമ്പോള്‍ മാത്രമേ ഇവരുടെ വിവരങ്ങള്‍ ഇലക്ട്രോണി ക്ക് രീതിയിലാവുകയുള്ളൂ.അതിനു ശേഷം കൌണ്ടര്‍ പാര്‍ട്ട് പേപ്പര്‍ നശിപ്പിച്ചു കളയാവുന്നതാണ്.
3.ഇനി മുതല്‍ പുതിയ ഡ്രൈവര്‍മാര്‍ക്കും പഴയ ലൈസന്‍സ് പുതുക്കുന്നവര്‍ക്കും പ്ലാസ്റ്റിക് ഫോട്ടോ കാര്‍ഡ് ലൈസന്‍സു മാത്രമേ ലഭിക്കുകയുള്ളൂ.
4.എല്ലാ ഡ്രൈവര്‍ മാര്‍ക്കും തങ്ങളുടെ ഡ്രൈവിംഗ് വിവരങ്ങള്‍ ഫ്രീ ഓണ്‍ലൈന്‍ സേവനമായ Share Driving Licence Service വഴിയോ ,പോസ്റ്റ് മുഖേനയോ ,ഫോണ്‍ വഴിയോ നേടാവുന്നതാണ്.
5.തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലിചെയുന്നവരുടെ ലൈസന്‍സ് സംബന്ധ മായ വിവരങ്ങള്‍ ഓരോ ഓര്‍ഗനൈസേഷനുകള്‍ക്കും Check Driving Licence Service മുഖേനെ നേടാവുന്നതാണ്.ഇതിനായി അതാതു ഡ്രൈവര്‍മാര്‍ ഡി വി എല്‍ എ യില്‍ നിന്നും നേടുന്ന കോഡ് ഉപയോഗിക്കുക .
6.വാഹനങ്ങള്‍ വാടകയ്ക്ക് നല്കുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് രേഖകള്‍ , മറ്റു ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ഡൌണ്‍ ലോഡ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അതിനായി ഡ്രൈവര്‍മാര്‍ Gov.Uk യില്‍ നിന്നും നേടുന്ന പ്രത്യേക കോഡ് ഉപയോഗിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ www.gov.uk/dvla/nomorecounterpart
എന്ന വെബ് സൈറ്റില്‍ നിന്നും ലഭ്യമാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല