1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2011

തോമസ്‌ പുളിക്കല്‍

പ്രവാസി മലയാളി സംഘടനകള്‍ക്ക് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാവുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. നാല് ദിവസം നീണ്ടു നിന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നതിന് കേരളാ സംഘത്തെ നയിച്ചെത്തിയ മന്ത്രിയ്ക്ക് ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജിയന്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് ആവശ്യമായ രീതിയില്‍ ഓരോ രാജ്യത്തെയും മലയാളി സംഘടനകള്‍ക്ക് അവരുടെ പട്ടണങ്ങളില്‍ കേരളത്തെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള പ്രമോഷന്‍ പ്രോഗ്രാമുകള്‍ നടപ്പിലാക്കിയാല്‍ നമ്മുടെ നാടിനെ പറ്റി വിദേശികള്‍ക്ക് കൂടുതല്‍ അറിയുന്നതിനു സഹായകരമാവുമെന്നും കേരളം സന്ദര്‍ശിക്കുന്നതിന് വിദേശികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ചെറുപട്ടണങ്ങളിലും കേരളത്തെപ്പറ്റി പ്രമോഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് ഏറ്റവും സാധ്യതകള്‍ ഉള്ളത് യൂറോപ്യന്‍ രാജ്യങ്ങളിലാണെന്നും ഇത്രയധികം മലയാളികള്‍ എല്ലാ പട്ടണങ്ങളിലും തന്നെ ഉള്ളതിനാല്‍ ബ്രിട്ടനില്‍ ഇത്തരം നിരവധി പരിപാടികള്‍ നടപ്പിലാക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മറ്റ് മലയാളി സംഘടനകളെ കൂടി ചേര്‍ത്ത് കേരളത്തിന്റെ ടൂറിസം വികസനത്തിന് സഹായകരമാകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഒ.ഐ.സി.സി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഔദ്യോഗിക പരിപാടികളുടെ തിരക്ക് മൂലം ഒ.ഐ.സി.സിയുടെ സ്വീകരണത്തിന് ഒരു ദിവസം മുന്‍പ് അറിയിച്ചിട്ട് പോലും മനോഹരമായ ചടങ്ങ് ഒരുക്കിയ സംഘാടകരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഒ.ഐ.സി.സിയുടെ മെംബര്‍ഷിപ്പ് കാമ്പയിനും പ്രാഥമിക തല കമ്മറ്റി രൂപീകരണങ്ങളും ശക്തമായി മുന്നോട്ട് പോകുന്നതിന് നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് വലിയപറമ്പിലിന്റെ നേതൃത്വത്തിലുള്ള കാമ്പയിന്‍ കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
കേരളാ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി തന്നാലാകുന്ന എല്ലാ സഹായവും ഉണ്ടാവുമെന്ന് ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നിര നേതാവും ന്യൂഹാം മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ സ്റ്റീഫന്‍ ടിംസ് എം.പി അറിയിച്ചു. അടുത്ത വര്‍ഷം താന്‍ ‘ഗോഡ്‌സ് ഓണ്‍ കന്‍ട്രി’ സന്ദര്‍ശിക്കുന്നുണ്ടെന്നും അപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാലങ്ങളില്‍ ലണ്ടനില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തനം ഒ.ഐ.സി.സിയുടെ വരവോടെ യു.കെയിലെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നതായി അറിയുവാന്‍ കഴിഞ്ഞതായി ന്യൂ ഹാം കൗണ്‍സില്‍ അംഗവും മുന്‍ സിവിക് അംബാസിഡറുമായ ഡോ. ഓമന ഗംഗാധരന്‍ പറഞ്ഞു. ഇങ്ങനെ കെട്ടുറപ്പുള്ള അടിത്തറയോടെ വരുന്ന സംഘടനയ്ക്ക് പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും ഡോ. ഓമന ആശംസിച്ചു. കൂടാതെ ടൂറിസം പോലെ സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളില്‍ ഇടപെടുന്നതിന് നേതൃത്വം നല്‍കണമെന്നും ഡോ. ഓമന അഭ്യര്‍ത്ഥിച്ചു.

ഈസ്റ്റ്‌ഹാം ബോളിയന്‍ തിയേറ്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ഐ.സി.സി യു.കെ ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അധ്യക്ഷനായിരുന്നു. ഗിരി മാധവന്‍ സ്വാഗതവും ജെയ്‌സണ്‍ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി. തോമസ് പുളിക്കല്‍, ലണ്ടന്‍ റീജണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍, വിവിധ കൗണ്‍സില്‍ കമ്മറ്റികളുടെ പ്രസിഡന്റുമാരായ ബിജു ഗോപിനാഥ്, ബിജു കോശി, രാജേന്ദ്ര ലാല്‍, ബിജു കല്ലമ്പലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2011ല്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആവിഷ്‌കരിച്ച കേരളത്തിന്റെ പവിലിയന് ബെസ്റ്റ് സ്റ്റാന്‍ഡ് പുരസ്‌കാരം ലഭിച്ചിരുന്നു. കായലും ചീനവലയും എന്ന ആശയത്തെ അടിസ്ഥാനമാക്കി കേരള ടൂറിസം 117 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ പവലിയനാണ് ബെസ്റ്റ് സ്റ്റാന്‍ഡ് ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. സന്ദര്‍ശകരുടെ ആദരവും പ്രശസംസയും പിടിച്ചു പറ്റിയ സ്റ്റാന്‍ഡ് രൂപകല്‍പ്പന ചെയ്തതിനും ആവിഷ്‌കരിച്ചതിനും അതിന്റെ അണിയറ പ്രവര്‍ത്തകരെ പ്രത്യേകമായി യോഗത്തില്‍ ആദരിച്ചു. സാബു ശിവന്‍, ഐസണ്‍ പി ജേക്കബ്, ശ്രീകുമാര്‍, അജേഷ്, ശ്യാം, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.