1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2011

തൊടുപുഴ: പന്നിമറ്റം, പരവരാകത്ത് അറുപത്തിമൂന്നുകാരന്‍ ജോസഫേട്ടന്‍ റോക്കറ്റുപോലെ തെങ്ങിന്റെ മുകളിലേക്ക് കയറുന്നതുകണ്ടപ്പോള്‍ മുതലക്കോടം ചെമ്പരത്തിയില്‍ അറുപത്തെട്ടുകാരന്‍ മത്തായിച്ചേട്ടനും തെങ്ങില്‍ കയറാന്‍ മോഹം. രാവിലെ കുളിച്ച് തയ്യാറായി അദ്ദേഹവുമെത്തി, ഒളമറ്റം മാരിയില്‍ കലുങ്കിനടുത്ത് നാളികേര വികസനബോര്‍ഡും ഗാന്ധിജി സ്റ്റഡിസെന്‍ററും നടത്തിയ തെങ്ങുകയറ്റ പരിശീലന പരിപാടിയില്‍.

പരിശീലനത്തില്‍ പങ്കെടുത്ത ചെറുപ്പക്കാരെ വിളിച്ച് യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറുന്ന രീതി മനസ്സിലാക്കി. പിന്നീട് തെങ്ങില്‍ കയറാനുള്ള ശ്രമമായി. ആദ്യശ്രമം പരാജയപ്പെട്ടു. അടുത്തശ്രമത്തില്‍ പ്രായത്തെ വെല്ലുവിളിച്ച് തെങ്ങിന്റെ മുകളിലേക്ക്…. തിരികെയിറങ്ങി ചുറ്റും കൂടിയവരോടായി പറഞ്ഞു: ’50 തെങ്ങുണ്ട് സ്വന്തമായി. തേങ്ങയിടാന്‍ ആളെ കിട്ടാനില്ല. എന്നാപ്പിന്നെ തെങ്ങില്‍ കയറാന്‍ പറ്റമോന്ന് നമുക്കൊന്നു നോക്കണമല്ലോ’….മത്തായിച്ചേട്ടന് നാലേക്കര്‍ സ്ഥലമുണ്ട്, കൃഷിക്കാരനാണ്. മൂത്തമകന്‍ അമേരിക്കയില്‍. . ഇളയ മകനും മകളും ബാംഗ്‌ളൂരില്‍ എന്‍ജിനിയര്‍മാരാണ്.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥികളായ സിയാദും എബിനുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്ത് താരങ്ങളായ മറ്റ് രണ്ടുപേര്‍. വഴിത്തല സ്വദേശിയായ എബിന്റെ അച്ഛനും അമ്മയും കൃഷിക്കാരാണ്. ചേട്ടന്മാരായ ബിനീഷും, ബിബിനും ഗള്‍ഫിലാണ്. 80 സെന്‍റ് സ്ഥലത്ത് ആകെയുള്ളത് 12 തെങ്ങ്. അതില്‍ കയറി തേങ്ങയിടാനും പഠനംകഴിഞ്ഞ് കിട്ടുന്ന സമയത്ത് തെങ്ങുകയറ്റം ഒരു വരുമാനമാക്കാനുമാണ് എബിന്റെ തീരുമാനം.

അടിമാലി കുഞ്ചിത്തണ്ണി സ്വദേശിയായ സിയാദ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത് പള്ളിവാസല്‍ പഞ്ചായത്തിലുള്ളവരെ തെങ്ങുകയറ്റം പഠിപ്പിക്കാന്‍ കൂടിയാണ്.

പരിശീലന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കോക്കനട്ട് ഒളിമ്പിക്‌സും വേറിട്ട അനുഭവമായി. ഇടുക്കി ജില്ലയില്‍ ആദ്യമായി നടന്ന ആറു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 22 പേരാണ് ഒളിമ്പിക്‌സില്‍ മത്സരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതായിരുന്നു മത്സരം. അബ്ദുള്‍റസാക്, സിജോ മാത്യു, ബാബുമോന്‍ എന്നിവര്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടി.

കോഴിക്കോട് സ്വദേശികളായ, തെങ്ങുകയറ്റത്തില്‍ എട്ടുവര്‍ഷത്തെ പരിചയമുള്ള ബിജു മാത്യുവും, രതീഷും പരിശീലകരായി. ഗാന്ധിജി സ്റ്റഡിസെന്‍റര്‍ പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ വി.ജെ.ജോര്‍ജ്, തൃശ്ശൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍നിന്നുള്ള ആശിഷ് എസ്.എസ്. എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വംനല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.