
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സെൽഫ് ഐസൊലേഷനില്‍ ഇരിക്കാതെ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കി വീട്ടിലിരുത്താന്‍ 182 പൗണ്ട് വരെ വാഗ്ദാനം ചെയ്ത് സർക്കാർ. സ്വയം കൊവിഡ്-19 പോസിറ്റീവ് ആകുകയോ, കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുകയോ ചെയ്താല്‍ പോലും ജോലിക്ക് പോകാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥ ചിലര്‍ നേരിടുന്നതായി മന്ത്രിമാര്‍ ആശങ്കപ്പെടുന്നു. ഉയര്‍ന്ന ഇന്ഫെക്ഷന് നിരക്കുള്ള മേഖലകളിലാണ് ഈ പണം നല്കാന് തീരുമാനിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ്, മിഡ്ലാന്‍ഡ്സ് മേഖലകളില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ്, വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റ് എന്നിവ ലഭിക്കുന്നവര്‍ക്ക് കൊവിഡ് പാക്കേജ് കൈപ്പറ്റാന്‍ അവകാശം ലഭിക്കും.
കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സഹായകമാകാനാണ് സ്കീം. ക്ലീനര്‍മാര്‍, ഫാക്ടറി വര്‍ക്കര്‍മാര്‍ തുടങ്ങി വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, സെല്‍ഫ് എംപ്ലോയ്ഡ് ആയിട്ടുള്ള ടാക്സി, ഡെലിവെറി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കും ഈ തുക കൈപ്പറ്റാം. ലെസ്റ്ററില്‍ ഇന്ഫെക്ഷന് റേറ്റ് ദീര്‍ഘകാലം ഉയരാനുള്ള പ്രധാന കാരണമായി അധികൃതര്‍ കണ്ടെത്തിയത് സെല്‍ഫ് ഐസൊലേഷനില്‍ ഉള്ളവരും ഫാക്ടറി ജോലികളില്‍ ഏര്പ്പെട്ടതാണെന്ന വസ്തുതയാണ്.
പുതിയ പദ്ധതി പ്രകാരം പോസിറ്റീവായി സ്ഥിരീകരിക്കുന്ന വര്‍ക്കേഴ്സിന് പത്ത് ദിവസത്തെ ക്വാറന്റൈന് ചെയ്യാന്‍ 130 പൗണ്ട് ലഭിക്കും. ബന്ധുക്കള്‍ക്കും, അടുത്ത സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കും 14 ദിവസത്തേക്ക് 182 പൗണ്ടും നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ ബ്രിട്ടീഷ് സമൂഹം ഏറെ ത്യാഗം ചെയ്ത അവസ്ഥയിലാണ് കുറഞ്ഞ വരുമാനക്കാരെയും, വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയാത്തവരെയും പുതിയ സ്കീമിലൂടെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല