1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2011

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കോട്ടയം ജില്ലയുടെ ചില പ്രദേശങ്ങളിലും രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. സാമാന്യം ശക്തമായ ഭൂചലനമാണുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാവിലെ 5.26നും 5.45നുമാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഇടുക്കി, കുളമാവ്, മൂലമറ്റം, പശുപ്പാറ, ഉപ്പുതറ, വണ്ടിപെരിയാര്‍, കുമളി, കോട്ടയം ജില്ലയുടെ ഭാഗമായ ഈരാറ്റുപേട്ട, വാഗമണ്‍ എന്നിവിടങ്ങളില്‍ ചലനം ഉണ്ടായി.

മുല്ലപെരിയാര്‍ ഡാമിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ വലിയ മുഴക്കത്തോടെയുള്ള ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ടു ഇറങ്ങിയോടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം, ഭൂചലനത്തിന്റെ തീവ്രത അറിവായിട്ടില്ല. കുളമാവിലെ ഭൂകമ്പമാപിനി പരിശോധിച്ച ശേഷമെ തീവ്രത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളു.

റിക്ടര്‍ സ്കെയിലില്‍ മൂന്നു വരെ രേഖപ്പെടുത്താവുന്ന ശക്തിയുള്ള ഭൂചലനമാണുണ്ടായിരിക്കുതെന്ന് കരുതുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ഭൂചലനം മുല്ലപെരിയാര്‍ അണക്കെട്ടിനെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്നിലേറെ തവണ ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.