1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2011

തലയില്‍ വെച്ചാല്‍ പേനരിച്ചാലോ താഴത്ത് വെച്ചാല്‍ ഉറുമ്പരിച്ചാലോ എന്നൊക്കെ ശ്രദ്ധിച്ചു മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ഉണ്ടായിരിക്കാം ഇവര്‍ക്കൊരു അപമാനമാണ് ബ്രിട്ടനിലെ ചില രക്ഷിതാക്കള്‍ എന്നാണു സമീപകാലത്ത് നടന്ന ചില സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. മാതാപിതാക്കള്‍ ‘എല്ലാം മറന്നു’ ഉറങ്ങുമ്പോള്‍ രണ്ടു പിഞ്ചു കുട്ടികളെ തിരക്കേറിയ രണ്ടുവരി പാതയില്‍ കണ്ടെത്തിയ കേസാണ് ഈയടുത്ത ദിവസം കോടതിയില്‍ എത്തിയത്.

രണ്ടു വയസുമാത്രമുള്ള പെണ്‍കുട്ടിയും നാല് വയസുള്ള സഹോദരനെയും അവരുടെ ഫ്ലാറ്റിന് മുന്‍പിലെ തിരക്കേറിയ A38 ടൈബെന്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഒരു സ്ത്രീ അവരെ സുരക്ഷിതരാക്കി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ സ്ത്രീ പറയുന്നത് മുതിര്‍ന്നവരെ ആരും കൂടെ ഇല്ലാതെ അപകടം പിടിച്ച റോഡില്‍ ഈ പിഞ്ചു കുട്ടികളെ കണ്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്നാണ്.

ഇതേതുടര്‍ന്ന് ബിര്‍മിംഗ്ഹാം ക്രൌണ്‍ കോര്‍ട്ടിലാണ് ഈ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ പോലീസ് ഹാജരാക്കിയത്, തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും മക്കള്‍ ഫ്ലാറ്റില്‍ നിന്നും ഇറങ്ങി പോയത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലയെന്നുമാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്. കേസിന്റെ വിധി സെപ്റ്റംബര്‍ 21 നു കോടതി പ്രസ്താവിക്കും.

അതേസമയം പോലീസ് ഇവരുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ കുട്ടികള്‍ പുറത്തു പോകുന്നത് തടയുന്ന തരത്തില്‍ യാതൊരു സംവിധാനവും അവിടെ ഇല്ലായെന്ന് കണ്ടെതിയതിനൊപ്പം കുട്ടികളുടെ കിടക്കയില്‍ നിന്നും കത്തിയും ലിക്യുഡ് പാരാസെറ്റമോളും ഒരു കവര്‍ പച്ചയിറച്ചിയും കണ്ടെത്തിയത് അക്ഷരാര്‍ത്ഥത്തില്‍ കോടതിയെ ഞെട്ടിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.