മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയുടെ വസ്ത്രം വലിച്ചുകീറിയ വനിതാ പ്രിന്‍സിപ്പല്‍ നിര്‍മല സിങ് ഒരാഴ്ചത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. സൂപ്രണ്ടിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. അതേസമയം പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു റാം മനോഹര്‍ ലോഹ്യ നഴ്സിങ് കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു.
പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കാമെന്നു സൂപ്രണ്ട് ഉറപ്പു നല്‍കിയതിനാലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതിനായി രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയുടെ വസ്ത്രമാണ് പ്രിന്‍സിപ്പല്‍ വലിച്ചു കീറിയത്. അസുഖം കാരണം മൂന്ന് ദിവസത്തെ അവധിയിലായിരുന്ന വിദ്യാര്‍ഥിനി മടങ്ങി വന്നപ്പോഴാണ് യൂണിഫോമില്‍ കറയുണ്ടെന്ന് പറഞ്ഞ് നഴ്സിങ് കോ-ഓര്‍ഡിനേറ്ററായ സുഭാഷിണി കുട്ടിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടിയുടെ വസ്ത്രം വലിച്ചുകീറുകയായിരുന്നു. ഇനി ഇതാവര്‍ത്തിച്ചാല്‍ നഗ്നയാക്കി കോളജിലൂടെ നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ഥിനി പറയുന്നു.
ആകെ ഭയന്നു പോയ പെണ്‍കുട്ടി കൈവശമുണ്ടായിരുന്ന സ്വെറ്റര്‍ ധരിച്ചു കരഞ്ഞുകൊണ്ടു ഹോസ്റ്റലിലേക്കോടി. വൈകിട്ടു സഹപാഠികള്‍ തിരിച്ചെത്തിയപ്പോള്‍ ഇവരോട് കുട്ടി സംഭവം വിവരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമരം ആരംഭിയ്ക്കുകയായിരുന്നു. വൈസ് പ്രിന്‍സിപ്പലായ നിര്‍മലയാണു ദീര്‍ഘകാലമായി പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്നത്. ദില്ലി സ്വദേശിയായ ഇവര്‍ ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളോട് മുന്‍പും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല