സ്വന്തം ലേഖകന്‍: യുഎസില്‍ കാണാതായ മലയാളി കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കണ്ടെത്തിയത്. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ (38) മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്ദീപും സാച്ചിയും കാറിനുള്ളിലായിരുന്നു. അപകടം നടന്ന സ്ഥലത്തിന് ഒന്നരമൈല്‍ അകലെ നദിയില്‍ ആറടി താഴ്ചയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. സന്ദീപും സാച്ചിയും കാറിന് പിന്നിലെ സീറ്റിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളെ രക്ഷിക്കാനായി സന്ദീപ് പിന്നിലേക്ക് വന്നാതാണെന്നാണ് കരുതുന്നത്.
കാറിന്റെ ഒരു വശത്തെ ചില്ല് തകര്‍ന്ന നിലയിലാണ്. ഇരുവരെയും കണ്ടെത്തിയ ശേഷം നടത്തിയ തിരച്ചിലിനൊടുവില്‍ അല്‍പ്പം അകലെ നിന്ന് മകന്‍ സിദ്ധാന്തിന്റെയും മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കാറും കരക്കെത്തിച്ചു. ഏപ്രില്‍ ആറ് മുതലാണ് മലയാളി കുടുംബത്തെ കാണാതായത്.
സൗത്ത് കാലിഫോര്‍ണിയയിലെ വാലന്‍സിയയില്‍ താമസിക്കുന്ന സന്ദീപും കുടംബവും ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് സനോയിഡിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കില്‍വെച്ച് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ നദിയില്‍ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം മുങ്ങിപ്പോയെന്നാണ് ദൃക്‌സാക്ഷി പൊലീസിനെ അറിയിച്ചത്.
ഒരാഴ്ചയായി സന്ദീപും കുടുംബവും വിനോദയാത്രയിലായിരുന്നു. ഇതിനിടെ സനോയിഡിലെ ബന്ധുവിന്റെ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പട്രോളില്‍ നിന്ന് അപകടവിവരം അറിഞ്ഞത്. എറണാകുളം പറവൂര്‍ തോട്ടപ്പള്ളി വീട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ സൂറത്തില്‍ സ്ഥിരതാമസമാക്കിയ സുബ്രഹ്മണ്യന്റെ മകനാണ് സന്ദീപ്.
ലോസ് ആഞ്ചലസിനടുത്ത് സാന്റാ ക്ലരിറ്റയില്‍ യൂനിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായാണ് സന്ദീപ് ജോലി ചെയ്തിരുന്നത്. സൂറത്തില്‍ നിന്ന് സന്ദീപ് 15 വര്‍ഷം മുമ്പാണ് യു.എസിലെത്തിയത്. കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പില്‍ അക്ഷയവീട്ടില്‍ റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥരായ സോമനാഥ് പിള്ളയുടെയും രത്‌നവല്ലിയുടെയും മകളാണ് സൗമ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല