
സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമടങ്ങുന്ന ഒരു സംഘത്തെ ചൈന ഉത്തര കൊറിയയിലേക്ക് അയച്ചതായി സൂചന. അതേസമയം, ചൈന ഇതിനെപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചൈനീസ് സർക്കാരുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശ കാര്യ സമതിയിലെ ഒരു മുതിർന്ന അംഗം നയിക്കുന്ന സംഘം വ്യാഴാഴ്ച ഉത്തര കൊറിയയിലേക്കു പോയി. കിമ്മിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താനാണ് യാത്രയെന്നാണ് വിവരം.
നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്ന സ്നേക് വൈനാണ് ഭക്ഷണപ്രിയനായ കിമ്മിന് വിനയായതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് സ്ഥിരമായി സേവിച്ചാൽ അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്നൊരു വിശ്വാസമുണ്ട്. ലഹരിക്കും പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ മരുന്നായും ഇതുപയോഗിക്കുന്നു. മൂർഖൻ പാമ്പിൽനിന്ന് നിർമിച്ചിരുന്ന സ്നേക്ക് വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു.
ഇതിനെല്ലാം പുറമേ കടുത്ത ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും ജീവിതശൈലിയുമാണ് കിമ്മിനെ കുഴപ്പിച്ചതെന്നു ഡെയ്ലി എൻകെ പറയുന്നു.
“കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്,” പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്ലി എൻകെ എന്ന ദക്ഷിണ കൊറിയൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
ഉത്തര കൊറിയന്‍ നേതാവിന്റെ ആരോഗ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചൈന ഡോക്ടര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും സംഘത്തെ അയച്ചത്. എന്നാല്‍ യാത്രയുടെ യഥാര്‍ഥ ലക്ഷ്യം സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. വാര്‍ത്തകള്‍ തെറ്റാണെന്ന് കരുതുന്നതായി ട്രംപും പ്രതികരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല