ഇന്ത്യയ്‌ക്കെതിരായ ഒന്നാംക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ്. മഴയും വെയിലും പോലെ ഭാഗ്യ,നിര്‍ഭാഗ്യങ്ങള്‍ മാറിമാറി തെളിഞ്ഞ പകലില്‍ പലപ്പോഴും തകര്‍ച്ചയിലേയ്ക്ക് വഴുതിവീണ ആതിഥേയരെ ഒരു പരിധിവരെ തുണച്ചത് അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഓപ്പണര്‍ എഡ് കോവന്റെയും മുന്‍നായകന്‍ റിക്കി പോണ്ടിങ്ങിന്റെയും അര്‍ധസെഞ്ച്വറികളാണ്.
കോവന്‍ 177 പന്തില്‍ നിന്ന് 68 ഉം പോണ്ടിങ് 94 പന്തില്‍ നിന്ന് 62 ഉം റണ്‍സെടുത്തു. രണ്ടിന് 46 എന്ന സ്‌കോറില്‍ പതിയ ഓസീസിനെ ആദ്യം കരകയറ്റിയത് മൂന്നാം വിക്കറ്റിലെ 113 റണ്‍സിന്റെ ഇവരുടെ കൂട്ടുകെട്ടാണ്. സഹീര്‍ ഖാന് മുന്നില്‍ ഒരിക്കല്‍ക്കൂടി തളര്‍ന്നുപോയ ഓസീസ് ബാറ്റിങ്‌നിരയുടെ ഇപ്പോഴത്തെ പ്രതീക്ഷ ക്രീസിലുള്ള ബ്രാഡ് ഹാഡിനിലും (21) പീറ്റര്‍ സിഡിലിലുമാണ് (34). 63 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട് ഇരുവരും ചേര്‍ന്ന് ഇതുവരെ.
ഡേവിഡ് വാര്‍ണര്‍ (37), ഷോണ്‍ മാഷ് (0), മൈക്കല്‍ ക്ലാര്‍ക്ക് (31), മൈക്ക് ഹസ്സി (0) എന്നിവരുടേതാണ് ഇന്നു വീണ മറ്റ് ഓസീസ് വിക്കറ്റുകള്‍. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടിന് 68 എന്ന നിലയിലായിരുന്നു ആതിഥേയര്‍.
ഇന്ത്യയ്ക്കുവേണ്ടി ഉമേഷ് യാദവ് മൂന്നും സഹീര്‍ ഖാന്‍ രണ്ടും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ്‌നിരയുടെ രക്ഷകനായിക്കൊണ്ടിരുന്ന കോവന്റെ വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 67.1 ഓവറില്‍ ധോനിയാണ് ക്യാച്ചെടുത്തത്. കോവനൊപ്പം അപകടകരമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ പോണ്ടിനെ യാദവാണ് മടക്കിയത്. ലക്ഷ്മണിനായിരുന്നു ക്യാച്ച്. മൈക്കല്‍ ക്ലാര്‍ക്കിനെയും ഹസ്സിയെയും സഹീര്‍ ഖാന്‍ മടക്കി. മൂന്ന് ക്യാച്ചാണ് ക്യാപ്റ്റന്‍ ധോനി എടുത്തത്.
24-ാം ഓവറില്‍ ഓസീസ് സ്‌കോര്‍ രണ്ടിന് 68 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ പെയ്തത് ചെറിയ തോതില്‍ ആശങ്ക പരത്തിയെങ്കിലും പിന്നീട് വലിയ ഭീഷണിയായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല