സ്വന്തം ലേഖകന്‍: സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മൂന്ന് രാജകുമാരന്മാരുടെ തിരോധാനം, വിഷയം ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററി സൗദിക്ക് തലവേദനയാകുന്നു. കര്‍ശ്ശനമായ നിയമ വ്യവസ്ഥകളുടെയും ശിക്ഷാരീതികളുടെയും പേരില്‍ ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായ സൗദിയില്‍ ഈ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ അവകാശമില്ലാത്ത സൗദി അറേബ്യയില്‍ വിമതശബ്ദം ഉയര്‍ത്തിയ മൂന്നു രാജകുമാരന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് നിര്‍ദ്ദിഷ്ട ഡോക്യുമെന്ററി.
സൗദി രാജകുടുംബവുമായി അടുപ്പമുള്ള മൂന്നു പേരും ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ റിയാദില്‍ സമാധാന പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. 2015 സെപ്ംബറിനും 2016 ഫെബ്രുവരിക്കും ഇടയിലാണ് മൂവരുടെയും തിരോധാനം. തട്ടിക്കൊണ്ടുപോകപ്പെട്ട രാജകുമാരന്മാരുടെ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നു രാജകുമാരന്മാരില് ഏറ്റവും മുതിര്‍ന്ന സുല്‍ത്താന്‍ ബിന്‍ തുര്‍ക്കി പാശ്ചാത്യര്‍ അടക്കമുള്ള തന്റെ ഇരുപതംഗ പരിവാരങ്ങളോടൊപ്പം കെയ്റോവിലേയ്ക്കുള്ള യാത്രാമധ്യേയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.
കെയ്റോയിലേയ്ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം റിയാദിലേയ്ക്ക് വഴി തിരിച്ചുവിടപ്പെട്ടു. വിമാനം റിയാദില്‍ ലാന്‍ഡ് ചെയ്ത ഉടനെ സൗദി പട്ടാളക്കാരും പൊലീസും വിമാനത്തിനുള്ളിലേയ്ക്ക് കയറി വരികയും രാജകുമാരനെ മര്‍ദ്ദിച്ച് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റികൊണ്ട് പോവുയായിരുന്നു. സുല്‍ത്താന്റെ സംഘത്തിലുള്ള സ്ത്രീകളടക്കമുള്ള വിദേശികളെ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചുവെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ആദ്യമേ തന്നെ എല്ലാവരുടെയും പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും എല്ലാം സൈനികര്‍ കൈക്കലാക്കി. ആരും തടവ് ചാടാതിരിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് മതിയായ വസ്ത്രങ്ങള്‍ പോലും നിഷേധിച്ചുവെന്നും ആരോപണമുണ്ട്. രാജകുമാരന്റെ അനുചര സംഘത്തോട് ക്ഷോഭത്തോടെ പെരുമാറിയ സൈനികര്‍ അതാതു എംബസ്സികളെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. മൂന്നാമത്തെ ദിവസം സായുധസേനയുടെ അകമ്പടിയോടെ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെല്ലാം വിമാനത്തില്‍ കയറുന്നതിനു മുമ്പാണ് പാസ്സ്പോര്‍ട്ട്, ഫോണ്‍ തുടങ്ങിയവ മടക്കി നല്‍കിയത്.
സൗദി ഭരണകൂടത്തിന്റെ വിവിധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ച മറ്റു രണ്ടു രാജകുടുംബാംഗങ്ങളും സമാനമായ രീതിയില്‍ നിശബ്ദരാക്കപ്പെട്ടിരുന്നു. ഇവരെക്കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വിഷയം അന്താരാഷ്ട്ര കോടതിയുടെ മുമ്പിലും എത്തിയിട്ടുമുണ്ട്. ഇത്തരം വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കാന്‍ ഇതേവരെ സൗദി ഭരണകൂടം തയ്യാറായിട്ടില്ല. ഈ ആഴ്ച പുറത്തുവരുമെന്ന് കരുതപ്പെടുന്ന ഡോക്യൂമെന്ററി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല